Mon. Dec 23rd, 2024
തെഹ്റാൻ :

എതിർ വശത്തു നിന്നുകൊണ്ട് തങ്ങൾക്കു നേരെ അമേരിക്ക സൈനിക നടപടിക്ക് മുതിരുകയാണെങ്കിൽ അത് തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ഇറാൻ. സൗദി അറേബ്യയിലെ അരാംകോ എണ്ണ ഉല്പാദനശാലയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ശക്തി ഇറാനാണെന്ന് സ്ഥിരീകരിച്ചതായി സൗദി സൈനിക വക്താവ് നേരത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നു, ഇറാനെതിരെ സൈനിക നീക്കമുണ്ടാകുമെന്ന ധ്വനി അമേരിക്കയിൽ നിന്നും ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ്, സൈനിക നീക്കമുണ്ടായാൽ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് അറിയിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു.

‘മുൻകാല ചരിത്രങ്ങൾ പരിശോധിച്ചാൽ ഒരു യുദ്ധവും ആരംഭിച്ചത് ഞങ്ങളല്ല. പുതിയൊരു യുദ്ധം തുടങ്ങി വയ്ക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. സൈനിക ഏറ്റുമുട്ടലുകളിൽ ഏർപ്പെടുവാനുള്ള താൽപര്യവും ഞങ്ങൾക്കില്ല. അതേസമയം, സ്വന്തം ഭൂമി കണ്ണിമ ചിമ്മാതെ ഞങ്ങൾ സംരക്ഷിക്കും. ‘ സരിഫ് പറഞ്ഞു. അമേരിക്ക ആക്രമണം നടത്തിയാൽ അത് തുറന്ന യുദ്ധത്തിലാവും ചെന്നെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനോടുള്ള പ്രതികരണമെന്നോണം, ഉപരോധം ശക്തമാക്കുന്നതടക്കമുള്ള നീക്കങ്ങളാണ് ഇറാനെതിരെ നടത്തുകയെന്നും യുദ്ധം അടിയന്തര പരിഗണനയിൽ ഇല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോംപിയോ അറിയിച്ചു: ‘ഇറാന്റെ വിദേശമന്ത്രി തുറന്ന യുദ്ധപ്രഖ്യാപനം നടത്തുകയും അവസാനത്തെ അമേരിക്കൻ പൗരനോടും പോരാടുമെന്ന് പറയുകയാണ്. എന്നാൽ, ഞങ്ങളുടെ ശ്രമം ഇപ്പോഴത്തെ പ്രശ്‌നത്തിന് എങ്ങനെ സമാധാനപരമായ പരിഹാരം കാണാം എന്നതാണ്.’ പോംപിയോ കൂട്ടിച്ചേർത്തു.

ഇന്നലെ സൗദി സൗദി സന്ദർശിച്ച പോംപിയോ, അരാംകോക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണം യുദ്ധത്തിനു വഴി തുറക്കുന്ന നടപടിയാണെന്ന് പറഞ്ഞിരുന്നു. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സൗദിയുടെ അവകാശത്തിനൊപ്പമാണ് തങ്ങളെന്ന് വ്യക്തമാക്കിയ പോംപിയോ യു.എ.ഇ അടക്കമുള്ള രാജ്യങ്ങളുമായും ചർച്ച നടത്തുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *