ദുബായ്:
പൊതു, സ്വകാര്യമേഖലകളില്‍ സ്വദേശിവത്ക്കരണം ശക്തമാക്കാനുള്ള പുതിയ അജണ്ടയുമായി ദുബായ് ഭരണകൂടം. ഹിജ്റ പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തിൽ ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ പ്രഥമ പരിഗണനയില്‍പ്പെടുന്ന കാര്യമാണെന്ന് ദുബായ് ഭരണാധികാരി അറിയിച്ചിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ആണ് സ്വദേശികൾക്ക് ഗുണം ചെയ്യുന്ന പുതിയ തീരുമാനം അറിയിച്ചത്. വരുന്ന മന്ത്രിസഭാ യോഗത്തില്‍ സ്വദേശിവത്കരണം പ്രധാന അജണ്ടയാക്കാനാണ് ദുബായ് ഭരകൂടത്തിന്റെ ആലോചന.
ദുബായിലെ ഓരോ എമിറേറ്റുകളെയും സ്വദേശിവത്കരണത്തോടനുബന്ധിച്ച് ഭരണാധികാരികള്‍ സൂഷ്മമായി നിരീക്ഷിച്ചു വരുന്നുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഇതു സംബന്ധിച്ച പദ്ധതിരേഖ തയ്യാറാക്കാനാണ് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍റെ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി നേരത്തെ, സ്വകാര്യമേഖലകളില്‍ ഇമറാത്തികള്‍ക്ക് അവസരം നല്‍കുന്ന ‘സുല്‍ത്താന്‍ അല്‍ ഖാസിമി എമിറൈറ്റൈസ്ഷന്‍ പ്രോജക്ടി’ന് ഷാർജയിൽ തുടക്കമിട്ടിരുന്നു. വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഇമറാത്തികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ പുതു നീക്കങ്ങൾ.