മതസൗഹാർദമാണ് കേരളത്തിന്റെ തനിമയും സൗന്ദര്യവുമെന്ന് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. പരസ്പരം സനേഹത്തോടെ ഇടപഴകുന്ന നാടാണ് കേരളം. കേരളത്തിന്റെ രാഷ്ട്രീയ പരമായ പ്രത്യേകതകള്‍ എന്താണെന്നും എന്ത് കൊണ്ടാണ് ഇവിടം മോദി-ഫൈഡ് ആവാത്തതെന്നുമുള്ള മോഡറേറ്റര്‍ നമ്രത സക്കറിയയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
‘കേരളത്തിന്റെ സൗന്ദര്യം അതാണ്. നിങ്ങള്‍ക്ക് ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും എല്ലാം വെറും പത്ത് മീറ്റര്‍ അകലത്തില്‍ തന്നെ കാണാനായെന്നു വരും. അവയൊക്കെ പ്രശ്‌നങ്ങളൊന്നുമില്ലാതെ സമാധാനത്തോടെ, നിലനില്‍ക്കുന്നു. പ്രശ്‌നങ്ങളൊന്നും അവിടെയില്ല. ലോകം മുഴുവനും വിഘടിച്ചുകൊണ്ടിരിക്കുമ്പോള്‍, മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സമാധാനത്തോടെയുള്ള സഹജീവനത്തിന് കഴിയുന്ന മേഖലയ്‌ക്ക് ഉദാഹരണമാണ് കേരളം,’ മലയാളി വംശജൻ കൂടിയായ ബോളിവുഡ് താരം ജോണ്‍ എബ്രഹാം പറഞ്ഞു.
‘ദി ഗോഡ് ഹു ലവ്ഡ് മോട്ടോര്‍ബൈക്ക്‌സ്’ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോൻ എഴുതിയ ആദ്യ നോവലിന്റെ മുംബൈയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിനിടെയാണ് ജോണ്‍, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം മോദി ഭരണത്തിന് വിലങ്ങു തടിയാവുന്നതിനെക്കുറിച്ച് പരോക്ഷമായി വാചാലനായത്.
ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോ മരിച്ച കാലത്ത് കേരളത്തില്‍ എത്തിയപ്പോൾ കാസ്‌ട്രോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുള്ള പോസ്റ്ററുകളും ഹോര്‍ഡിംഗുകളും വളരെയധികം കേരളത്തിന്റെ പൊതു നിരത്തുകളിൽ കണ്ടു വെന്നും, അത്തരത്തില്‍ കേരളം ശരിക്കും കമ്യൂണിസ്റ്റ് ആണെന്നും എബ്രഹാം അഭിപ്രായപ്പെട്ടു.
മലയാളിയായ തന്റെ അച്ഛന്‍ വഴി കുറേയേറെ മാര്‍ക്‌സിസ്റ്റ് സംഗതികള്‍ വായിച്ചിട്ടുണ്ട്. മലയാളികളില്‍ ഒരുപാട് പേർ ഒരു ഇടതുപക്ഷ സമീപനമുള്ളവരാണ്. നമ്മളെല്ലാം വിശ്വസിക്കുന്ന സമത്വപൂര്‍വ്വമുള്ള ജീവിതത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലുമാണെങ്കിൽ അതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും ജോൺ എബ്രഹാം പറഞ്ഞു.