Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് ഇ സിഗരറ്റുകള്‍ പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും വ്യാപകമായി ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

ഇന്ത്യയില്‍ ഇ സിഗരറ്റുകള്‍ നിര്‍മ്മിക്കുന്നില്ലെങ്കിലും 400ഓളം ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. 150 ഓളം ഫ്‌ളേവറുകളില്‍ ഇവ ലഭ്യമാണെന്നും മണമില്ലാത്തിനാല്‍ ആളുകള്‍ ഇതിലേക്ക് കൂടുതലായി ആകൃഷ്ടരാവുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ-സിഗരറ്റ് വലിക്കുമ്പോള്‍ വലിയ അളവിലാണ് നികോട്ടിന്‍ ഉള്ളിലേക്ക് എത്തുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇ സിഗരറ്റുകള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ നിരോധനത്തിനായി പ്രത്യേക ഓഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി എന്നിവയ്‌ക്കൊപ്പം ഇതിന്റെ പരസ്യങ്ങളും നിരോധിച്ചതായും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഇ-സിഗരറ്റ് നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിമാരുടെ സമിതി വിലയിരുത്തിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

നിയമം ലംഘിച്ച് ഇ-സിഗരറ്റുകള്‍ നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ ഒരുവര്‍ഷം വരെ പരമാവധി തടവ് ശിക്ഷയും പരമാവധി ഒരു ലക്ഷം രൂപ വരെ പിഴയും ഏര്‍പ്പെടുത്തുന്ന വിധത്തിലാകും ഇ സിഗരറ്റ് നിരോധന നിയമം കൊണ്ടു വരുന്നത് എന്നും മന്ത്രി പറഞ്ഞു.

സാധാരണ സിഗരറ്റില്‍ നിന്നും മോചനം നേടുന്നതിനായിരുന്നു പല യുവാക്കളും ആദ്യം ഇ-സിഗരറ്റ് ഉപയോഗിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ ഇ-സിഗരറ്റിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എന്നാല്‍ പുകയില നിറഞ്ഞ സിഗരറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ പിന്നീട് ഇ-സിഗരറ്റിന്റ അടിമകളായി മാറുകയായിരുന്നു. യു എസില്‍ ഏഴോളം പേര്‍ ഇ-സിഗരറ്റിന്റെ ഉപയോഗം മൂലം മരണമടഞ്ഞിട്ടുണ്ട്. അതിനാലാണ് ജനങ്ങളുടെ ആരോഗ്യം മുന്‍ നിര്‍ത്തി നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

 

എന്താണ് ഇ-സിഗരറ്റ്

സിഗരറ്റിന്റെ ആകൃതിയിലുള്ളതും എന്നാല്‍ പുകയില ഇല്ലാതെ തന്നെ പുകവലിയുടെ അനുഭവം ഉണ്ടാക്കുന്ന ഉപകരണമാണ് ഇ-സിഗററ്റ് എന്നറിയപ്പെടുന്ന ഇലക്ട്രോണിക് സിഗരറ്റ്. യഥാര്‍ത്ഥ പുകയില ഇല്ലെങ്കിലും സിഗരറ്റു വലിക്കുമ്പോഴുണ്ടാകുന്ന ശാരീരീക അനുഭവം ഇതിലൂടെ പുക വലിക്കാര്‍ക്ക് ഉണ്ടാവുകയും ചെയ്യും. ഇ-ലിക്വിഡ് എന്ന നിക്കോട്ടിന്റെ അംശമുള്ള ദ്രാവക ലായനിയെ ഒരു ബാറ്ററിയുടെ സഹായത്താല്‍ ബാഷ്പീകരിക്കുന്ന സംവിധാനമാണ് ഇതിലുള്ളത്.

സാധാരണ സിഗരറ്റിലെ പുകയ്ക്ക് പകരമായി ഇ-സിഗരറ്റു വലിക്കുന്നയാള്‍ ഇ-ലിക്വിഡിന്റെ ആവി (എയറോസോള്‍) ആണ് ഉള്ളിലേക്കു വലിക്കുന്നത്. പ്രോപ്പെലിന്‍, ഗ്ലിസറിന്‍, ഗ്ലൈക്കോള്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളും ഇ-ലിക്വിഡില്‍ അടങ്ങിയിട്ടുണ്ട്. പുകയിലയുള്ള സിഗരറ്റു വലിക്കുമ്പോഴുള്ള മണം ഇല്ലാതിരിക്കാന്‍ വിവിധ തരം രുചിയും മണവുമുള്ള ഫ്‌ളേവറുകളും ലിക്വിഡുകളില്‍ ചേര്‍ത്തിരിക്കും. ഒരു പഫ് എടുക്കുമ്പോള്‍ സ്വയം സജീവമാകുന്ന സംവിധാനമാണ് ഇ-സിഗരറ്റിലുള്ളത്.

 

ഇ-സിഗരറ്റുകള്‍ ദോഷകരമാണെന്ന് പഠനങ്ങളും തെളിയിച്ചിരുന്നു

പുകയിലയിലുള്ള നിക്കോട്ടിന്റെ ദോഷ ഫലങ്ങളൊന്നും ഇല്ലാത്തതാണ് ഇ-സിഗരറ്റുകള്‍ എന്നാണ് സിഗരറ്റു കമ്പനിക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തെളിയിച്ചത് പുകയിലയില്‍ നിന്നും ഉള്ളിലേക്കെത്തുന്നതിനേക്കാള്‍ അധികം നിക്കോട്ടിന്‍ ഇ-സിഗരറ്റിലെ നീരാവിയിലൂടെ ശ്വാസകോശത്തില്‍ എത്തുന്നുണ്ട് എന്നാണ്. ശരീരത്തിലെ രക്ത ധമനികളുടെ പ്രവര്‍ത്തനത്തെയും ഈ നിക്കോട്ടിന്‍ നീരാവി കാര്യമായി ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്കും ക്യാന്‍സറിനും വരെ ഇ-സിഗരറ്റുകള്‍ കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

സിഗരറ്റു വലിയില്‍ നിന്നും മോചനം തേടി ഇ-സിഗരറ്റിനെ ആശ്രയിച്ചവരില്‍ ഭൂരിപക്ഷം പേരും ഇതിന്റെ അടിമകളായി മാറുകയായിരുന്നു. ഒറ്റത്തവണ ഉപയോഗിച്ചാല്‍ പോലും ഇ-സിഗരറ്റുകള്‍ മനുഷ്യന്റെ ധമനികളെ ദോഷകരമായി ബാധിക്കുമെന്ന് അടുത്ത കാലത്ത് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പേള്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
പുകവലി ശീലമില്ലാത്ത 18 വയസിനും 35 വയസിനും ഇടയില്‍ പ്രായമുള്ള 31 പേരിലാണ് പരീക്ഷണം നടത്തിയത്. നിക്കോട്ടില്‍ ഇല്ലാത്ത ഇ-സിഗരറ്റില്‍ നിന്ന് ശ്വാസമെടുപ്പിച്ചാണ് പരീക്ഷണം നടത്തിയത്. എന്നിട്ടു പോലും ഇവയില്‍ നിന്നും വരുന്ന എയറോസോള്‍ രക്തസഞ്ചാരത്തെ തടസപ്പെടുത്തുന്നു എന്നായിരുന്നു കണ്ടെത്തിയത്. കാലുകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെടുന്നതായി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *