Fri. Nov 22nd, 2024
#ദിനസരികള്‍ 886

 
“പശ്ചിമബംഗാളില്‍ സിപിഎം 1990 കളില്‍ എന്തായിരുന്നുവോ അതുപോലെയായിരിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി ഘടകം. അവസരവാദികള്‍ അത്തരമൊരു സംസ്കാരം ഇഷ്ടപ്പെടുകയും പാര്‍ട്ടിപ്രമാണിമാരെ സ്തുതിപാടി വേണ്ടതൊക്കെ നേടുകയും ചെയ്യുന്നു. ഇത്തരക്കാരാണ് കേരളത്തില്‍ ഇടതുപക്ഷം നേരിടുന്ന ഭീഷണി. അതുകൊണ്ടു തന്നെ പരിഹാരമാര്‍ഗ്ഗം അതിലളിതമാണ്. പാര്‍ട്ടിക്കകത്ത് ബൌദ്ധികവും നൈതികവുമായ അര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും തുറസ്സായ സംവാദങ്ങളെ ആഘോഷിക്കുകയും ചെയ്യുക” തന്റെ അസ്തിത്വ പ്രതിസന്ധി എന്ന ലേഖനത്തില്‍ സിക്കിം സര്‍വ്വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറായ വി. കൃഷ്ണ അനന്ത് എഴുതിയതാണ് മുകളിലുദ്ധരിച്ചത്. വളരെ രൂക്ഷമായ ഒരു വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. സംഘടനയുടെ ആഭ്യന്തര കെട്ടുറപ്പുകളെ പ്രതികൂലമായി ബാധിക്കുകയും കമ്യൂണിസ്റ്റ് വിരുദ്ധ സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആശയങ്ങളെന്നതിനെക്കാള്‍ വ്യക്തികള്‍ക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വാദമാണ് ഇടതു പരാജയങ്ങളുടെ അഥവാ ദൌര്‍ബല്യങ്ങളുടെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയങ്ങളുടെ പേരില്‍ അവസാനിച്ചു പോകുന്ന ഒന്നാണ് ഇന്ത്യയിലെ പ്രതിപക്ഷം എന്നല്ല മറിച്ച്, തെരഞ്ഞെടുപ്പ് പരാജയത്തെക്കാള്‍ ഭയക്കേണ്ടതും തിരുത്തേണ്ടതും ആഭ്യന്തരമായി അനുഭവിക്കുന്ന മൂല്യച്യുതിയെയാണ് എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. എകെജിയെ മുന്‍നിറുത്തി അദ്ദേഹം എഴുതുന്നത് നോക്കുക “എ കെ ഗോപാലന്റെ പല ഉത്കൃഷ്ടതകളിലൊന്ന് അദ്ദേഹത്തിന്റെ തുറസ്സായ പ്രകൃതമായിരുന്നു. മറ്റൊന്ന് സത്യസന്ധത. ജീവിതത്തിലുടനീളം അദ്ദേഹം എല്ലാ തരത്തിലുള്ള വിഭാഗീയതകളേയും എതിര്‍ത്തു പോരികയും ചെയ്തു.” ഈ മൂല്യബോധത്തിനാണ് പാര്‍ട്ടിക്കുള്ളില്‍ കോട്ടംതട്ടിയെന്ന് ലേഖകന്‍ കരുതുന്നത്.

