Wed. Nov 6th, 2024
കൊച്ചി:

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ച നിര്‍മാണ കമ്പനി സര്‍ക്കാര്‍ പദ്ധതിയിലെ പങ്കാളികള്‍. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ പേരില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമ്പോഴാണ് യാതൊരു നിയമ പ്രശ്‌നങ്ങളും നേരിടാതെ ഈ കമ്പനി ഇപ്പോഴും ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്.

നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച ഹോളി ഫെയ്ത്തിന്റെ പേര് സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും മറച്ചു വെച്ചു എന്നാണ് വ്യക്തമായിരിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയിലെ പങ്കാളിത്തവും രാഷ്ട്രീയ ബന്ധങ്ങളും പേരു പറയാതിരിക്കാന്‍ രാഷ്ട്രീയ രംഗത്തുള്ളവരെ നിര്‍ബന്ധിതരാക്കിയപ്പോള്‍ ഏറെ നാളായി കിട്ടിയിരുന്ന ഹോളി ഫെയ്ത്തിന്റെ പരസ്യം പല മാധ്യമങ്ങളെയും നിശബ്ദരാക്കി.

 

മരടിലെ കായല്‍ തീരത്ത് കയ്യേറ്റം നടത്തിയ ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സാണ് സംസ്ഥാന സര്‍ക്കാരിന്റെ ‘ജനനി’ പദ്ധതിയുടെ ഭാഗമായി എറണാകുളം പെരുമ്പാവൂരില്‍ വമ്പന്‍ പാര്‍പ്പിട സമുച്ചയം നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാര്‍ക്കു വേണ്ടിയാണ് ജനനി പദ്ധതിയിലൂടെ സര്‍ക്കാര്‍ ഈ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നത്.

ജനനി പദ്ധതിയുടെ ഓപ്പറേറ്റിങ് പാര്‍ട്ട്ണറാണ് മരടില്‍ കയ്യേറ്റം നടത്തിയ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ്. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയില്‍ 296 ഫ്‌ളാറ്റുകളാണ് ഇവര്‍ ജനനി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. എന്നാല്‍ ഇതില്‍ 74 ഫ്‌ലാറ്റുകളുടെ നിര്‍മാണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ബാക്കിയുളളവയുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും എന്നാണ് സൂചന. ഫ്‌ലാറ്റ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയാണ് പിന്നിട് നിര്‍മാണത്തിനായി ഹോളി ഫെയ്ത്തിന് കൈമാറിയത്.

മരടിലെ കോടികളുടെ ഫ്‌ളാറ്റുകള്‍ക്കു പിന്നാലെയാണ് പെരുമ്പാവൂരില്‍ അത്താഴപ്പട്ടിണിക്കാരനു വേണ്ടി നിര്‍മിക്കുന്ന ഫ്‌ളാറ്റിന്റെ നിര്‍മാണവും ഇതേ കമ്പനി തന്നെ തുടങ്ങിയത്. 2017ല്‍ പെരുമ്പാവൂരില്‍ നിര്‍മിക്കാന്‍ തുടങ്ങിയ ഫ്‌ളാറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയുമാണ്.

 

കുറ്റമെല്ലാം താമസക്കാരുടേത്: ബില്‍ഡര്‍മാര്‍ പാവങ്ങള്‍..

മരടില്‍ ഫ്‌ളാറ്റുകള്‍ വാങ്ങി കുടുങ്ങിയവര്‍ നെട്ടോട്ടമോടുമ്പോള്‍ യാതൊരു നിയമ തടസവുമില്ലാതെ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് തങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കായല്‍ കയ്യേറ്റം നടത്തിയ ബില്‍ഡര്‍മാരാണ് യഥാര്‍ഥത്തില്‍ കുറ്റക്കാര്‍ എന്ന വിമര്‍ശനം ഉയര്‍ന്നിട്ടും നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന ചോദ്യത്തിനുള്ള ഉത്തരവും ജനനി പദ്ധതിയില്‍ തന്നെയുണ്ട്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള വിധി വന്നതിനു ശേഷം ഇതിനുള്ള തുടര്‍ നടപടികള്‍ക്കായി ഫ്‌ളാറ്റിലെത്തിയ ചീഫ് സെക്രട്ടറി ടോംജോസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഫ്‌ളാറ്റിലെ താമസക്കാര്‍ ഉയര്‍ത്തിയത്. ഇതേ ടോം ജോസ് ജനനി പദ്ധതിയുടെ ഡയറക്ടറായി ഇരിക്കുമ്പോഴാണ് ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന് പെരുമ്പാവൂരിലെ ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള ചുമതല നല്‍കിയത്. ഇതേ വ്യക്തി തന്നെയാണ് ഒന്നും അറിയാത്തതു പോലെ മരടിലെ ഫ്‌ളാറ്റുടമകളെ കുടിയൊഴിപ്പിക്കാന്‍ ആദ്യമെത്തിയത് എന്നതും വിരോധാഭാസം.

മരടിലെ ഫ്‌ളാറ്റുടമകളോട് ഒഴിയണമെന്നാവശ്യപ്പെട്ട് നഗര സഭ നോട്ടീസ് നല്‍കിയതോടെയാണ് നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മിച്ച ബില്‍ഡര്‍മാരെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. കിടപ്പാടം നഷ്ടപ്പെടുമെന്ന് വ്യക്തമായതോടെ കഴിഞ്ഞ ദിവസം മരടിലെ ഫ്‌ളാറ്റുടമകള്‍ ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ കൊച്ചിയിലെ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു.

സര്‍ക്കാരിന്റെ പദ്ധതികളില്‍ പങ്കാളികളായതിനാല്‍ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിനെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങളോ രാഷ്ട്രീയ നേതാക്കളോ ആരും തന്നെ പ്രതികരിച്ചില്ല. ബില്‍ഡര്‍മാരെ കുറിച്ച് പ്രതിഷേധം ശക്തമായാല്‍ സര്‍ക്കാരിനെതിരെയിള്ള പ്രതിഷേധവും ശക്തമാകും. ഇതോടൊപ്പം സര്‍ക്കാര്‍ പദ്ധതിയും ചര്‍ച്ചയിലെത്തും. ഇതു കൂടാതെ ബില്‍ഡര്‍മാരുമായി അടുപ്പമുള്ള രാഷ്ട്രീയക്കാര്‍ക്കെതിരെയും പ്രതിഷേധം തിരിയുമെന്ന് നേതാക്കള്‍ക്കും അറിയാമായിരുന്നു. ഇതു തന്നെയാണ് ഫ്‌ളാറ്റു വാങ്ങിയവര്‍ക്കു വേണ്ടി കണ്ണീരൊഴുക്കിയ രാഷ്ട്രീയ നേതാക്കള്‍ ആരും തന്നെ ഹോളി ഫെയ്ത് ബില്‍ഡേഴ്‌സിന്റെ പേര് പറയാതിരുന്നതും.

ഫ്‌ളാറ്റു വാങ്ങിയവരെ സഹായിക്കാന്‍ കെട്ടിടം പൊളിക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷം പോലും നിയമലംഘകരായ ഹോളി ഫെയ്ത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടില്ല.

നിയമലംഘനം നടത്തി മരടില്‍ കായല്‍ കയ്യേറി ഫ്‌ളാറ്റുകള്‍ പണിതുവിറ്റ ബില്‍ഡര്‍മാര്‍ തങ്ങള്‍ക്കിനി യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നു പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതിയിലുള്ള പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

 

കയ്യേറ്റം വ്യക്തം, വാങ്ങിയത് പാവങ്ങളുമല്ല..

അതേസമയം മരടില്‍ കായല്‍ തീരത്തുള്ള പാര്‍പ്പിട സമുച്ചയം കണ്ടാല്‍തന്നെ കായല്‍ കയ്യേറി നിര്‍മിച്ചതാണെന്ന കാര്യം ആര്‍ക്കും വ്യക്തമാകും. അതുകൊണ്ടുതന്നെ അറിയാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി ഫ്‌ളാറ്റു വാങ്ങി കുടുങ്ങിപ്പോയ പാവങ്ങളാണ് ഇവിടെയുള്ളത് എന്ന വാദവും മുഖവിലക്കെടുക്കാന്‍ കഴിയില്ല. കായല്‍ തീരത്ത് കോടികളുടെ ഫ്‌ളാറ്റു വാങ്ങിയവരില്‍ ഒട്ടു മിക്കവരും കോടികളുടെ ആഡംബര വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വന്തമായി ഉള്ളവരാണ്. ഫ്‌ളാറ്റില്‍ താമസിക്കുന്ന ലോണ്‍ പോലും അടക്കാന്‍ പണമില്ലെന്നു പറയുന്ന സിനിമാക്കാരും അത്രയധികം ദാരിദ്യത്തില്‍ കഴിയുന്നവരല്ലെന്നും നാട്ടുകാര്‍ക്കറിയാം.

അതേസമയം കായല്‍ കയ്യേറി ബഹുനില കെട്ടിടം നിര്‍മിച്ച ബില്‍ഡര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ ഫ്‌ളാറ്റു വാങ്ങിയവരെ കുടിയൊഴിപ്പിക്കുന്നു എന്നതു കൊണ്ടു മാത്രമാണ് സാധാരണക്കാരും ഫ്‌ളാറ്റിലെ താമസക്കാരെ അനുകൂലിക്കുന്നത്. ഇതിനിടെ നിയപ്രകാരം ഫ്‌ളാറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാനും നികുതി അടയ്ക്കാനും കഴിഞ്ഞിരുന്നു എന്നത് ഈ ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്ക് ഉദ്യോഗസ്ഥതലത്തില്‍ എത്രത്തോളം സഹായം ലഭിച്ചിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ബില്‍ഡര്‍മാരില്‍ നിന്നും ഈടാക്കാമെന്ന് സുപ്രീംകോടതി വിധിച്ചിട്ടു പോലും സര്‍ക്കാര്‍ ഉള്‍പ്പെടെ ബില്‍ഡര്‍മാരുടെ പേരു പോലും പറയാതെ ഒളിച്ചു കളിക്കുകയാണ്.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി വിധി വന്ന് ഇത്രയും ദിവസമായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ പലരും കായല്‍ കൈയേറി കെട്ടിടം നിര്‍മിച്ച ബില്‍ഡര്‍മാരെ അന്വേഷിച്ചില്ല. പല മാധ്യമങ്ങളിലും ഏറെക്കാലമായി ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ള ബില്‍ഡര്‍മാരുടെ പരസ്യങ്ങളുണ്ടായിരുന്നു എന്നതിനാല്‍ ഹോളി ഫെയ്ത്തിലേക്കുള്ള വഴി കാണാനേ കഴിഞ്ഞില്ല.

 

ഒടുവില്‍ സമൂഹ മാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും തന്നെയാണ് കയ്യേറ്റക്കാരെക്കുറിച്ചും അവരുടെ ഉന്നത ബന്ധങ്ങളെക്കുറിച്ചും വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.

 

 

ഫ്‌ളാറ്റുകളിലെ കുടിയിറക്കപ്പെടുന്ന താമസക്കാരിലേക്ക് ക്യാമറാ കണ്ണുകള്‍ ചുരുങ്ങുമ്പോള്‍ നിയമലംഘകരായ ബില്‍ഡര്‍മാരാണ് രക്ഷപ്പെടുന്നത്. ഇതുവരെ ബില്‍ഡര്‍മാര്‍ക്കെതിരെ ഫ്‌ളാറ്റുടമകളും നിയമ നടപടിയൊന്നും സ്വികരിച്ചിട്ടില്ലെന്നാണ് സൂചന. ഇതും നിയമലംഘകര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുന്നു.

ജെയിന്‍ ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പെഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആല്‍ഫ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കെ പി വര്‍ക്കി ആന്റ് വി എസ് ബില്‍ഡേഴ്‌സ് എന്നിവരാണ് മരടിലെ കായല്‍ കയ്യേറി ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത്.

ഇതിനിടെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു. 343 കുടുംബങ്ങളിലായി 1472 പേരെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *