റാഞ്ചി:
ജാര്‍ഖണ്ഡില്‍ ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി. യുവാവിന്റെ മരണകാരണം ഹൃദായാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പോലീസ് ന്യായികരണം.
നേരത്തെ, കൊലക്കുറ്റം ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിലാണ് പോലീസിന്റെ വിശദീകരണം. യുവാവിന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നും അതുകൊണ്ടാണ്, പ്രതികളുടെ മേല്‍ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കിയതെന്നുമാണ് പോലീസിന്റെ ന്യായീകരണം.
ജാര്‍ഖണ്ഡിലെ ഖര്‍സ്വാനില്‍ ജൂണ്‍ 18-ന് തബ്രീസ് അന്‍സാരി എന്ന ഇരുപത്തിനാലുകാരൻ ആൾകൂട്ടആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടതിൽ 11 പേര്‍ക്കെതിരേ കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ഏഴ് മണിക്കൂറോളം ക്രൂരമര്‍ദനത്തിനിരയാക്കിയാണ് ആള്‍ക്കൂട്ടം യുവാവിനെ കൊലപ്പെടുത്തിയത്.
തബ്രീസ് അന്‍സാരിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഗ്രാമത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരിക്കുകയായിരുന്നു.
എന്നാൽ, മരണം ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നുവെന്നും ആയതിനാൽ, പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും ജാര്‍ഖണ്ഡിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് തവണ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലും ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് കണ്ടെത്തല്‍. അതേസമയം, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കൊലപാതകം തെളിയിക്കാനുള്ള മറ്റു തെളിവുകളും ഇല്ലായിരുന്നുവത്രെ.
മര്‍ദനത്തിനിടെ ‘ജയ് ശ്രീറാം’ എന്ന് അന്‍സാരിയെകൊണ്ട് വിളിപ്പിക്കുന്നതും യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ പകര്‍ത്തുകയും അത് സോഷ്യല്‍മീഡിയ വഴി
പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു സംഭവം പുറം ലോകമറിയുന്നത്.