Mon. Dec 23rd, 2024
തിരുവനന്തപുരം:

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് മത്സരിക്കും. പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സിപിഎം തിരുവനന്തപുരം ജില്ലാകമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എ വിജയ രാഘവനാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ഔദ്യോഗികമായി അറിയിച്ചത്.

സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്ത ശേഷം നാളെത്തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സീറ്റ് നിലവില്‍ സിപിഎമ്മിനുള്ളതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ തുടക്കത്തില്‍ വലിയ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം സെക്രട്ടറിയേറ്റംഗങ്ങളും, ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും മേയര്‍ വി കെ പ്രശാന്തിന്റെ പേരു തന്നെയാണ് മുന്നോട്ടു വെച്ചത്. സംസ്ഥാന നേതൃത്വത്തിനും പ്രശാന്തിനോട് തന്നെയായിരുന്നു താല്പര്യം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരുന്ന പട്ടികയിലും ഒന്നാമത്തെ പേര് വി കെ പ്രശാന്തിന്റേതു തന്നെയായിരുന്നു.

തിരുവനന്തപുരം മേയര്‍ എന്ന നിലയില്‍ കാഴ്ചവെച്ച മികച്ച പ്രകടനവും പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി നടത്തിയ സഹായ പ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത വി കെ പ്രശാന്തിനുണ്ടാക്കിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഇതെല്ലാം തെരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടാകും എന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് ഒഴുകിയ വട്ടിയൂര്‍ക്കാവിലെ യുവ വോട്ടുകള്‍ തിരികെയെത്തിക്കാന്‍ പ്രശാന്തിനു കഴിയുമെന്നും സിപിഎം നേതൃത്വം കണക്കു കൂട്ടുന്നു.

പ്രശാന്തിന്റെ പേരു കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന്റെ പേരും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുന്നോട്ട് വെച്ച കെ എസ് സുനില്‍കുമാറിന്റെ പേരും ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നല്‍കിയ പട്ടികയിലുണ്ടായിരുന്നു.

അതേസമയം വട്ടിയൂര്‍ക്കാവിലെ സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുക്കാതെ ഒരു പരീക്ഷണം എന്ന നിലയില്‍ പ്രശാന്തിനെ കളത്തിലിറക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പൊതുവെ സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്നതിനു വിരുദ്ധമായ തീരുമാനമെടുക്കുന്ന രീതി സിപിഎമ്മില്‍ പതിവില്ല. അതുകൊണ്ടു തന്നെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരേണ്ടതുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

കഴക്കൂട്ടം സ്വദേശിയായ വി കെ പ്രശാന്ത് 2015ലാണ് തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തലസ്ഥാന നഗരത്തിലെ ഏറ്റവും പ്രധാന വിഷയമായിരുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുത്തന്‍ പദ്ധതികള്‍ ഫലം കണ്ടതോടെതന്നെ മേയര്‍ തലസ്ഥാനവാസികളുടെ പ്രിയങ്കരനായി മാറി. യുവ നേതാവെന്ന നിലയില്‍ ചുറുചുറുക്കോടെ നഗരത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. ഇത്തവണ പ്രളയമുണ്ടായപ്പോള്‍ മലബാറിലെ ജനങ്ങള്‍ക്കായി നടത്തിയ സഹായപ്രവര്‍ത്തനങ്ങള്‍ കൂടി ആയതോടെ യുവാക്കള്‍ക്കിടയില്‍ മേയര്‍ താരമായി. കേരളത്തിലെ മുഴുവന്‍ യുവജനങ്ങളുടെയും അഭിനന്ദനങ്ങള്‍ നേടിയ പ്രശാന്ത് വലിയ പ്രതീക്ഷയുള്ള നേതാവായി മാറുകയും ചെയ്തു. രാഷ്ട്രീയത്തിനപ്പുറമുള്ള ഈ സ്വീകാര്യതയാണ് വി കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തിച്ചത്.

പഠനകാലത്ത് എസ്എഫ്‌ഐയിലൂടെയാണ് പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. ലോ അക്കാദമിയിലെ പഠന കാലത്ത് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമായും എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മാഗസിന്‍ എഡിറ്ററായും കോളേജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

കഴക്കൂട്ടം വാര്‍ഡില്‍ നിന്നും 3272 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വി കെ പ്രശാന്ത് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച കോര്‍പ്പറേഷനില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചു വന്ന പ്രശാന്ത് തന്നെ മേയറായും തെരഞ്ഞെടുക്കപ്പെട്ടു.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ ഒഴിഞ്ഞിട്ടു പോയ സീറ്റാണ് ഇടതുമുന്നണിക്കു വേണ്ടി വി കെ പ്രശാന്തിന് പിടിച്ചെടുക്കാനുള്ളത്. ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ വോട്ടു നില വര്‍ധിച്ചു വരുന്നതും നിസാരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരത്തിനാകും വട്ടിയൂര്‍ക്കാവ് വേദിയാവുക.

 

വി കെ പ്രശാന്തിന്റെ പ്രതികരണം

 

നിലവിലെ വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയം ഇടതു പക്ഷത്തിന് അനുകൂലമാണെന്നും വട്ടിയൂര്‍ക്കാവ് മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷയെന്നും വി കെ പ്രശാന്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥി ആരായാലും വിജയം ഉറപ്പാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ഘട്ട പ്രചരണങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജാതി സമവാക്യങ്ങള്‍ എന്നതെല്ലാം പഴയകാല ചിന്തയാണ്. ഇതൊന്നും വട്ടിയൂര്‍ക്കാവില്‍ പ്രതിഫലിക്കാന്‍ സാധ്യതയില്ലെന്നും മേയര്‍ ബ്രോ മാധ്യമങ്ങളോടു പറഞ്ഞു. യുവാക്കളുടെ വലിയ നിര തന്നെ വട്ടിയൂര്‍ക്കാവിലുണ്ട്. അതുകൊണ്ടുതന്നെയാകണം യുവജന പ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി പരിഗണിച്ചതെന്നും പ്രശാന്ത് പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെല്ലാം നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന ശേഷം നല്‍കാമെന്നും മേയര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *