ധാക്ക:
ബംഗ്ലാദേശിലെ ഒരു ചേരിയിൽ നിന്നും ത്രസിപ്പിക്കുന്ന ഗാനവുമായി എത്തിയ മുഹമ്മദ് റാണ എന്ന പത്തുവയസുകാരൻ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. റൺവീർ സിങും ആലിയ ഭട്ടും ബോളിവുഡിൽ ഹിറ്റാക്കിയ, ‘ഗല്ലി ബോയ്’ എന്ന ചിത്രത്തിലെ ‘അപ്ന ടൈം ആയേഗാ’ (നിന്റെ സമയം വരും) എന്ന പാട്ടിലെ ഈണവുമായാണ് ഈ കൊച്ചു ഗല്ലി ബോയുടെ വരവ്. കടുത്ത ദരിദ്ര കുടുബത്തിൽ പിറന്ന റാണയുടെ ജീവിതം തന്നെ ഈ ഒറ്റ ഗാനം കൊണ്ട് മാറിമറിഞ്ഞിരിക്കുകയാണ്.
മുഹമ്മദ് റാണയെ പള്ളിക്കൂടത്തിൽ വിടാനുള്ള സാമ്പത്തികം വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ, തെരുവീഥികളിലൂടെ അലഞ്ഞു തിരിയുന്ന റാണയെ ഒരുദിവസം ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥിയായ മഹ്മൂദ് ഹസൻ തബിബ് കണ്ടെത്തി. പിന്നാലെ, എല്ലാം മാറി.
“ഗല്ലി ബോയ്(തെരുവിലെ റാപ് ഗായകന്റെ കഥ പറയുന്ന ചിത്രം) എന്ന സിനിമ കണ്ട ശേഷം, എനിക്ക് തോന്നി നമ്മുടെ ചേരികളിലും ഉണ്ട് ഇതിനു സമാനമായ കഥകൾ. നമുക്കും ഉണ്ട് പ്രതിഭാധനന്മാരായ തെരുവിന്റെ കുട്ടികൾ. റാപ്പിംഗ് ചെയ്ത് കൊണ്ടിരുന്ന മുഹമ്മദിനെ(റാണ) കണ്ടുമുട്ടിയപ്പോഴാണ്, എനിക്കൊരു ബുദ്ധിയുദിച്ചത്. ആളുകൾക്ക് അവന്റെ ജീവിതം മനസിലാക്കികൊടുക്കും വിധത്തിൽ അവനുവേണ്ടി ഒരു ഗാനം രചിക്കാൻ എനിക്ക് കഴിയും. അവനോടൊപ്പം സമയം ചിലവിട്ടു ഞാൻ അവന്റെ ജീവിതം മനസ്സിലാക്കി. ഒടുവിൽ, അവന്റെ ജീവിതം ആസ്പദമാക്കി ഗല്ലി ബോയുടെ പാട്ടുണ്ടാക്കി.” ഹസൻ തബിബ് പറയുന്നു.
നിലവിൽ, കൊച്ചു ഗല്ലി ബോയുടെ ഗാനം ദശലക്ഷക്കണക്കിനു ഉപഭോക്താക്കളാണ് സമൂഹമാധ്യമങ്ങളിലൂടെ കാണുകയും ആശംസകളർപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.
ഗല്ലി ബോയുടെ അമ്മയും കുട്ടിയുടെ പുതിയ അവസ്ഥയിൽ വളരെയധികം സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.
“ഇന്നെനിക്ക് വളരെ അഭിമാനം തോന്നുന്നുണ്ട്, അവനെ ചുറ്റുമുള്ളവർ തിരിച്ചറിയുന്നുണ്ട്. എന്നാൽ, അവനു വിദ്യാഭ്യാസം നൽകാൻ എനിക്ക് കഴിഞ്ഞില്ല. അതിനുള്ള സാമ്പത്തികം ഞങ്ങളുടെ കയ്യിലില്ല.” റാണയുടെ അമ്മ മനസുതുറക്കുന്നു.
പക്ഷെ, ഇന്ന് ഗല്ലി ബോയ് സ്കൂളിൽ പോയ് തുടങ്ങിയിട്ടുണ്ട്. പുതിയൊരു സ്പോന്സറിനെ കണ്ടെത്തും വരെ ഹസൻ തബിബാണ് ഗല്ലി ബോയുടെ വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നത്.
താൻ പഠിച്ചു ധാക്ക സർവകലാശാലയിലെത്തും തുടർന്ന്, വിദ്യാസമ്പന്നനായ ഒരു വ്യക്തിയാവുകയും ഓരോ വർഷവും അഞ്ചോ ആറോ പാട്ടുകളുണ്ടാക്കുകയും ചെയ്യും എന്നൊക്കെയാണ് കൊച്ചു ഗല്ലി ബോയ് തന്റെ സ്വപ്നങ്ങളെയൊക്കെ കുസൃതിയോടെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
[…] അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ തിരഞ്ഞെടുത്തു. ഈ വര്ഷം ഫെബ്രുവരി […]