തിരുവനന്തപുരം:
മുന്നാറിലെ പോലീസ് സ്റ്റേഷനിലേക്ക് ആഗ്സ്ത് 8 ശനിയാഴ്ച രാത്രി വിചിത്രമായ ഒരു പരാതി ലഭിക്കുന്നു. ഒരു വയസ്സോളം പ്രായമുള്ള ഒരു കൈക്കുഞ്ഞ്, കാടിനടിത്തുള്ള ചെക്ക് പോസ്റ്റിൻ്റെ അടുത്തായി റോഡിലൂടെ ഇഴയുന്നു എന്നായിരുന്നു പരാതി.
വേഗത്തിൽ ഓടിച്ചിരുന്ന ഒരു ജീപ്പിൽ നിന്ന് കുഞ്ഞ് തെന്നി വീണതായിരുന്നു. തലയിലും മുറിവുണ്ടായിരുന്നു. കുടുംബമായി സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന്, അച്ഛനും അമ്മയും ഉറങ്ങി പോയപ്പോൾ, കുഞ്ഞ് ജീപ്പിൽ നിന്ന് തെന്നി വീഴുകയായിരുന്നു. അത്ഭുതപൂർവ്വം അധികം പരിക്കുകളില്ലാതെ കുഞ്ഞ് രക്ഷപ്പെട്ടു.
സി.സി.ടി.വി ദ്യശ്യങ്ങളിൽ കുഞ്ഞ് ജീപ്പിൽ നിന്ന് വീഴുന്നതായും നിമിഷങ്ങൾക്കകം നിലത്ത് മുട്ടിൽ ഇഴയുന്നതായും കാണാം. വിചിത്രമായ ഈ കാഴ്ച കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്.
മുന്നാർ ഭാഗങ്ങളിൽ തുറന്ന ജീപ്പുകളിലാണ് മിക്ക യാത്രകളും. കുഞ്ഞ് കയ്യിൽ നിന്ന് തെറിച്ച് വീണത് ഇങ്ങിനെയാണ്.
പരാതി ലഭിച്ച ഉടനെ സബ് ഇൻസ്പെക്റ്റർ സന്തോഷ് കെ.എം. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം അറിയിച്ചിരുന്നു. പക്ഷെ അപ്പോഴേക്കും കുഞ്ഞിനെ കാണ്മാനില്ല എന്ന് പരാതിയുമായി ബന്ധുക്കളും എത്തിയിരുന്നു.
രാത്രി ഒൻപത് നാൽപ്പതിനു കുഞ്ഞിനെക്കുറിച്ച് വിവരം ലഭിക്കുകയും പത്തു മണിക്കകം തന്നെ പോലീസ് രക്ഷപ്പെടുത്തുകയും ആരോഗ്യ പരിചരണം ലഭ്യമാക്കുകയും ചെയ്തിരുന്നു. പതിന്നൊന്ന് മണിയോടടുപ്പിച്ച് കുഞ്ഞിനെ കാണ്മാനില്ല എന്ന പരാതിയുമായി ആറു കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിൽ ബന്ധുക്കളും എത്തിയിരുന്നു.
തുടർന്ന് കുഞ്ഞിനെ മാതാപിതാക്കളൊടൊപ്പം വിട്ടു.