Mon. Dec 23rd, 2024
കൊച്ചി:

പാലാരിവട്ടത്തെ പാലം പണിയെയും മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശനത്തെയും ആക്ഷേപഹാസ്യമാക്കിയ റെസ്റ്റോറന്റിലെ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പു തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടർന്ന് പൊളിച്ചുമാറ്റാന്‍ വിധിക്കപ്പെട്ട നിര്‍മ്മാണമായിരുന്നു പാലാരിവട്ടം മേല്‍പ്പാലത്തിന്റേത്. പ്രമുഖരുൾപ്പെടെയുള്ളവർ വാങ്ങി താമസിച്ച ഫ്ലാറ്റുകൾ, തീരദേശ നിർമാണ ചട്ടം ലംഘിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത് എന്നതിനാൽ, പൊളിച്ചു മാറ്റാൻ സുപ്രീം കോടതി തന്നെ വിധിക്കുകയായിരുന്നു മരട് ഫ്ലാറ്റ് വിഷയത്തിൽ. അഴിമതികൾ നിറഞ്ഞു നിൽക്കുന്നതെന്ന് മനസ്സിലാക്കാവുന്ന ഈ രണ്ട് പ്രശനങ്ങളെയും പരോക്ഷമായി അപഹാസ്യമാക്കിയിരിക്കുകയാണ് തലശേരിയിലെ ‘ലാ ഫെയര്‍’ എന്ന ഭക്ഷണശാല.

പാലാരിവട്ടം പുട്ട്, മരട് നെയ്റോസ്റ്റ് എന്നിങ്ങനെ രണ്ട് പുതിയ വിഭവങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഇവിടെ. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ എന്നാണ് ഇതിൽ പാലാരിവട്ടം പുട്ടിന്റെയും പൊളിക്കാനായി പണിഞ്ഞത് എന്നാണ് മരട് ഫ്ളാറ്റിന്റെയും പരസ്യവാചകം. ഇരു പ്രശ്നങ്ങളുടെയും ഗൗരവം അറിയുന്നവരെ ആദ്യ കാഴ്ചയിൽ തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ പരസ്യവും പരസ്യ വാചകങ്ങളും സമൂഹമാധ്യമങ്ങളിൽ അതിവ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ്.

പാലാരിവട്ടം മേൽപ്പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലാണ്. ആവശ്യമായ തോതില്‍ സിമന്റും കമ്പിയും ചേര്‍ക്കാതിനെ തുടർന്നാണ് ഇത്തരമൊരു ദുർഗതി പാലത്തിനു വന്നിരിക്കുന്നതെന്ന് ആരോപണങ്ങൾ ഉയരുകയും വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തു വരികയാണ്.

തൊട്ടാല്‍ പൊളിയുന്ന പുട്ടില്‍ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിര്‍മ്മാണ വസ്തുകള്‍ ചേര്‍ക്കാതെയുള്ള അഴിമതി വല്ലതും നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കമന്റുകളും നിറയുകയാണ്.
നിരവധി പ്രമുഖരാണ് ഈ പരസ്യം ഷെയര്‍ ചെയ്തത്. തലശ്ശേരിക്കാരനായ സംവിധായകനും നടനുമായ വിനീത് ശ്രീനീവാസനും പരസ്യം ഷെയര്‍ ചെയ്തത് കൗതുകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *