#ദിനസരികള്‍ 881
“മറന്നതെന്ത് മാറേണ്ടതെങ്ങനെ” എന്ന പേരില്‍ ബി രാജീവന്‍ എഴുതിയ ലേഖനം ഇടതിന് എന്തു പറ്റി എന്ന ചോദ്യത്തിനെ വസ്തുനിഷ്ഠമായിത്തന്നെ സമീപിക്കുന്നു. ലേഖനത്തിന്റെ തുടക്കത്തില്‍ത്തന്നെ അദ്ദേഹം ചില പ്രതിനിധ്യങ്ങളെ വ്യക്തമായി അവതരിപ്പിക്കുകയും അവയെ കൈകാര്യം ചെയ്ത രീതിയില്‍ ഇടതിനുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് കഴിഞ്ഞ മൂന്നുദിവസമായി നാം നടത്തി വന്ന ചര്‍ച്ചകള്‍ക്ക് കൃത്യമായ ദിശാബോധം നല്കിക്കൊണ്ട് എഴുതുന്നു. “ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ ഫാസിസ്റ്റു മുഖമായ സംഘപരിവാര്‍ ശക്തികള്‍ രണ്ടാമതും രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഒരു പുതിയ കീഴാള രാഷ്ട്രീയത്തിന്റെ അനിവാര്യതയിലാണ് നാം എത്തി നില്ക്കുന്നത്. ഇന്ത്യന്‍ കീഴാള ജനാധിപത്യത്തിന്റെ ശക്തികളെ ഏറ്റെടുക്കാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങളിലേക്ക് നമുക്ക് കടന്നുചെല്ലേണ്ടിയിരിക്കുന്നു.”
എന്തുകൊണ്ടാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കീഴാള ജനതയുടെ നേതൃത്വം സ്വാഭാവികമായും ഇടതുപക്ഷത്തിലേക്ക് വന്നു ചേരേണ്ടതായിരുന്നിട്ടു കൂടി അങ്ങനെ സംഭവിക്കാതിരുന്നതെന്ന ചോദ്യത്തിന് ഇനിയെങ്കിലും ഇടതുപാര്‍ട്ടികള്‍ സത്യസന്ധമായി ഉത്തരം തേടേണ്ടതുണ്ട്. അകറ്റി നിറുത്തിയതോ അകന്നുപോയതോ എന്നു കണ്ടെത്തുകയാണ് പ്രാഥമികമായും ചെയ്യാനുള്ളത്. അതിനു ശേഷം ആവശ്യമായ തിരുത്തലുകളിലൂടെ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ഇടപെടല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് വര്‍ഗ്ഗത്തിനെ സാമ്പത്തികതയുടെ പരിധിയിലേക്ക് മാത്രം അടുപ്പിച്ചു നിറുത്തുകയെന്ന കാഴ്ചപ്പാടിനെയായിരിക്കും ആദ്യമായിത്തന്നെ പൊളിച്ചു കളയേണ്ടിവരികയെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ വര്‍ഗ്ഗത്തെ നിര്‍വചിക്കുന്നതിലും നിര്‍ണയിക്കുന്നതിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് വീഴ്ച പറ്റി എന്ന് ആരോപണത്തെ വിശദമായിത്തന്നെ ബി രാജീവന്‍ പരിശോധിക്കുന്നുണ്ട്.
“വ്യത്യസ്ത ഘടകങ്ങളെ ആശ്രയിച്ച് മനുഷ്യരെ പല വര്‍ഗ്ഗങ്ങളായി തിരിക്കാം. നിറത്തേയോ വംശത്തേയോ ഭാഷയേയോ രാജ്യത്തേയോ മുന്‍നിറുത്തി മനുഷ്യരെ വിഭജിക്കുന്നതുപോലെ. ഇങ്ങനെ വസ്തുവിഭജനത്തിന്റെ വിഭജനത്തിന്റെ മാതൃകയിലുള്ള നിഷ്ക്രിയമായ ഒരു സാമ്പത്തിക വിഭജനമല്ല വര്‍ഗ്ഗം. വര്‍ഗ്ഗം ഒരു സാമ്പത്തിക ഗണം മാത്രമായിരിക്കുമ്പോള്‍ അത് മറ്റു പലതരത്തിലുള്ള വിഭജനങ്ങളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ ഇത്തരത്തില്‍ മനുഷ്യരുടെ സാമ്പത്തികതയെ മാത്രം ആശ്രയിച്ചു നടത്തുന്ന മറ്റൊരു മനുഷ്യവിഭജനമല്ല മാര്‍ക്സ് പറയുന്ന വര്‍ഗ്ഗം. വര്‍ഗ്ഗം ക്രിയാത്മകമായ ഒരു രാഷ്ട്രീയ പരികല്പനയാണ്. ഒരു നിഷ്ക്രിയ സാമ്പത്തിക ഗണമല്ല. വര്‍ഗ്ഗങ്ങള്‍ നിലവില്‍ വരുന്നത് സമരത്തിലൂടെയാണ്. അതുകൊണ്ട് വര്‍ഗ്ഗം ഒരു രാഷ്ട്രീയ പ്രയോഗമാണ്.” വര്‍ഗ്ഗത്തെക്കുറിച്ചുള്ള ഈ സമീപനം വിശാലമായ ചില പരിപ്രേക്ഷ്യങ്ങളെ സൃഷ്ടിക്കുകയും സാമ്പ്രദായിക മാര്‍ക്സിയന്‍ സമീപനങ്ങളെ ചൊടിപ്പിക്കുകയും ചെയ്തേക്കാം. എന്നിരുന്നാലും തന്റെ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിലൂടെ ഈ ചര്‍ച്ചയെ സജീവമായി ഉന്നയിക്കാന്‍ തന്നെയാണ് ബി രാജീവന്‍ ഉദ്യമിക്കുന്നത്.
(തുടരും)
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.