വെബ്ഡെസ്ക്:
1923 സെപ്റ്റംബര്‍ 14ന് അന്നത്തെ ബോംബെ പ്രസിഡന്‍സിയില്‍ ഉള്‍പ്പെട്ടിരുന്ന സിന്ധ് പ്രവിശ്യയിലെ ശിഖര്‍പൂരില്‍(ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗം) ബൂല്‍ചന്ദ് ഗുരുമുഖ്ദാസ് ജഠ്മലാനിയുടെയും പാര്‍ബതി ബൂല്‍ചന്ദിന്റെയും മകനായി ജനനം.
പഠനത്തില്‍ മികവു കാട്ടിയിരുന്നതിനാല്‍ അന്നത്തെ കാലത്ത് നിലവിലുണ്ടായിരുന്ന ഡബിള്‍ പ്രൊമോഷനിലൂടെ 13-ാം വയസില്‍ മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് പതിനേഴാം വയസില്‍ ഫസ്റ്റ് ക്ലാസോടെ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം. സിന്ധില്‍ അന്ന് സര്‍വകലാശാലകള്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തിയത്.
അഭിഭാഷകനാകാന്‍ ബാര്‍ കൗണ്‍സില്‍ നിശ്ചയിച്ചിരുന്ന കുറഞ്ഞ പ്രായം കുറഞ്ഞ പ്രായം 21 ആയിരുന്നു. ഇതിനെതിരെ ആയിരുന്നു ജഠ്മലാനി കോടതിയില്‍ നടത്തിയ ആദ്യ വാദം. സിന്ധ് കോടതിയിലെ ജസ്റ്റിസ് ഗോഡ്ഫ്രി ഡേവിസായിരുന്നു വാദം കേട്ടത്. തുടര്‍ന്ന് രാംജഠ്മലാനി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ അഭിഭാഷനായി പ്രാക്ടീസ് ആരംഭിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക അനുമതി ലഭിച്ചു. തുടര്‍ന്ന് ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നു തന്നെ ബിരുദാനന്തര ബിരുദമായ എല്‍.എല്‍.എമ്മും കരസ്ഥമാക്കി.
ഇന്ത്യാ വിഭജന കാലത്തിന് മുമ്പ് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് ജഠ്മലാനി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. സുഹൃത്തായ എ.കെ. ബ്രോഹിയോടൊപ്പം ചേര്‍ന്ന് കറാച്ചിയില്‍ വക്കീല്‍ ഓഫീസും തുടങ്ങി.
ഇതിനിടെ 18ാം വയസില്‍ ദുര്‍ഗയെയും 1947ല്‍ അഭിഭാഷകയായിരുന്ന രത്‌ന സഹാനിയെയും അദ്ദേഹം വിവാഹം കഴിച്ചിരുന്നു. (പാകിസ്ഥാനില്‍ ഉള്‍പ്പെടുന്ന സിന്ധ് പ്രവിശ്യയില്‍ അന്നു ബഹുഭാര്യാത്വം നിലവിലുണ്ടായിരുന്നു.)
ഇന്ത്യാ വിഭജനത്തിന്റെ ഭാഗമായി 1948ല്‍ കറാച്ചിയില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. സ്വയ രക്ഷക്കായി ഇന്ത്യയുടെ ഭാഗമായ ബോംബെയിലെത്തിയ രാംജഠ്മലാനിയുടെ കീശയിലുണ്ടായിരുന്നത് ഒരു പൈസയുടെ നാണയം മാത്രമായിരുന്നു. പണമില്ലാതിരുന്നതിനാല്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞു.
അഭയാര്‍ത്ഥി എന്ന നിലയില്‍ തന്നെയാണ് ഇന്ത്യയില്‍ തന്റെ ആദ്യത്തെ കേസ് അദ്ദേഹം വാദിക്കുന്നത്. അന്നത്തെ ബോംബേ മുഖ്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി കൊണ്ടുവന്ന ബോംബേ റെഫ്യൂജി ആക്റ്റിനെതിരെ. അഭയാര്‍ത്ഥികളെ തടവുകാരെ പോലെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്നതായിരുന്നു നിയമം. ഈ നിയമം ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നു കാണിച്ച് ബോംബെ ഹൈക്കോടതിയില്‍ രാംജഠ്മലാനി കേസ് ഫയല്‍ ചെയ്തു. സര്‍ക്കാരിനെതിരെ സ്വയം വാദിച്ച കേസില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
അഭിഭാഷകവൃത്തി തുടരുന്നതിനൊപ്പം 1954ല്‍ മുംബൈ ലോ കോളേജില്‍ പാര്‍ട്ട് ടൈം അധ്യാപകനായി ചേര്‍ന്നു. മിഷിഗണിലെ വെയ്ന്‍ സ്്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിയമത്തില്‍ ക്ലാസെടുക്കുന്ന ഗസ്റ്റ് അധ്യാപകനായിരുന്നു.
1959ല്‍ വാദിച്ച കെ.എം. നാനാവതിയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ പ്രോസിക്യൂട്ടര്‍ ആയതാണ് രാംജഠ്മലാനിയെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. പില്‍കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ വൈ.വി ചന്ദ്രചൂഡായിരുന്നു എതിര്‍ഭാഗം അഭിഭാഷകന്‍.
