മണ്ണാർക്കാട്:
അട്ടപ്പാടി സൈലന്റ് വാലിയിൽ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർ, കോർ സോണുകൾ കേന്ദ്രീകരിച്ച് നടന്ന തുമ്പി സർവ്വേയിൽ 75 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ 8 ഇനം പുതിയതായി കണ്ടത്തിയതാണ്. ഇതോടെ ഈ മേഖലയിൽ ആകെ തുമ്പികളുടെ ഇനം 91 ആയി. 2018 ൽ നടന്ന സർവ്വേയിൽ 83 ഇനം തുമ്പികളെ കണ്ടെത്തിയിരുന്നു. എന്നാൽ തുടർച്ചയായ പ്രളയത്തെ തുടർന്ന് തുമ്പികളുടെ എണ്ണത്തിൽ കുറവ് വന്നതായി സർവ്വേ വിലയിരുത്തി.
തുമ്പികൾ പരിസ്ഥിതിയിലെ നല്ല ജൈവ സൂചകങ്ങളാണ് പുഴയുടെ ആവാസ വ്യവസ്ഥയെയും ജലത്തിന്റെ ശുദ്ധിയെയും കുറിച്ച് ധാരണ നൽകാൻ പല തുമ്പികളുടെയും സാന്നിദ്ധ്യം സഹായിക്കുന്നുണ്ട്.
തുമ്പി നിരീക്ഷകരായ സി സുശാന്ത്, രഞ്ജിത്ത് ജേക്കബ് മാത്യൂസ്, സുജിത്ത് വി ഗോപാലൻ, മുഹമ്മദ് ഷരീഫ് തുടങ്ങി 22 ഓളം വിദഗ്ദ്ധരും വനം വകുപ്പ് ഉദ്യോഗസ്ഥരും സർവ്വേയിൽ പങ്കെടുത്തു.