Mon. Dec 23rd, 2024
ന്യൂഡൽഹി :

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പി ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും തിഹാർ ജയിലിലെത്തി സന്ദർശിച്ചു. മുൻ ധനമന്ത്രിയായിരുന്ന പി ചിദംബരം ഐ എൻ എക്സ് മീഡിയക്കേസിലും ഡി കെ ശിവകുമാ‌ർ കള്ളപ്പണക്കേസിലുമായി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്.

ഐ എന്‍ എക്സ് മീഡിയ കേസിൽ സെപ്തംബർ 5 മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. സെപ്തംബർ 19നാണ് കള്ളപ്പണ കേസിൽ കർണാടക നേതാവ് ഡി കെ ശിവകുമാറിനെയും തീഹാറിലേക്ക് കൊണ്ടുവന്നത്. ഇതിൽ, ചിദംബരത്തിന്‍റെ കസ്റ്റഡി അടുത്ത മാസം മൂന്ന് വരെ നീട്ടിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും മുൻ ധനമന്ത്രിയെ കാണാൻ തിഹാർ ജയിലിലെത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരം ജയിൽ സന്ദർശനത്തിനെത്തിയ ചില മുതിർന്ന നേതാക്കളെ ജയിലധികൃതർ പലതവണ തിരികെ അയച്ചു. ഇതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും നേരിട്ട് തീഹാർ ജയിലിൽ എത്തിയത്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ഒപ്പം ഉണ്ടായിരുന്നു.
ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മുതിർന്ന നേതാക്കളെ മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് കോൺഗ്രസിന്റെ നിലപാട്.

മൻമോഹനും സോണിയയും ജയിലിലെത്തി സന്ദർശിച്ചത് രാഷ്ട്രീയപോരാട്ടത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് വിഷയത്തിൽ കാർത്തി ചിദംബരം പ്രതികരിച്ചു.

ഐ എൻ എക്സ് മീഡിയ എന്ന മാധ്യമ കമ്പനിയിൽ നിന്നും പ്രതിഫലമായി കോഴപ്പണവും പദവികളും നേടിയെടുത്ത്, നിയവിരുദ്ധമായി അധികമായ വിദേശഫണ്ട് സ്വീകരിക്കാൻ കമ്പനിക്ക് വഴിയൊരുക്കിയതിന് അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇടപാട് സുഗമമാക്കാൻ ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും മറ്റു പല വഴിവിട്ട സഹായങ്ങളും നൽകിയതിനു പിന്നിൽ, പി ചിദംബരമാണെന്നുമാണ് കേസ്, അതേസമയം, ആരോപണങ്ങളെയെല്ലാം ചിദംബരം നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *