Wed. Nov 6th, 2024
#ദിനസരികള്‍ 890

 

നീ പ്രണയത്തെക്കുറിച്ച് എഴുതുകയാവും

അല്ലെങ്കില്‍ അതിനുമുമ്പും പിമ്പുമുള്ള

മഹാശൂന്യതയെക്കുറിച്ച്

അവര്‍ നിന്റെ കടലാസു പിടിച്ചു വാങ്ങി

തുണ്ടുതുണ്ടാക്കി പറയും:-

ഇത് രാജ്യദ്രോഹമാണ്

നീ ജിവിക്കാന്‍ അര്‍ഹനല്ല

നീ നിന്റെ കാന്‍വാസില്‍ നിന്നെത്തന്നെ

വിസ്മയിപ്പിച്ച് വിരിയുന്ന ആകാരങ്ങളില്‍ മുഴുകി

വര്‍ണ്ണങ്ങളെ ധ്യാനിക്കുകയായിരിക്കും

അവര്‍ നിന്റെ കാന്‍വാസിന് തീകൊളുത്തി

വിധിക്കും ഇത് അശ്ലീലമാണ്

നീ ജിവിക്കാന്‍ അര്‍ഹനല്ല – സച്ചിദാനന്ദന്‍, അവര്‍ എന്ന കവിതയില്‍ എഴുതിയ വരികളാണ് മുകളില്‍ ഉദ്ധരിച്ചത്. ബുദ്ധകഥകള്‍ പറയുന്ന അരുവിയും ഇളംകാറ്റുമൊത്ത് പാട്ടുകള്‍ പാടുന്ന, കണ്ടതു കണ്ടതുപോലെ പറയാന്‍ ശ്രമിക്കുന്ന നിങ്ങളെ തടയാന്‍ അവരെത്തും. അവര്‍ അരുതെന്ന കല്പന പുറപ്പെടുവിക്കും. നിങ്ങളെ അവരുടെ ഇഷ്ടത്തിനൊത്തെ പരുവപ്പെടുത്തിയെടുക്കും. ഇല്ലെങ്കില്‍ അവിടെ അവസാനിക്കുന്നു നിങ്ങളുടെ ജീവിതം. ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:-

അവര്‍ മറ്റാരുമാവില്ല

നിന്റെ സുഹൃത്ത്

സഹവിദ്യാര്‍ത്ഥി

നിന്റെ ബന്ധു

അയല്‍ക്കാരന്‍, പ്രണയി

നിന്റെ സ്വന്തം സഹോദരന്‍

അഥവാ ആര്‍ക്കറിയാം, ആര്‍ക്കറിയാം

ഒരു പക്ഷേ നീതന്നെ!

ആരൊക്കെയാണ് ആ അവരില്‍ പെടുന്നതെന്ന് തിരിച്ചറിയാനാകാത്ത വര്‍ത്തമാനകാലത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് ഈ കവിത ആശ്ചര്യമായെങ്കിലേ അത്ഭുതത്തിന് അവകാശമുള്ളു.

ഒരു കഠാരമുന നെഞ്ചു പിളര്‍ന്നു താഴുമ്പോഴാണ് സഹോദരാ അത് നീയായിരുന്നുവോ എന്ന് നാം തിരിച്ചറിയുക. അപ്പോഴേക്കും മരിക്കാന്‍ കിടന്നു കൊടുക്കുക എന്നതല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നും ചെയ്യേണ്ടി വരാത്ത വിധത്തില്‍ മൂര്‍ച്ചകള്‍ തറയേണ്ടിടങ്ങളില്‍ ആഞ്ഞുതറഞ്ഞിട്ടുണ്ടാകും. ചോര ഒഴുകിയൊഴുകി ഒരു കവിത എഴുതിയിട്ടുണ്ടാകും. ഇങ്ങനെ:-
തോറ്റു കൊടുക്കുമ്പോഴും
നെഞ്ച് വിരിഞ്ഞുതന്നെ
താണുകൊടുക്കുമ്പോഴും
തല ഉയര്‍ന്നു തന്നെ
വിട്ടുകൊടുക്കുമ്പോഴും
നട്ടെല്ല് ഉയര്‍ന്നു തന്നെ
പരാജയമല്ലോ
നിന്നെ
പെരുമാളാക്കുന്നു – എന്ന് സോമന്‍ കടലൂര്‍ ആ കവിതയെ വായിച്ചെടുക്കുന്നു.

അതുകൊണ്ട് ഒരു കത്തിമുനയുമായി ഇരുള്‍ നദി നീന്തി കടന്നു വരുന്ന സഹോദരനെ കാത്തിരിക്കുന്ന പോരാളിയാണ് നാം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *