കൊച്ചി:
ഇൻഡ്യൻ കോസ്റ്റ് ഗാർഡ് സംഘടിപ്പിച്ച ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ ഫോർട്ട്കൊച്ചി ബീച്ചിൽ നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന പരിപാടി ഉദ്ഘാടനം ചെയ്തു. കടൽത്തീരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യലാണ് പരിപാടിയുടെ ലക്ഷ്യം. ഫോർട്ട്കൊച്ചി ബീച്ചിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗപ്രദമാക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചു.
ഇന്ത്യയിലെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യുണൈറ്റഡ് നേഷൻസ് എൺവയോൺമെന്റ് പ്രോഗ്രാം, സൗത്ത് ഏഷ്യ കോ ഓപ്പറേറ്റീവ് എൺവയോൺമെന്റ് പ്രോഗ്രാം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്ലീൻ അപ് ഡേ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ ഓരോ വർഷവും ഈ ദിവസത്തിൽ ഒത്തുചേരുകയും അവരുടെ സമീപമുള്ള ശുചീകരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യുന്നു. സെപ്റ്റംബർ മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് ഇന്റർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേയായി ആചരിക്കുന്നത്. ഈ ദിവസം കടൽത്തീരങ്ങളെ മാലിന്യ മുക്തമാക്കുന്നതിൽ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുക.
അറുന്നൂറോളം വോളണ്ടിയർമാർ ഫോർട്ടുകൊച്ചി ബീച്ചിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇൻഡ്യൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, സി.ഐ.എസ്.എഫ്, കൊച്ചിൻ കോർപ്പറേഷൻ, എൻസിസി വിദ്യാർത്ഥികൾ എന്നിവർ കൂടാതെ തേവര സേക്രട്ട് ഹാർട്ട് കോളേജ്, കേന്ദ്രീയ വിദ്യാലയ (പോർട്ട് ട്രസ്റ്റ്, ദ്രോണാചാര്യ), കാലടി ജ്ഞാനോദയ സെൻട്രൽ സ്കൂൾ, കുസാറ്റ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
കേരള ഇൻസ്ട്രിയൽ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഹോട്ടൽ ക്രൗൺ പ്ലാസ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടത്തിയത്.