എറണാകുളം :
അറബിക്കടലില്‍ രൂപപ്പെടുന്ന തീവ്രന്യൂനമർദ്ദം ശക്തമായ ചുഴലിക്കാറ്റായി പരിണമിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത് തീരത്തിന് മുകളിലായാണ് തീവ്ര ന്യൂനമര്‍ദം രൂപംകൊണ്ടിരിക്കുന്നത്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി മാറുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ഹൈക്ക എന്നാണ് വരാനിരിക്കുന്ന ചുഴലിക്കാറ്റിനു പേരായിരിക്കുന്നത്.
വെരാവല്‍ തീരത്തിന്റെ (ഗുജറാത്ത്) തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 150 കിലോമീറ്റര്‍ മാറിയും, കറാച്ചിയുടെ (പാകിസ്ഥാന്‍) തെക്ക്- തെക്ക് കിഴക്കു 610 കിലോമീറ്റര്‍ മാറിയും, ഒമാന്റെ കിഴക്ക്, തെക്കുകിഴക്കായി 1220 കിലോമീറ്റര്‍ മാറിയുമാണ് നിലവില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.
പൂർണമായും ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം സെപ്റ്റംബർ 25 അതിരാവിലെ, ഒമാന്റെ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് തീരത്തേക്ക് അടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. നിലവിൽ, കേരള തീരത്ത് മീൻപിടുത്തക്കാർ കടലിൽ പോകുന്നതിന് തടസ്സമില്ല.
അതേസമയം, അടുത്ത 48 മണിക്കൂറില്‍ വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം, വടക്കുപടിഞ്ഞാറ് അറബിക്കടല്‍ തുടങ്ങിയ മേഖലകളിൽ മല്‍സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം നൽകപ്പെട്ടിട്ടുണ്ട്.