തിരുവനന്തപുരം:
യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ ഒന്നടങ്കം തള്ളി. സൂക്ഷ്മ പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് എന്നാണ് അധികൃതരുടെ വിശദീകരണം. ഏഴ് സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. എല്ലാവരുടെയും പത്രികകള്‍ തള്ളി.
ഈ മാസം 27നാണ് യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച ആയിരുന്നു നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതിനിടെയാണ് നാമനിര്‍ദ്ദേശ പത്രികകളില്‍ പിഴവുകളുണ്ടെന്നാരോപിച്ച് കെ എസ് യു മത്സര രംഗത്തിറക്കിയ ഏഴു സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ തള്ളിക്കളഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ എസ് യു രംഗത്ത് വന്നിട്ടുണ്ട്.
എസ് എഫ് ഐയുടെ ഇടപെടലിനെ തുടര്‍ന്നാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെയെല്ലാം പത്രിക ഒറ്റയടിക്ക് തള്ളിയതെന്ന് കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറഞ്ഞു.
എസ് എഫ് ഐക്കാര്‍ ഇതുമായി ബന്ധപ്പെട്ടു നടത്തിയ അഭിപ്രായ പ്രകടനവും കെ എസ് യുവിന്റെ ആരോപണം ശരിവെക്കുന്നതാണ്. ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സണ്‍ എന്നി സീറ്റുകളഴിലേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കുമ്പോള്‍ ദി ചെയര്‍മാന്‍, ദി വൈസ് ചെയര്‍പേഴ്‌സണ്‍ എന്നിങ്ങനെ ദി എന്ന പദം ചേര്‍ക്കണം എന്നാണ് എസ് എഫ് ഐ പറയുന്നത്.
അതേസമയം കോളേജില്‍ നിന്ന് ലഭിച്ച സര്‍ക്കുലര്‍ പ്രകാരമാണ് തങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കിയത് എന്ന് കെ എസ് യു വ്യക്തമാക്കി. കോളേജില്‍ നിന്ന് ലഭിച്ച സര്‍ക്കുലറില്‍ ഇങ്ങനെയൊരു കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും കെ എസ് യു പ്രവര്‍ത്തകര്‍ പറയുന്നു.
കേരളയൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ റിയാസിന്റെ നേതൃത്ത്വത്തിലുള്ള എസ് എഫ് ഐ സംഘം വന്ന് ബഹളമുണ്ടാക്കിയ ശേഷമാണ് അധികൃതര്‍ പത്രികകള്‍ തള്ളിയതെന്നും കെ എസ് യു ആരോപിക്കുന്നു.
കോളേജില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ലെന്നാണ് എസ് എഫ് ഐ ആഗ്രഹിക്കുന്നതെന്നും വിഷയത്തില്‍ നിയമപരമായി തന്നെ മുന്നോട്ടുപോകും. ഇതിനായി കോടതിയെ സമീപിക്കുമെന്നും കെ എസ് യു അറിയിച്ചു.
യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെ കേരള യൂണിവേഴ്‌സിറ്റിക്കു കീഴില്‍ എസ് എഫ് ഐക്ക് സ്വാധീനമുള്ള കോളേജുകളില്‍ പലപ്പോഴും തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കാറില്ലെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ആരെയും നാമനിര്‍ദേശ പത്രികകള്‍ നല്‍കാന്‍ പോലും അനുവദിക്കാറില്ല. ആരെങ്കിലും പത്രിക നല്‍കിയാല്‍ തന്നെ അവരെ ഭീഷണിപ്പെടുത്തിയോ ആക്രമിച്ചോ പത്രിക പിന്‍വലിപ്പിക്കുകയും ചെയ്യുന്ന പതിവും എസ് എഫ് ഐക്കുണ്ട്. എസ് എഫ് ഐ നേതാക്കള്‍ അവതരിപ്പിക്കുന്ന പാനല്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടതായി വരുത്തുകയാണ് സാധാരണയായി എല്ലാവര്‍ഷവും നടക്കാറുള്ളതെന്ന് കോളേജുകളിലെ വിദ്യാര്‍ത്ഥികളും വ്യക്തമാക്കുന്നു.