Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

മരടിലെ നിയമം ലംഘിച്ചു നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് കേരള സര്‍ക്കാര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ടു നല്‍കണമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ നടപടികളും കോടതിയുടെ വിമര്‍ശനത്തിനിടയാക്കി.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറി ടോംജോസിനെയാണ് കോടതി അന്വേഷിച്ചത്. തുടര്‍ന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും രവീന്ദ്രഭട്ടും അടങ്ങിയ ബെഞ്ചിന് മുന്‍പാകെ ടോം ജോസ് ഹാജരായി. ബെഞ്ചിനു മുന്നിലേക്കു വന്ന ടോം ജോസിനോട് ഫ്‌ളാറ്റ് എന്നു പൊളിക്കും എന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ആദ്യം തന്നെ ചോദിച്ചത്. മരടിലെ കായല്‍ തീരം കൈയ്യേറി നിര്‍മിച്ച അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് കഴിഞ്ഞ മെയ് എട്ടിന് പുറപ്പെടുവിച്ച കോടതി വിധി നടപ്പിലാക്കാത്തതിലുള്ള അസംതൃപ്തിയും ജഡ്ജിമാര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

 

അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ എന്തു നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കായല്‍ തീരത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെയല്ലേ ആദ്യം ബാധിക്കുക എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. കേരളത്തില്‍ പ്രളയത്തില്‍പെട്ട് എത്രപേര്‍ മരിച്ചെന്നും വീട് നഷ്ടപ്പെട്ടവര്‍ക്കെല്ലാം വീടുനിര്‍മിച്ചു നല്‍കുന്നത് പൂര്‍ത്തിയായോ എന്നും കോടതി ചോദിച്ചു.

പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ ഇനി അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ മുഴുവന്‍ തീരദേശ ലംഘനങ്ങളും പരിശോധിക്കേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

തീരദേശ പരിപാലന നിയമം ലംഘിച്ചു കൊണ്ട് സംസ്ഥാനത്തു നടക്കുന്ന എല്ലാ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ചീഫ് സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കും തന്നെയായിരിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

മരട് വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നിലവിലുള്ള സംവിധാനങ്ങളെയും ബദല്‍ മാര്‍ഗങ്ങളെയും കുറിച്ച് പഠിച്ചതിനു ശേഷം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ് എന്നായിരുന്നു സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. സത്യവാങ്മൂലം സമര്‍പ്പിച്ച രീതിയില്‍ നിന്നും സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം വ്യക്തമാകുന്നില്ല. പ്രതിഷേധാര്‍ഹമായ നിലപാടാണ് നിങ്ങളുടേതെന്നും, കൃത്യമായ നിയമ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ടോം ജോസിനോട് കോടതി പറഞ്ഞു.

തുടര്‍ന്ന് കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഹരീഷ് സാല്‍വേ വിഷയത്തില്‍ ഇടപെട്ടു. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഫ്‌ളാറ്റു പൊളിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച റിപ്പോര്‍ട്ടു നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. കൂടുതല്‍ ശക്തമായ നിലപാടുകളിലേക്ക് കോടതി നീങ്ങുമെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്.

സെപ്റ്റംബര്‍ 20ന് മുമ്പായി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയ ശേഷം സെപ്റ്റംബര്‍ 23ന് റിപ്പോര്‍ട്ടു നല്‍കണം എന്നാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. സെപ്റ്റംബര്‍ ആറിനാണ് സുപ്രീം കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്.

കോടതി നിയോഗിച്ചിരുന്ന മൂന്നംഗ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും നവീന്‍ സിന്‍ഹയും ഉള്‍പ്പെട്ട ബെഞ്ചാണ് കഴിഞ്ഞ മെയ് എട്ടിന് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന് ഉത്തരവിറക്കിയത്. തീരദേശ പരിപാലന നിയമപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിരോധനമുള്ള പ്രദേശത്താണ് ഫ്‌ളാറ്റു നിര്‍മിച്ചിട്ടുള്ളതെന്ന് കോടതി നിയോഗിച്ച കമ്മറ്റി കണ്ടെത്തിയിരുന്നു.

 

ചീഫ് സെക്രട്ടറിയെ ശകാരിച്ചത് സര്‍ക്കാരിനും തിരിച്ചടി

കോടതി ഹാളില്‍ പിന്നിലായി നിന്നിരുന്ന ചീഫ് സെക്രട്ടറിയെ മുന്നിലേക്ക് വിളിച്ച് വരുത്തിയാണ് കോടതി ശാസിച്ചത്. ഫ്ളാറ്റുകള്‍ എപ്പോള്‍ പൊളിക്കും എന്ന കാര്യം സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ താല്പര്യമില്ലെന്ന് കുറ്റപ്പെടുത്തിയ ജസ്റ്റിസ് അരുണ്‍ മിശ്രസ സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വെ അഭിഭാഷകനായി എത്തിയിട്ടു പോലും ചീഫ് സെക്രട്ടറിക്ക് കോടതിയുടെ ശകാരം കേള്‍ക്കേണ്ടി വന്നു എന്നത് മരട് ഫ്‌ളാറ്റു കേസില്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ആദ്യം അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ തുഷാര്‍ മേത്തക്കു വേണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കേസ് ഏറ്റെടുത്തില്ല. തുടര്‍ന്നാണ് ഹരീഷ് സാല്‍വെ രംഗത്തെത്തുന്നത്. ഇന്ന് കേസ് പരിഗണിക്കവെ ഹരീഷ് സാല്‍വെ തന്റെ വാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും കോടതി വാദിക്കാന്‍ സമയം നല്‍കിയില്ലെന്നാണ് സൂചന. കേസിന്റെ മുഴുവന്‍ വിശദാംശങ്ങളും താങ്കള്‍ക്കറിയില്ല എന്നായിരുന്നു ബെഞ്ച് പറഞ്ഞത്. ചുരുക്കത്തില്‍ ഈ കേസുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്ന അനാസ്ഥയില്‍ വലിയ അതൃപ്തിയാണ് കോടതിക്കുള്ളത്.

എറണാകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മരടു ഫ്‌ളാറ്റു വിഷയത്തില്‍ സുപ്രീം കോടതിയിലുണ്ടാകുന്ന തിരിച്ചടികള്‍ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും വലിയ ക്ഷീണമുണ്ടാക്കും.

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും നിയമപോരാട്ടം നടത്തുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൊച്ചിയിലെത്തി ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന നിലപാടാണ് ആദ്യം മുതല്‍ തന്നെ സിപിഐക്കുള്ളത്.

ഇന്ന് സുപ്രീം കോടതിയിലുണ്ടായ നാടകീയ രംഗങ്ങള്‍ കൂടിയാകുമ്പോള്‍ സര്‍ക്കാരിനും ഇനിയങ്ങോട്ട് വലിയ പ്രതീക്ഷകളില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടു തന്നെ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ നിന്നു വരുന്ന ഉത്തരവ് ഭരണപരമായും രാഷ്ട്രീയമായും എല്‍ഡിഎഫ് സര്‍ക്കാരിന് ഏറെ നിര്‍ണായകമണ്. കോടതി ഇന്നു വാക്കാല്‍ സൂചന നല്‍കിയതനുസരിച്ച് കേരളത്തിലെ മൊത്തം നിയമലംഘനങ്ങള്‍ പരിശോധിക്കാനുള്ള നിര്‍ദേശം കൂടി സുപ്രീംകോടതി മുന്നോട്ടു വെച്ചാല്‍ അതും സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *