Wed. Jan 22nd, 2025
റിയാദ്:

ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം സൗദിയിലെ ആരാംകോയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണമാണ് പെട്ടന്നുണ്ടായ ഇന്ധനവിലകയറ്റത്തിനു കാരണം. 28വർഷകാലത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വില വർധനയാണിത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ചിരിക്കുന്നതിനാൽ, ബാരലിന് 70 ഡോളർ വരെ വില ‌എത്തി. നിലവിലിത്, 80 ഡോളർ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഹൂതി ആക്രമണം മൂലം സൗദിയിലെ ആകെ എണ്ണ ഉൽപാദനത്തിന്റെ പകുതി കുറച്ചു. ആക്രമണത്തിനിരയായ സൗദി ദേശീയ എണ്ണക്കമ്പനി അരാംകോയുടെ ബുഖ്‍യാഖിലേയും ഖുറൈസിയിലേയും കേന്ദ്രങ്ങളില്‍ ഉല്‍പാദനം നിര്‍ത്തിവച്ചതായി സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. ഇതോടെ, പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാവുക. ആഗോള പ്രതിദിന എണ്ണ ഉല്‍പാദനത്തിന്റെ ആറു ശതമാനമാണിത്.

അതേസമയം, ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ബുഖ്‍യാഖിലും ഖുറൈസിലും പുനരുദ്ധാണ നടപടികള്‍ പുരോഗമിക്കുകയാണ്. ആവശ്യം വന്നാൽ, പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യു.എസ്. അറിയിച്ചു. ഇതിനായി യു.എസ്. ഊര്‍ജവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

ആക്രമണത്തിന്റെ തെളിവുകള്‍ യെമനിലല്ല, ഇറാനിലാണുളളതെന്നു യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷസ്ഥിതികൾ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തുരങ്കം വച്ചതായി യു.എസ്. ആരോപിച്ചു.

സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 330 കിലോമീറ്റർ മാറിയാണ് ആക്രമണം നടന്ന ബുഖ്‍യാഖ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണു ഇത്. ഒരു ദിവസം ഏഴു ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാൻ സാധിക്കും. 2006 ഫെബ്രുവരിയിൽ ഭീകരസംഘടന അൽഖ്വയ്ദ ഇവിടെ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സെപ്റ്റംബർ 11നാണ് അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *