Fri. Apr 26th, 2024

ഇന്ത്യൻ ക്രിക്കറ്റ് ഭൂമികയിൽ നാളുകൾ കഴിയവേ മുറുകി വരുകയാണ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള ചർച്ചകൾ. ലോകകപ്പിൽ ന്യൂസ്‌ലാൻഡിനെതിരെ ഇന്ത്യ സെമിയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് ചര്‍ച്ചകൾക്ക് ആക്കം കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇതിഹാസ താരങ്ങളും മുൻ നായകൻമാരുമായിരുന്ന സുനില്‍ ഗവാസ്കറും, സൗരവ് ഗാംഗുലിയും കൂടി പരോക്ഷമായും പ്രത്യക്ഷമായും ധോണി വിരമിക്കേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു. അതേസമയം, ഈ ചര്‍ച്ചകളില്‍ ധോണിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്, മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.

‘ധോണിയോട് ഇപ്പോള്‍ കാണിക്കുന്നത് അനീതിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അമൂല്യങ്ങളായ സംഭാവനകള്‍ കാഴ്ചവച്ച, മികച്ച ഇന്ത്യന്‍ നായകനായ അദ്ദേഹത്തോട് ഇങ്ങനെ പെരുമാറരുത്. ക്രിക്കറ്റില്‍ നിന്നും പുറത്ത് പോകണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് അതിന്റേതായ സമയം നൽകണം. കളി തുടരാനാണ് തീരുമാനമെങ്കില്‍ അതിനെ മാനിച്ചേ പറ്റൂ. ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ച ഒരു താരമല്ല എം.എസ് ധോണി. സാവധാനം വളര്‍ന്നു വിജയങ്ങൾ കൊയ്ത അദ്ദേഹം പടിയിറങ്ങണമെങ്കിലും സമയം നല്‍കണം.’ യുവരാജ് പറഞ്ഞു.

കൂട്ടത്തിൽ, യുവതാരം റിഷഭ് പന്തിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും യുവി പ്രതികരിച്ചു. ‘പന്തിനെ മഹേന്ദ്ര സിങ് ധോണിയെപ്പോലൊരു കളിക്കാരനുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. പിന്നെ, ഓരോ താരത്തിന്റെയും സ്വഭാവത്തിനനുസരിച്ചു വേണം അവരെ പരിശീലിപ്പിക്കാന്‍. റിഷഭ് പന്തിനെ പ്രതികരണങ്ങളിലൂടെ ഇങ്ങനെ തളർത്താൻ ആരംഭിച്ചാല്‍ അദ്ദേഹത്തിനുള്ളിലെ മികച്ച താരത്തെ ഒരിക്കലും പുറത്തെടുക്കാനാകില്ല.’

Leave a Reply

Your email address will not be published. Required fields are marked *