ന്യൂഡൽഹി:
മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് വിജയ താഹിൽരമണിക്ക് മേഘാലയയിലേക്ക് സ്ഥലമാറ്റം നൽകിയതിൽ പ്രതിഷേധിച്ചു കോടതി നടപടികൾ ബഹിഷ്കരിക്കാനൊരുങ്ങി ഒരുകൂട്ടം അഭിഭാഷകർ. ചൊവ്വാഴ്ച പ്രതിഷേധാർഹമായി കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കാനാണ് അഭിഭാഷകരുടെ തീരുമാനം. താഹിൽരമണിയെ സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമന്ന് ആവശ്യപ്പെട്ട് കൊളീജിയത്തിന് നേരത്തെ അഭിഭാഷകർ കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം, രാജ്യത്തെ സീനിയർ ന്യായാധിപമാരിലൊരാളായ താഹിൽരമണിയെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് സ്ഥലം മാറ്റുന്ന തീരുമാനത്തിൽ പ്രതിഷേധിച്ചു രമണി രാഷ്ട്രപതിക്ക് രാജി കത്ത് നൽകിയിരുന്നു.
അതേസമയം, കൊളീജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി നൽകിയ നിവേദനം തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ്, പ്രതിഷേധ നടപടികളിലേക്ക് അഭിഭാഷകർ പോയിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് വ്യക്തമായൊരു കാരണം കൊളീജിയം നൽകണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ്, വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം തീരുമാനിച്ചത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പിന്നാലെ, ജിഡ്ജിമാരുടെ യോഗത്തില്‍ രാജി തീരുമാനം വ്യക്തമാക്കിയതിന് ശേഷം രാഷ്ട്രപതിക്ക് താഹില്‍രമണി രാജി കത്ത് നല്‍കുകയായിരുന്നു.
രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ, 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതിയിൽ നിന്നും മൂന്ന് ജഡ്ജിമാർ മാത്രമടങ്ങുന്ന മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റിയത് വലിയ ചർച്ചയായിരുന്നു.
മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ, താഹില്‍രമണിയാണ് ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു അന്നത്തെ മുംബൈ ഹൈക്കോടതിയുടെ വിധി.