കൊച്ചി:
രാജ്യത്തെ വ്യാപിച്ചു നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും വാഹനവിപണിയിലുണ്ടായ ഇടിവും ടയർ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയിരിക്കുകയാണ്. പ്രതിസന്ധിയെ തുടർന്ന്, ഇപ്പോൾ ടയർ ഉത്പാദനം കുറയ്ക്കാനൊരുങ്ങുകയാണ്, പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്‍സ്.
കാർഷിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാഹനങ്ങളുടെ ടയറാണ് കളമശേരി അപ്പോളോ പ്ലാന്‍റിൽ ഉത്പാദിപ്പിക്കുന്നത്. ചാലക്കുടിയിലാവട്ടെ ട്രക്കുകളുടേയും മിനിട്രക്കുകളുടേയും ടയറുകളാണ്. പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ ടയർ ഏറ്റെടുക്കുന്നത് കുറച്ചതോടെ കളമശേരി യൂണിറ്റിൽ അൻപത്തയ്യായിരത്തോളം ടയറുകളാണ് കെട്ടിക്കിടക്കുന്നത്.
110 ടൺ ആയിരുന്ന കളമശേരി പ്ലാന്‍റിൽ പ്രതിദിന ഉത്പാദനശേഷി, കഴിഞ്ഞ കുറച്ചു മാസങ്ങളായി 70 ടൺ ആക്കിയാണ് കുറച്ചിരിക്കുന്നത്. മറ്റ് യൂണിറ്റുകളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഇക്കാരണത്താൽ, ഓണാവധിക്ക് പുറമെ 2 ദിവസം കൂടി പ്ലാന്‍റ് അടച്ചിട്ടിരുന്നു.
തൊഴിലാളി യൂണിയനുകളുമായി കൂടി ആലോചിച്ചായിരുന്നു പുതിയ തീരുമാനം.
സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാർക്ക് മാനേജ്മെന്‍റ് 2 ദിവസത്തെ അവധി(ലേ ഓഫ്) പ്രഖ്യാപിച്ചത്. ലേ ഓഫിന് ശേഷം പ്ലാന്‍റുകൾ വീണ്ടും തുറന്നെങ്കിലും ഉത്പാദനം വീണ്ടും കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.