വിഭാഗീയത ഒഴിഞ്ഞ് പാര്‍ട്ടി ഏറെക്കുറെ സ്വച്ഛമായ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിന് പൊതുതെരഞ്ഞെടുപ്പ് തിരിച്ചടിയാകുന്നത്. ബംഗാളും ത്രിപുരയും നല്കുന്ന നിരാശ കൂടിയായപ്പോള്‍ കേരളത്തിലെ പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ച തന്നെ എവിടെ തുടങ്ങണമെന്ന് അറിയാത്ത തരത്തിലുള്ള ഒരു തരം അങ്കലാപ്പിലാണ് ഇടതുബുദ്ധി ജീവികള്‍. ഈ പ്രസ്ഥാനം നിലനിന്നു പോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും അതിനാവശ്യമായ തരത്തില്‍ തുറന്നതും സത്യസന്ധവുമായ ചര്‍ച്ചകളും നടപടികളുമാണ് വേണ്ടതെങ്കിലും നവീകരണത്തിന്റേതായ ലക്ഷണങ്ങളൊന്നും ഇനിയും പ്രകടിപ്പിച്ചു തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. ലോകസഭയില്‍ ഇടതിന് ഒന്നും ചെയ്യാനില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് വിജയിക്കേണ്ടത് ആവശ്യമാണെന്നും ചിന്തിച്ച ഇടതു മനസ്സുകളുടെ തന്നെ പ്രതികരണമായിരുന്നു തിരഞ്ഞെടുപ്പ് ഫലമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് അത്രത്തോളം നിരാശപ്പെടേണ്ടിവരില്ലെന്നും കൃഷ്ണ അനന്തും സൂചിപ്പിച്ചു പോകുന്നുണ്ട്. എങ്കിലും മറ്റു ചിലതുകൂടി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

“ഇന്ത്യയില്‍ ഇടതുപക്ഷം പ്രതിസന്ധി നേരിടുകയാണെന്നതും അതൊരു അസ്തിത്വ പ്രതിസന്ധിയാണ് എന്നുമാണ് പറയാനുള്ളത്. ഒ വി വിജയനപ്പോലെയുള്ള മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളുടെ ഒരു തലമുറയെ അസ്തിത്വവാദത്തിലേക്ക് തള്ളിവിട്ടതിനു സമാനമായ സാഹചര്യമാണ് ഇത്. കേന്ദ്രീകൃത ജനാധിപത്യം എന്ന പേരിലറിയപ്പെടുന്ന അതികര്‍ശനമായി നിയന്ത്രിക്കപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പിടിയിലാണ് കേരളത്തിലും പുറത്തും സിപിഎം ഇപ്പോള്‍. അല്‍ബേര്‍ കാമുവിനേയും ജീന്‍ പോള്‍ സാര്‍ത്രിനേയും പോലെയുള്ളവര്‍ ഇതിന്റെ അപകടം മനസ്സിലാക്കുകയും വിപ്ലവകരം എന്നതുപോലെ ജനാധിപത്യപരംകൂടിയായ ഒരു സംവാദ പദ്ധതിക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിപിഎമ്മില്‍ ഈ പാരമ്പര്യം പിന്‍പറ്റിയ പലരും പാര്‍ട്ടി നേതൃത്വത്തിന്റെ രോഷത്തിനിരയാവുകയാണുണ്ടായത്. പാര്‍ട്ടിക്കുള്ളിലെ പരോക്ഷ ആക്രമണങ്ങള്‍ക്കോ അതല്ലെങ്കില്‍ കാലാകാലങ്ങളിലെ വെട്ടിനിരത്തില്‍ നടപടികള്‍‌ക്കോ ഇക്കൂട്ടര്‍ വിധേയമാക്കപ്പെട്ടു.” ലേഖകന്‍ വിഭാഗീയതയ്ക്ക തുല്യമായ പ്രവര്‍ത്തിയായിട്ടുതന്നെയാണ് ഇതിനേയും കാണുന്നത്.

എന്തായാലും ഇടതുപാര്‍ട്ടികള്‍ അതിന്റെ യാന്ത്രികസ്വഭാവത്തില്‍ നിന്നും മാറി പൈതൃകമൂല്യങ്ങളിലേക്കും ജൈവ ചോദനകളിലേക്കും കൂടുതല്‍ കൂടുതലായി അടുക്കേണ്ടതുണ്ട് എന്ന വാദത്തിന് ഈ ലേഖനം അടിവരയിടുന്നു.

(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *