കാക്കനാട്:
മാസം 22,000 രൂപ പെൻഷൻ ലഭിക്കുന്ന അമ്മയുടെ എ ടി എം കാർഡ് കൈക്കലാക്കി അമ്മയെ വൃദ്ധസദനത്തിലാക്കിയ മകനെ വനിതാ കമ്മീഷൻ വിളിച്ചു വരുത്തി. കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ ഹാജരായ മകൻ എ ടി എം കാർഡ് കമ്മീഷനിൽ ഏൽപ്പിച്ചു. ഇത് അമ്മയെ തിരികെ ഏൽപിക്കുമെന്നും സംരക്ഷിക്കാൻ തയ്യാറായ മറ്റ് മക്കളോടൊപ്പം സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജി പറഞ്ഞു. എറണാകുളം സ്വദേശിയായ അമ്മ ഇപ്പോൾ തൃശൂരിലെ വൃദ്ധസദനത്തിലാണുള്ളത്. ഇവർക്ക് മൂന്നു മക്കളുണ്ട്. മറ്റ് മക്കൾ അമ്മയെ സംരക്ഷിക്കാൻ തയാറായി വന്നിട്ടുണ്ടെന്നും ഷിജി അറിയിച്ചു.
രണ്ട് വിവാഹം കഴിച്ച പോലീസുകാരനിൽ നിന്നും ജീവനാംശം വേണമെന്നാവശ്യപ്പെട്ട് ആദ്യ ഭാര്യ കമ്മീഷനു നൽകിയ പരാതിയും ഇന്നലെ പരിഗണിച്ചു. ജോലിയിൽ നിന്നും വിരമിച്ച ഇയാൾക്ക് പെൻഷനായ 11,000 രൂപയാണ് വരുമാനം. നിയമം അറിയാവുന്ന നിയമപാലകരിൽ നിന്നും ഇത്തരം സമീപനങ്ങളുണ്ടാകുന്നത് തെറ്റാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വഴി തർക്കങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവയും കമ്മീഷനു മുമ്പാകെ വന്നു.
ആകെ 89 പരാതികൾ പരിഗണിച്ചു. 17 എണ്ണം തീർപ്പാക്കി. അഞ്ചെണ്ണം റിപ്പോർട്ടിലേക്കായി അയച്ചു. 67 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ഡയറക്ടർ വി യു കുര്യാക്കോസ്, അഭിഭാഷകരായ ആനി പോൾ, സ്മിത ഗോപി , പി യമുന, എ ഇ അലിയാർ, കദീജ റിഷഫത് എന്നിവർ പങ്കെടുത്തു.