ഇതിനിടെ ഒന്നിലധികം തവണ കള്ളക്കടത്തുകാരുടെ കേസുകള്‍ ഏറ്റെടുത്ത ജഠ്മലാനിക്കെതിരെ കള്ളക്കടത്തുകാരുടെ വക്കീല്‍ എന്ന ആരോപണവുമുണ്ടായി. തന്റെ ജോലിയാണ് താന്‍ ചെയ്യുന്നത് എന്നായിരുന്നു ഇതിന് രാംജഠ്മലാനിയുടെ വിശദീകരണം.
ഇതിനിടെ അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ജഠ്മലാനി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയിരുന്ന മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളായിരുന്ന രാംജഠ്മലാനിയുടെ വാക്കുകള്‍ക്കും വാദങ്ങള്‍ക്കും ഇന്ത്യന്‍ ജനത എന്നും കാതോര്‍ത്തിരുന്നു. സുപ്രീം കോടതിക്കുള്ളില്‍ എന്ന പോലെ ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു.
ജഠ്മലാനിയുടെ രാഷ്ട്രീയ ജീവിതം
ആദ്യകാലത്ത് ഭാരതീയ ജനസംഘത്തിന്റെയും ശിവസേനയുടെയും പിന്തുണയോടെ മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറില്‍ നിന്നും ജനവിധി തേടിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.
1975 മുതല്‍ 1977 വരെ രാജ്യം അടിയന്തിരാവസ്ഥയില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്നു ജഠ്മലാനി. രൂക്ഷമായ വിമര്‍ശനങ്ങളാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗാന്ധിക്കെതിരെ അദ്ദേഹം ഉന്നയിച്ചത്. ഇതിന്റെ പ്രതികാരമായി ജഠ്മലാനിക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ നാനി പല്‍കി വാലയുടെ നേതൃത്വത്തില്‍ മുന്നൂറോളം അഭിഭാഷകര്‍ രാംജഠ്മലാനിക്കുവേണ്ടി രംഗത്തെത്തി. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഈ അറസ്റ്റുവാറണ്ട് സ്‌റ്റേ ചെയ്തു.
പിന്നീട് അടിയന്തിരാവസ്ഥയുടെ അവസാനത്തോടെ 1977ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നിയമ മന്ത്രിയായിരുന്ന എച്ച്.ആര്‍. ഗോഖലെയെ പരാജയപ്പെടുത്തി ജഠ്മലാനി ബോംബെ നോര്‍ത്ത് – വെസ്റ്റ് മണ്ഡലം പിടിച്ചെടുത്തു. തുടര്‍ന്ന് 1980ലും അദ്ദേഹം ഇതേ സീറ്റു നിലനിര്‍ത്തി. എന്നാല്‍ 1985ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുനില്‍ ദത്തിനോട് പരാജയപ്പെട്ടു.
പിന്നീട് 1988ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ ഒന്നാം വാജ്‌പേയ് സര്‍ക്കാരില്‍ കേന്ദ്ര നിയമ മന്ത്രിയായി. പിന്നീട് വാജ്‌പേയ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ 1998ല്‍ കേന്ദ്ര തൊഴില്‍- നഗരകാര്യ മന്ത്രിയായി ജഠ്മലാനി.
പിന്നീട് 1999 ഒക്ടോബര്‍ 13ന് ജഠ്മലാനി വീണ്ടും നിയമ മന്ത്രിയായി ചുമതലയേറ്റു. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആദര്‍ശ് സെയിന്‍ ആനന്ദ്, അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി എന്നിവരുമായുണ്ടായ അഭിപ്രായ ഭിന്നത വിവാദമായതോടെ അധികം വൈകാതെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. ബി.ജെ.പി. നേതാവ് എല്‍.കെ. അഡ്വാനിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ജഠ്മലാനിയെ വാജ്‌പേയ് ക്യാബിനറ്റ് മന്ത്രിയാക്കിയിരുന്നത്.
പിന്നീട് 2004ലെ പൊതു തെരഞ്ഞെടുപ്പില്‍ ലക്‌നൗ ലോകസഭാ മണ്ഡലത്തില്‍ വാജ്‌പേയ്‌ക്കെതിരായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രാംജഠ്മലാനി മത്സരിച്ചിരുന്നു. ഈ മണ്ഡലത്തില്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജഠ്മലാനിയെ സഹായിച്ചെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല.
പിന്നീട് 2010ല്‍ രാജസ്ഥാനില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ രാംജഠ്മലാനി രാജ്യസഭയിലെത്തി. 2016 ജൂലൈ ട്ടെുമുതല്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
ബി.ജെ.പി.യില്‍ നിന്നും പുറത്തേക്ക്
2012ല്‍ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന അഴിമതികള്‍ക്കെതിരെ പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി പ്രതിഷേധിക്കാത്തതിന് ജഠ്മലാനി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ‘ബി.ജെ.പി രോഗശയ്യയിലാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രസ്ഥാവനയുടെ പേരില്‍ ബിജെപി രാംജഠ്മലാനിയെ ആറു വര്‍ഷത്തേക്ക് ബി.ജെ.പി. പുറത്താക്കി. തുടര്‍ന്ന് തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനും പാര്‍ട്ടിക്ക് യോജിക്കാത്ത വ്യക്തിയാണെന്ന് ആരോപിച്ചതിനുമെതിരെ അന്‍പതു ലക്ഷം രൂപയ്ക്ക് ജഠ്മലാനി മാന നഷ്ടക്കേസ് നല്‍കിയതും ചരിത്രം.