എറണാകുളം:
പ്രശസ്ത മലയാളം ആഴ്ചപ്പതിപ്പായ മാതൃഭൂമിക്കെതിരെ ഗുരുതര ആരോപണവുമായി കഥാകൃത്തായ രവി രാജ രംഗത്ത്. ഓണപ്പതിപ്പിനായി വാരികയിലെ തന്റെ കഥയെ മുഴുവനായും മാറ്റി എഴുതി പ്രസിദ്ധീകരിച്ചുവെന്നാണ് രാജ അറിയിക്കുന്നത്. ‘കോമാളി’ എന്ന പേരിൽ താൻ രചിച്ച കഥ ഓണപ്പതിപ്പിനു വേണ്ടിയായിരുന്നില്ലെന്നും എന്നാൽ, തന്റെ കഥയുടെ ആത്മാവിനു(കാരക്ടർ) തന്നെ ഭംഗം വരുത്തിയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്നും 1981 മുതൽ മാതൃഭൂമിയുടെ സ്ഥിരം എഴുത്തുകാരനായ രാജ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.
‘ഏറ്റവും അധികം കഥകൾ വാരികയിൽ പ്രസിദ്ധികരിച്ചിട്ടുള്ള കൃത്ത്/കർത്താവ് എന്ന നിലയ്ക്കാണ് ഇങ്ങനെയൊരു കത്ത് എഴുതാൻ ഞാൻ മുതിരുന്നത്.
ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ഓണപതിപ്പിൽ എന്റെ ‘കോമാളി’ എന്ന രചന ഉൾപ്പെടുത്തിയിട്ടുണ്ട്.
പക്ഷെ, ഒന്നാമതായി അത് ഞാനൊരു ഓണപ്പതിപ്പ് കൃതിയായി നല്കിയതല്ല. പിന്നെ ഏറ്റവും ഗുരുതരം ഇത്; ഞാൻ അയച്ചു കൊടുത്ത കയ്യെഴുത്തുകൃതിയുടെ ‘character’ തന്നെ മാറ്റും വിധത്തിലാണ് ചെയ്തിട്ടുള്ളത്.’ രവി രാജ പറയുന്നു.
ക്ഷമിക്കാൻ കഴിയാത്ത തെറ്റാണ് ലക്കത്തിന്റെ പത്രാധിപർ തന്നോട് കാണിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ അക്ഷരത്തെറ്റുകൾ വരെ കാണാൻ സാധിച്ചുവെന്നും കൈപ്പടയിൽ എഴുതി തയ്യാറാക്കിയ ഒരു കുറിപ്പിലൂടെ രാജ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഒരു ക്ഷമാപണക്കുറിപ്പോടുകൂടി തന്റെ കഥ പുന:പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ആരാഞ്ഞു.
നിലവിൽ, ആഴ്ചപ്പതിപ്പിന്റെ ഇപ്പോഴത്തെ പത്രാധിപരും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രനോട് ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും വോക്ക് ജേർണലുമായുള്ള ഫോൺ സംഭാഷണത്തിനിടെ രവി രാജ അറിയിച്ചു.