ദുബായ് :
തുഷാർ വെള്ളാപ്പള്ളിക്കെതിരെ മലയാളിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസ് തള്ളി അജ്‌മാൻ കോടതി.
പരാതിക്കാരൻ മതിയായ തെളിവുകൾ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ ചേർന്ന കോടതിയിൽ കേസ് തള്ളിയത്. ഇതിനു പിന്നാലെ, കോടതിയിൽ ജാമ്യത്തിലായിരുന്ന തുഷാറിന്റെ പാസ്പോർട്ടും കോടതി തിരിച്ചു നൽകി.
ബി.ഡി.ജെ.എസ്. നേതാവായ തുഷാറിന്റെ വർഷങ്ങൾക്ക് മുമ്പുള്ള യു.എ.ഇ.യിലെ സ്ഥാപനത്തിന് വേണ്ടി കരാറെടുക്കുകയും ജോലി ചെയ്യുകയും ചെയ്ത വകയിൽ തുഷാറിൽ നിന്ന് കിട്ടിയ ചെക്ക് പണമില്ലാതെ മടങ്ങിയെന്ന് കാണിച്ചാണ് കൊടുങ്ങല്ലൂർ സ്വദേശമായ നാസിൽ അബ്ദുല്ല പരാതി നൽകിയിരുന്നത്. തുടർന്ന്, നാട്ടിലായിരുന്ന തുഷാർ വെള്ളാപ്പള്ളിയെ തന്ത്രത്തിൽ ദുബായിലേക്ക് വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ തുഷാർ വ്യവസായിയായ എം.എ.യുസുഫ് അലി ജാമ്യത്തുക കെട്ടിവെച്ചതിനു ശേഷമാണ് ജയിൽ മോചിതനായത്.
അതേസമയം, കേസ് ഒത്തുതീർപ്പാക്കാൻ നാസിൽ ആറു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും മൂന്നു കോടി മാത്രം നൽകാമെന്നായിരുന്നു തുഷാറിന്റെ പക്ഷം. ഇതിന് നാസിൽ അബ്ദുല്ല വഴങ്ങിയില്ല. ഇതോടെ കേസുമായി മുന്നോട്ടു പോകാൻ തുഷാർ തീരുമാനിക്കുകയായിരുന്നു.
കേസ് തള്ളപ്പെട്ടതോടുകൂടി, അതുമായി ബന്ധപ്പെട്ടു തുഷാറിന് നിലനിന്നിരുന്ന യാത്രാവിലക്കും മാറ്റിയിട്ടുണ്ട്. ഇനി തുഷാറിന് കേരളത്തിലേക്ക് മടങ്ങാന്‍ തടസ്സമില്ല.