Mon. Dec 23rd, 2024
വെബ് ഡെസ്‌ക് :

പതിമൂന്നാം വയസില്‍ ഡബിള്‍ പ്രൊമോഷനോടെ മെട്രിക്കുലേഷന്‍. പതിനേഴാം വയസില്‍ നിയമബിരുദം. അവിടെ തുടങ്ങുന്നു രാംജഠ്മലാനി എന്ന അഭിഭാഷകന്റെ കരിയര്‍. അഭിഭാഷകനാകാന്‍ കുറഞ്ഞത് 21 വയസു വേണമെന്ന ബാര്‍ കൗണ്‍സില്‍ നിയമത്തിനെതിരെ ആദ്യ പോരാട്ടം. പ്രത്യേക വിധി നേടിയെടുത്ത് കറാച്ചിയിലെ കോടതിയില്‍ അഭിഭാഷകനായി ജീവിതം തുടങ്ങുന്നു.

ഇന്ത്യാ വിഭജനത്തിനുശേഷം ബോംബെയിലേക്ക് പലായനം ചെയ്തു. അഭയാര്‍ത്ഥിയായിതന്നെ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സ്വതന്ത്ര ഇന്ത്യയില്‍ ആദ്യത്തെ വാദം. ഈ കേസില്‍ ബോംബെ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി നേടിയെടുക്കാനു ജഠ്മലാനിക്കു കഴിഞ്ഞു. മൊറാര്‍ജി ദേശായി കൊണ്ടുവന്ന നിയമം ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു.

പ്രമാദമായ കേസുകള്‍ സുപ്രീം കോടതിയില്‍ വാദിച്ചതും ഇത്തരം പല കേസുകളിലും ഉന്നയിച്ച കരുത്തുറ്റ വാദങ്ങളും രാം ജഠ്മലാനിയെ പ്രശസ്തനാക്കി. പധാനപ്പെട്ട കേസുകളില്‍ തന്റെ കക്ഷികള്‍ക്കായി വാദിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും ജഠ്മലാനി പറന്നെത്തിയിരുന്നു.

വിവാദമായ പല ക്രിമിനല്‍ കേസുകളുടെയും വാദം നടക്കുന്ന കോടതികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു കേസുകള്‍ വിജയിക്കാന്‍. കക്ഷികളുടെ ഈ വിശ്വാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന അഭിഭാഷകരില്‍ ഒരാളാക്കി രാം ജഠ്മലാനിയെ മാറ്റി. ഫീസ് എന്നത് ഇത്തരം കക്ഷികള്‍ക്കൊരു വിഷയമേ ആയിരുന്നില്ല.

1959ല്‍ വിവാദമായ കെ.എം. നാനാവതി v/s മഹാരാഷ്ട്ര സര്‍ക്കാര്‍ കേസിലൂടെയാണ് പ്രോസിക്യൂട്ടറായി എത്തിയ രാംജഠ്മലാനി എന്ന അഭിഭാഷകന്‍ ശ്രദ്ധേയനാവുന്നത്. നേവിയില്‍ കമാന്‍ഡറായിരുന്ന കെ.എം നാനാവതി തന്റെ ഭാര്യയുടെ കാമുകനായിരുന്ന പ്രേം അഹുജയെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

1992ലെ ഓഹരി കുംഭകോണ കേസില്‍ ഹര്‍ഷദ് മേത്തയുടെ അഭിഭാഷകനായി എത്തിയത് രാം ജഠ്മലാനി ആയിരുന്നു. 27 ക്രിമിനല്‍ കേസുകളായിരുന്നു ഹര്‍ഷദ് മേത്തക്കെതിരെ ചുമത്തിയിരുന്നത്.

സമാനമായ കേസില്‍ ഓഹരി ദല്ലാളായ കേതന്‍ പരേഖിനു വേണ്ടിയും 2008ല്‍ ജഠ്മലാനി കോടതിയിലെത്തി. 1998 മുതല്‍ 2001 വരെ നടന്ന ഓഹരി വിപണി തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു കേതന്‍ പരേഖിനെ പ്രതിയാക്കി കേസെടുത്തിരുന്നത്.

ഇന്ദിരാ ഗാന്ധിയുടെ കൊലയാളികള്‍ക്കു വേണ്ടിയും, രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍, ശാന്തന്‍, മുരുഗന്‍, എന്നിവര്‍ക്കു വേണ്ടിയും രാം ജഠ്മലാനി ഹാജരായി.

ജെയിന്‍ ഹവാല കേസില്‍ എല്‍.കെ അഡ്വാനിയുടെ അഭിഭാഷകന്‍ രാം ജഠ്മലാനിയായിരുന്നു. വിദേശ നാണയ വിനിമയ ചട്ടം മറികടന്ന് രാജ്യത്തേക്ക് ഹവാല ഇടപായിലൂടെ കോടിക്കണക്കിന് രൂപ കടത്തി. ഇതിന്റെ വിഹിതമായി 180 കോടിയോളം രൂപ എല്‍.കെ അഡ്വാനി അടക്കമുള്ള നേതാക്കള്‍ കൈപ്പറ്റി എന്നായിരുന്നു കേസ്. 50,000 രൂപ മുതല്‍ 7.5 കോടി വരെയാണ് നേതാക്കള്‍ക്ക് കൈക്കൂലിയായി ലഭിച്ചത്.

പ്രമാദമായ ജെസീക്കലാല്‍ കൊലപാതക കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകനായ മനു ശര്‍മക്കു വേണ്ടി വാദിച്ചത് രാംജഠ്മലാനി ആയിരുന്നു.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി നേതാവ് അമിത്ഷായ്ക്കു വേണ്ടി ഹാജരായ അതേ ജഠ്മലാനി തന്നെ ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ സഞ്ജയ് ചന്ദ്ര, കനിമൊഴി, എന്നിവര്‍ക്കു വേണ്ടിയും കോടതിയിലെത്തി.

അധോലോക നായകനായ ഹാജി മസ്താനുവേണ്ടിയും ഹഷീഷ് കള്ളക്കടത്തു നടത്തിയതിന് അഞ്ചു വര്‍ഷം ജയിലില്‍ കിടന്ന ബ്രിട്ടീഷ് പൗരന്‍ ഡെയ്‌സി ആംഗസിനു വേണ്ടിയും രാംജഠ്മലാനി ഹാജരായിട്ടുണ്ട്.

കാലിത്തീറ്റ കുംഭകോണ കേസില്‍ 2013ല്‍ ലാലു പ്രസാദ് യാദവിനു വേണ്ടിയും സഹാറ കേസില്‍ സുബ്രതോ റോയിക്കു വേണ്ടിയും അദ്ദേഹം വാദിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കു വേണ്ടി ഹാജരായതും ജഠ്മലാനി തന്നെ.

രാംലീല മൈതാനത്തുണ്ടായ പ്രക്ഷോഭത്തിന്റെ പേരില്‍ ബാബാ രാംദേവിനു വേണ്ടി ഹാജരായ ജഠ്മലാനി നേവി വാര്‍റൂം ലീക്ക് കേസില്‍ കുല്‍ഭൂഷണ്‍ പരാശരനുവേണ്ടിയും, രാമാവതാര്‍ ജാഗി കൊലക്കേസില്‍ അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിക്കു വേണ്ടിയും ഹാജരായി. അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയലളിതക്കു വേണ്ടി കര്‍ണാടക ഹൈക്കോടതിയിലും അദ്ദേഹം ഹാജരായിട്ടുണ്ട്.

അരുണ്‍ ജെയ്റ്റിലി നല്‍കിയിരുന്ന മാനനഷ്ട കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനു വേണ്ടിയും ഹാജരായി

2001ലെ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന് വധശിക്ഷ നല്‍കാനുള്ള വിധിയെ ജഠ്മലാനി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ അഫ്‌സല്‍ ഗുരുവിന്റേ കേസ് അദ്ദേഹം വാദിച്ചിരുന്നില്ല.

കൃത്യം രണ്ടു വര്‍ഷം മുമ്പ് 2017 സെപ്റ്റംബര്‍ ഒന്‍പതിനാണ് അഭിഭാഷക ജോലി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

ഇന്റര്‍ നാഷണല്‍ ജസ്റ്റിസ് അവാര്‍ഡും, ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യത്തിനെതിരെ നിയമ പോരാട്ടം നടത്തിയതിന് മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *