Mon. Dec 23rd, 2024

ഒരു ഫിലിം മേക്കർ എന്ന നിലയിൽ അഭിമാനകരമായ നേട്ടത്തിനർഹനായിരിക്കുകയാണ് മലയാള സംവിധായകൻ ബിജുകുമാർ ദാമോദരൻ. വളരെ പ്രമുഖനല്ലെങ്കിലും ചെയ്ത സിനിമകളുടെ മൂല്യം പരിഗണിച്ചു സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ ഫിലിം ആർകേവിൽ അദ്ദേഹം സംവിധാനം ചെയ്ത മുഴുവൻ ചിത്രങ്ങളും ഇനി മുതൽ സംരക്ഷിച്ചേക്കും. പ്രവർത്തന മേഖലയിൽ നിന്ന് തന്നെ ലഭിക്കുന്ന പൊൻതൂവലായ ഈ അംഗീകാരത്തിൽ സന്തോഷമറിയിച്ചു കൊണ്ട് ബിജുകുമാർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

“സിംഗപ്പൂരിലെ പ്രശസ്തമായ ഏഷ്യൻ ഫിലിം ആർകേവ് ഞാൻ സംവിധാനം ചെയ്ത എല്ലാ സിനിമകളും ഡിജിറ്റൽ ആർകേവ് ചെയ്ത് സംരക്ഷിക്കുന്നു. ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരം ആയ ഒന്ന്,” ബിജുകുമാർ കുറിച്ചു.

ചരിത്രത്തിലാദ്യമായാണ് സിംഗപ്പൂർ ഏഷ്യൻ ഫിലിം ആർകേവിൽ ഒരു സൗത്ത് ഇന്ത്യൻ സംവിധായകന്റെ സിനിമകൾ പ്രിസർവ് ചെയ്യുന്നത്. കലാപരവും സാംസ്കാരികവും ചരിത്രപരവുമായ നിലയിൽ അന്തർദേശീയ ശ്രദ്ധ നേടിയ സൗത്ത് ഏഷ്യൻ ചലച്ചിത്രകാരന്മാരുടെ സിനിമകളാണ് ഏഷ്യൻ ഫിലിം ആർകേവിൽ സംരക്ഷിക്കുന്നത്. രാജ്യാന്തര യൂണിവേഴ്‌സിറ്റികൾ, ലൈബ്രറികൾ മുതലായ ഇടങ്ങളിൽ അക്കാദമിക് ആവശ്യങ്ങൾക്കും റെഫറൻസിനും നിരൂപണങ്ങൾക്കും പഠനങ്ങൾക്കുമായാണ് സിനിമകൾ ആർക്കീവ് ചെയ്തു സൂക്ഷിക്കുന്നത്.

2005ലാണ് സിംഗപ്പൂരിലെ ഏഷ്യൻ ഫിലിം ആർക്കേവ് സ്ഥാപിച്ചത്. ഏഷ്യൻ സിനിമകളുടെ പാരമ്പര്യം സൂക്ഷിച്ചു വരുന്ന ഫിലിം ആർക്കേവ് നാളിതുവരെ 2000ലധികം പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമ സാക്ഷരതയെ പ്രോത്സാഹിപ്പിക്കുക, പുതുമയുള്ള പ്രേക്ഷകരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ആർക്കെയ്‌വിന്റെ മുന്നോട്ട് പോക്ക്.

വരുന്ന സെപ്റ്റംബർ 28 വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് പോണ്ടിച്ചേരി ഫിലിം ഫെസ്റ്റിവലിലും ബിജുകുമാർ ദാമോദരന്റെ ‘പെയിന്റിംഗ് ലൈഫ്’ എന്ന ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *