Mon. Dec 23rd, 2024
#ദിനസരികള്‍ 879

 
ഒരു ആദര്‍ശാത്മക ലോകത്തിലൊന്നുമല്ല ഇടതുപക്ഷം പ്രവര്‍ത്തിച്ചു പോകുന്നത്. മറിച്ച് മനുഷ്യസഹജമായ എല്ലാ നന്മതിന്മകളും നിലകൊള്ളുന്ന ഒരു സമൂഹത്തിലാണ്. അതുകൊണ്ട് ആ സമൂഹത്തിന്റെ പരിച്ഛേദമായ ഇടതു കൂട്ടായ്മകളിലും ഏറിയും കുറഞ്ഞും എല്ലാവിധ ഗുണദോഷങ്ങളും സ്വഭാവികമായും ഉള്‍‌ച്ചേര്‍ന്നിരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ഒരുദാഹരണത്തിന് സ്ത്രീയും പുരുഷനും എല്ലാ തലത്തിലും തരത്തിലും തുല്യരാണ് എന്നാണ് ഇടത് ചിന്തിക്കേണ്ടത്. എന്നാല്‍ സ്ത്രീ പുരുഷനെക്കാള്‍ ഒരല്പം താഴെയാണെന്ന് ചിന്തിക്കുന്നവരും ഇടതുകൊടി പിടിക്കുന്നവരിലുണ്ട്. അത്തരം വാസനകളെ എത്രമാത്രം കുറച്ചു കൊണ്ടുവരാന്‍ കഴിയും എന്ന ചോദ്യമാണ് ഇടതുപക്ഷത്തേയും അവരുടെ മൂല്യങ്ങളേയും ഉല്പാദിപ്പിക്കുന്നത്. അതല്ലാതെ നൂറുശതമാനം നന്മകള്‍ മാത്രം പൂക്കുന്നവരുടെ കൂട്ടായ്മകളാണ് ഇടതുപക്ഷമെന്ന ധാരണയില്‍ സമീപിച്ചു പോകുന്നത് അന്ധന്‍ ആനയെ കണ്ടതുപോലെയാണ്.

ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നവരും അനുകൂലിക്കുന്നവരും ഈ വസ്തുത മനസ്സിലാക്കിയിരിക്കണം. എണ്‍പതുശതമാനം ഇടതുമൂല്യങ്ങളെ പിന്‍പറ്റുന്നവര്‍ പോലും ബാക്കിവരുന്ന ഇരുപതുശതമാനം വലതുപക്ഷമാണ്. ആ ഇരുപതുശതമാനത്തെ ഇല്ലായ്മ ചെയ്യുകയെന്നത് എണ്‍പതുശതമാനത്തെ ഇല്ലായ്മ ചെയ്തതിനെക്കാള്‍ വിഷമകരവുമാണ്.

അതുകൊണ്ടാണ് സി പി ഐ എം പോലെയുള്ള പ്രസ്ഥാനങ്ങളില്‍ പലപ്പോഴും വിഭാഗീയതയുണ്ടെന്ന് സമ്മതിക്കേണ്ടി വരുന്നത്. വിഭാഗീയതയുടെ പേരില്‍ അവരുടെ പൊളിറ്റ് ബ്യൂറോയില്‍ നിന്നും അതിപ്രഗല്ഭരായ രണ്ടുപരെ സസ്പെന്റു ചെയ്യേണ്ടി വന്നത് ഓര്‍മ്മിക്കുക. സ്വയം പഠിച്ചും നവീകരിച്ചും ഇടതുപക്ഷത്തേക്ക് കൂടുതല്‍ക്കൂടുതല്‍ നീങ്ങിനില്ക്കുക എന്ന ഉത്തരവാദിത്തം അതിന്റെ മുകള്‍ത്തട്ടുമുതല്‍ താഴെത്തട്ടു വരെയുള്ള ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യേണ്ടതുണ്ട്. അങ്ങനെ മാത്രമേ പൊതുവിടങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വലതുമൂല്യങ്ങളുടെ കടന്നു കയറ്റങ്ങളെ ഫലപ്രപദമായി പ്രതിരോധിക്കുവാന്‍ ഇടതുകക്ഷികള്‍ക്ക് കഴിയുകയുള്ളു.

ഇതു മനസ്സിലാക്കിയിട്ടാകണം “സമരപാതകള്‍ തുറക്കണം, സ്വയം പുനരാവിഷ്കരിക്കണം“ എന്ന ലേഖനം ഇടതിനു എന്തു പറ്റി എന്ന ചോദ്യത്തിന് ഉത്തരമായി പരഞ്ജോയ് ഗുഹ താകൂര്‍ത എഴുതിയത്.
2014 ലെ ലോകസഭയില്‍ ഇടത് അംഗങ്ങളുടെ എണ്ണം പത്തായി കുറഞ്ഞപ്പോള്‍ ഇനിയങ്ങോട്ട് ഒരു കാരണവശാലും ഇതിലും കുറയില്ലെന്ന് വിചാരിച്ചത് തെറ്റായിപ്പോയെന്ന നിരാശ പങ്കുവെച്ചു കൊണ്ടാണ് പരഞ്ജോയ് ഗുഹ തന്റെ ലേഖനം ആരംഭിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം “ലോകത്തിന്റെ പല ഭാഗങ്ങളേയും ഗ്രസിച്ചിരിക്കുന്ന വലതുപക്ഷ ജനപ്രിയ രാഷ്ട്രീയത്തിനും ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ശക്തിപ്രാപിക്കുന്ന ഭൂരിപക്ഷ മതാധിഷ്ടിത ദേശീയവാദത്തിനും ബദലുകളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ക്ക് എന്താണ് മുന്നോട്ടുള്ള വഴി?“ എന്ന കാതലായ ചോദ്യമുന്നയിക്കുന്നു.

ഇടതുപക്ഷത്തിനെതിരെ ലേഖനമുന്നയിക്കുന്ന ആക്ഷേപങ്ങളെ, ആത്മപരിശോധന നടത്തുവാന്‍ മുതിരവേ ഒന്നാമതായി ഇടതുപക്ഷം അതിന്റെ ദേശവ്യാപക സ്വഭാവം നഷ്ടപ്പെട്ടുവെന്ന് സമ്മതിക്കേണ്ടതുണ്ട്. 2004 ല്‍ 61 എംപിമാരുള്ളപ്പോഴും ഇതിന്റെ ശക്തമായ സാന്നിധ്യം കേരളം ബംഗാള്‍ ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പിളര്‍പ്പിന് ഇന്നത്തെ സാഹചര്യത്തില്‍ എന്തെങ്കിലും സാംഗത്യമുണ്ടോ എന്ന് പരിശോധിക്കണം.

ഭൂപരിഷ്കരണം, അധികാരവികേന്ദ്രീകരണം തുടങ്ങിയ ആദ്യകാല നേട്ടങ്ങളുടെ പിന്‍ബലത്തില്‍ എക്കാലവും മുന്നോട്ടു പോകാനാകും എന്ന അലസവിചാരമാണ് ബംഗാളില്‍ തിരിച്ചടിയായത്.
വിശ്വസനീയരായ രണ്ടാംനിര നേതൃത്വത്തെ പടുത്തുയര്‍ത്തുന്നതില്‍ വലിയ തോതില്‍ പരാജയപ്പെട്ടു. യുവാക്കളോട് ശരിയായ വിധത്തില്‍ സംവദിക്കുവാനുള്ള ശേഷി പ്രകടിപ്പിക്കുന്നില്ല. തങ്ങളുടെ അഭിലാഷങ്ങളെ മനസ്സിലാക്കാന്‍ ഇടതിന് കഴിയുന്നില്ലെന്ന് ചിന്തിക്കുന്ന യുവത വലിയ തോതില്‍ ബി ജെ പിയിലേക്ക് ചേക്കേറി.
ബി ജെ പിയുടെ മത്സരാധിഷ്ടിത മതരാഷ്ട്രീയത്തിനോടുള്ള ബലാബലത്തിന് ഇടതുപക്ഷത്തിന് ശേഷിയില്ലെന്ന് ന്യൂനപക്ഷങ്ങള്‍ ചിന്തിക്കുന്നു.

തൊഴിലാളി പ്രസ്ഥാനങ്ങള്‍ ദുര്‍ബലമായതോടെ രാഷ്ട്രീയ സ്വാധീനം ഗണ്യമായ വിധത്തില്‍ നേര്‍ത്തുപോയി.
ഹിന്ദി മേഖലകളിലെ ജാതി രാഷ്ട്രീയത്തില്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല – എന്നിങ്ങനെ നമുക്ക് വേര്‍തിരിച്ചെടുക്കാം.
താനുന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുവാന്‍ വസ്തുതകളുടെ സഹായത്താല്‍ പരഞ്ജോയ് ഗുഹയ്ക്ക് കഴിയുന്നുണ്ടെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ കൂടുതല്‍ സത്യസന്ധമായി സമീപിക്കുക. “ബംഗാളിലെ ഇടതുപക്ഷത്തിന്റെ പതനം 1990 കളിലെ സോവിയറ്റ് തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന വിധം ദ്രുതവും ദുരന്തപൂര്‍ണവുമായിരുന്നു. സംസ്ഥാനത്ത് രണ്ടാംനിര നേതൃത്വം പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ യുവാക്കളുടെ തലമുറയോട് ഒന്നടങ്കം സംവദിക്കുവാന്‍ ഇടതുപക്ഷത്തിന് സാധ്യമാകാതെ വന്നു. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കളായ പാട്ടക്കുടിയാന്മാരുടെ പിന്മുറക്കാരും ഇക്കൂട്ടരില്‍ പെടും. തങ്ങളുടെ അഭിലാഷങ്ങളെ ഉള്‍‌ക്കൊള്ളാന്‍ കമ്യൂണിസ്റ്റുകള്‍ക്ക് കഴിയുന്നില്ലെന്ന് മനസ്സിലാക്കിയ യുവത ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അകമഴിഞ്ഞു പിന്തുണച്ചു. നേരത്തെ അവരില്‍ കുറേപ്പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം പോയിരുന്നു.”

ലേഖനത്തില്‍ നിന്നും മേലുദ്ധരിച്ച വരികള്‍ ചില സത്യങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് യുവതലമുറയോട് സംവദിക്കുന്ന നേതൃത്വത്തിന്റെ അഭാവമാണ്. അവരെ കേള്‍ക്കാനും സൌമനസ്യത്തോടെ ഇടപെടാനും ആശയവത്കരിക്കാനും കഴിയുന്ന ഒരു നേതൃത്തിന് മാത്രമേ മൂല്യങ്ങളെ കൈമാറുവാനും കഴിയുകയുള്ളു. അതല്ലെങ്കില്‍ കേവലം സാങ്കേതികമായ, ഇടതുധാരണകളെ പിന്‍പറ്റാത്ത ഒരു കോമാളിക്കൂട്ടം മാത്രമായി അടുത്ത തലമുറ മാറും. തങ്ങള്‍ ഇടതാണെന്ന് അനുകരിക്കുകയെന്നല്ലാതെ ആവര്‍ക്ക് ആശയപരമായി യാതൊരു വിധത്തിലുള്ള ഉള്‍ക്കരുത്തുമുണ്ടാകുകയില്ല. അധികാരത്തിന്റെ തണലുപറ്റി, വെയിലിന്റെ ചൂടും മഴയുടെ തണുപ്പും അറിയാതെ ഇന്‍കുബേറ്ററില്‍ വളര്‍ത്തപ്പെടുന്നവരെപ്പോലെ ജനതയേയും അവരുടെ പ്രശ്നങ്ങളേയും നേരിടാന്‍ കെല്പില്ലാത്തവരായി മാറും. അങ്ങനെയുള്ളവര്‍ക്ക് ഇടതുപാര്‍ട്ടികള്‍ മറ്റേതൊരു പാര്‍ട്ടിയും പോലെ ഒരു രാഷ്ട്രീയ കക്ഷി മാത്രമാണ്. ആശയപരമായ ആയുധത്തിന്റെ അഭാവത്തില്‍ അക്കൂട്ടര്‍ ഏതു വഴിക്ക് ഏതുസമയം തിരിഞ്ഞുപോകുമെന്നത് അപ്രവചനീയവുമാണ്. ഒരുദാഹരണത്തിന് ത്രിപുര എടുക്കുക. അവിടെ ഇടതിന്റെ പരാജയത്തില്‍ നേട്ടമുണ്ടാക്കിയത് തികഞ്ഞ വര്‍ഗ്ഗീയ കക്ഷിയായ ബി ജെ പിയാണെന്നത് ആരേയും ഞെട്ടിക്കുന്നതും ഈ ആരോപണത്തെ ബലപ്പെടുത്തുന്നതുമാണ്. ആശയവത്കരിക്കാത്ത യുവത ഇടതിന്റെ ബാധ്യതയും പരാജയത്തിന്റെ സുപ്രധാന കാരണവുമാണ്.

ഒരു കാലത്ത് ഇടതുപക്ഷം ചെയ്ത സമരങ്ങള്‍ ഈ സമൂഹത്തെ മാറ്റിത്തീര്‍ത്തതെങ്ങനെയെന്ന് പുതുതലമുറയിലേക്ക് ഫലപ്രദമായി എത്തിക്കുവാന്‍ കഴിയുന്നില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഉദാഹരണത്തിന് ഭൂപരിഷ്കരണം എങ്ങനെ ഈ സമൂഹത്തെ മാറ്റി മറിച്ചുവെന്ന് വസ്തുതാപരമായി കൈമാറ്റം ചെയ്യപ്പെടണം. ഇതായിരുന്നു നമ്മുടെ ഭൂതകാലമെന്നും നമ്മുടെ പിതാക്കന്മാര്‍ ഇങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്നും ഇന്നത്തെ യുവത മനസ്സിലാക്കണം.

എല്ലാത്തിനേയും പുച്ഛത്തോടെയും അവിശ്വാസത്തോടെയും സമീപിക്കുന്ന അവരിലേക്ക് നാം ഭൂതകാലങ്ങളെ നിരന്തരം ചര്‍ച്ചയ്ക്കു വിട്ടുകൊടുക്കണം. വിമര്‍ശനങ്ങളെ സൌമനസ്യത്തോടെ നേരിടുവാന്‍ നേതൃത്വത്തിന് കഴിയണം. ഇടതുപക്ഷം മാത്രമാണ് ശരിയെന്നല്ല മറിച്ച് ഇടതുപക്ഷം എന്തുകൊണ്ട് ശരിയാണെന്നാണ് യുവത മനസിലാക്കേണ്ടത്. സ്വാഭാവികത എന്നതൊരു കമ്യൂണിസ്റ്റ് മൂല്യമല്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടത് നേതൃത്വം തന്നെയാണ്. അതുകൊണ്ടുതന്നെ യുവതയില്‍ ക്രിയാത്മകമായി ഇടപെടുകയും മാറ്റി ത്തീര്‍ക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തവും നേതൃത്വത്തിനുണ്ട്.

മുന്നോട്ടുള്ള മാര്‍ഗ്ഗങ്ങളെന്ത് എന്ന് പരഞ്ജോയ് ഗുഹ അന്വേഷിക്കുന്നുണ്ട്- “സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരണം. തൊഴിലില്ലായ്മ, അസമത്വം, കര്‍ഷക ദൈന്യങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച് പുതിയ സമരപാതകള്‍ തുറക്കണം. ബി ജെ പി വിരുദ്ധരായ ഇതരകക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചും വിട്ടുവീഴ്ചകള്‍ നടത്തിയും ഒന്നിച്ചു നിന്ന് മുഖ്യശത്രുവിനെ നേരിടണം.ഇന്ത്യന്‍‌ ഇടതുപക്ഷത്തിന് ചരമക്കുറിപ്പെഴുതാന്‍ വ്യഗ്രതപ്പെടുന്നവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്തെ 12 നിയമസഭകളില്‍ ഇടതിന് പ്രാതിനിധ്യമുണ്ട് എന്നതാണത്. ഇങ്ങനെ പന്ത്രണ്ടു നിയമസഭകളില്‍ പ്രാതിനിധ്യമുള്ള മറ്റു രണ്ടു കക്ഷികള്‍ ബി ജെ പിയും കോണ്‍ഗ്രസ്സും മാത്രമാണ്. എന്നിരിക്കിലും ഇടതുപക്ഷം സ്വയം പുനരാവിഷ്കരിക്കേണ്ടതുണ്ട്. സമകാലീന ചരിത്രത്തിലെ ചില വശങ്ങളുമായും ദേശീയരാഷ്ട്രീയത്തില്‍ മുന്നണി രാഷ്ട്രീയം ക്ഷയോന്മുഖമായി എന്ന വസ്തുതയോടും അവര്‍ ഇപ്പോഴും താദാത്മ്യപ്പെട്ടിട്ടില്ല.”

അതായത് ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ പഠിക്കാനും വര്‍ത്തമാനകാലത്തോട് ക്രിയാത്മകമായി ഇടപെടാനും കഴിഞ്ഞാല്‍ ഇടതിന് ഇടം ശേഷിക്കുന്നുണ്ടെന്ന് തന്നെയാണ് പരഞ്ജോയ് ഗുഹ അസന്നിഗ്ദ്ധമായും വ്യക്തമാക്കുന്നുത്. എന്നാല്‍ നാം ഈ ലേഖനത്തിന്റെ ആദ്യം ചര്‍ച്ച ചെയ്തതുപോലെ ഒരാദര്‍ശാത്മക ലോകമല്ല ഇവിടമെന്നും അതുകൊണ്ടുതന്നെ ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ടെന്നുമുള്ള വസ്തുത ഇടതുപക്ഷം മനസ്സിലാക്കുക തന്നെ വേണം.
(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *