Sun. Nov 17th, 2024
വെബ് ഡെസ്‌ക്:

ഇതുവരെ പണം ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ള തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന തുഷാറിന്റെ വാദങ്ങള്‍ പൊളിച്ചു കൊണ്ടാണ് തുഷാറിന്റെ ഫേസ് ബുക്ക് പേജില്‍ നാസില്‍ എഴുതിയിരുന്ന കമന്റ് വീണ്ടും ചര്‍ച്ചയായത്. അതേസമയം അഞ്ച് മാസങ്ങള്‍ക്കു മുമ്പ് എഴുതിയിരുന്ന നാസിലിന്റെ കമന്റ് വാര്‍ത്ത പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. മാര്‍ച്ച് 27ന് തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുന്നതായി അറിയിച്ചു കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് നാസില്‍ തന്റെ കമന്റ് എഴുതിയിരുന്നത്.

വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് പലരും ഈ കമന്റ് അന്വേഷിച്ച് തുഷാറിന്റെ പോസ്റ്റിനു താഴെ തിരഞ്ഞിരുന്നു. എന്നാല്‍ ആയിരത്തിലധികം വരുന്ന കമന്റുകള്‍ക്കിടയില്‍ നിന്ന് നാസില്‍ പോസ്റ്റു ചെയ്തിരുന്ന രണ്ടു കമന്റുകള്‍ മാത്രം അപ്രത്യക്ഷമാവുകയായിരുന്നു. കമന്റ് ഡിലീറ്റു ചെയ്ത വിവരം മനസിലാക്കിയ ചിലര്‍ ഇവിടെയുണ്ടായിരുന്ന നാസിലിന്റെ കമന്റുകള്‍ എവിടെ എന്നും ചോദിച്ചിട്ടുണ്ട്. ഇതിനിടെ മാധ്യമങ്ങളില്‍ വാര്‍ത്തയ്‌ക്കൊപ്പം കണ്ടിരുന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ ആദ്യം കമന്റുണ്ടായിരുന്ന സ്ഥലത്ത് പോസ്റ്റു ചെയ്തിട്ടുമുണ്ട്.

നാസില്‍ അബ്ദുള്ള തന്റെ ഫേസ്ബുക്ക് പേജിലും പഴയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുള്‍പ്പെടെ ലിങ്ക് വീണ്ടും നല്‍കിയിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇറങ്ങി പുറപ്പെട്ട തുഷാര്‍ തൃശൂരിലെ വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചായിരുന്നു ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നത്.

തുഷാറിന് വന്നിരുന്ന ആശംസാ കമന്റുകള്‍ക്കിടയിലായിരുന്നു തനിക്ക് ലഭിക്കാനുള്ള പണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നാസില്‍ കമന്റു ബോക്‌സില്‍ കുറിപ്പിട്ടത്. ആദ്യം ആളുകള്‍ക്ക് കൊടുക്കാനുള്ള പണം കൊടുത്ത് മാന്യത കാണിക്കൂ എന്നിട്ടു മതി ഇങ്ങനെയുള്ള ജനസേവനം. താങ്കളെ പോലെയുള്ള ഗജ ഫ്രോഡുകള്‍ക്ക് ഇരിക്കാനുള്ള ഇടമല്ല ഇന്ത്യന്‍ പാര്‍ലമെന്റ് എന്നും പ്രബുദ്ധരായ കേരള ജനത എട്ടു നിലയില്‍ പൊട്ടിച്ച് കയ്യില്‍ തരുമെന്നും നാസില്‍ കമന്റ് ബോക്‌സില്‍ കുറിച്ചിരുന്നു.

ഇതിനിടെ നാസിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടി കമന്റുകളും വന്നിരുന്നു. ഇതോടെ തുഷാര്‍ അനുകൂലികളുടെ വര്‍ഗീയമായ അധിക്ഷേപങ്ങളും കമന്റായി നാസിലിനെതിരെ വന്നു തുടങ്ങി.

അടുത്ത കമന്റില്‍ നാസില്‍ കുറിച്ചത് ഇങ്ങനെ – പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാകണം അല്ലാതെ വ്യക്തിപരമായ നേട്ടത്തിനാകരുത്. ഈ മനുഷ്യന് അത്തരം സത്യസന്ധതയില്ല എന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. അത് ഞാന്‍ ഇവിടെ പറഞ്ഞപ്പോള്‍ എന്റെ മതമാണ് പലര്‍ക്കും പ്രശ്‌നം. എന്നും നാസില്‍ കുറിച്ചിരുന്നു. ഈ കമന്റുകളെല്ലാം തുഷാറിന്റെ പോസ്റ്റിനു താഴെ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയപ്പോഴാണ് തുഷാര്‍ തൃശൂര്‍ ഉപേക്ഷിച്ച് വയനാട്ടിലേക്കു പോയത്.

ഇതിനിടെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ നാസില്‍ അബ്ദുള്ള നല്‍കിയ സിവില്‍ കേസ് ദുബൈ കോടതി ഫയലില്‍ സ്വീകരിച്ചു. ചെക്ക് കേസില്‍ അജ്മാന്‍ കോടതിയില്‍ ക്രിമിനല്‍ കേസ് ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് സിവില്‍ കേസു കൂടി നല്‍കിയിട്ടുള്ളത്.

ഇതിനിടെ ഒരു ഫോണ്‍ റെക്കോര്‍ഡ് ഉപയോഗിച്ച് നാസില്‍ അബ്ദുള്ളയുടെ കേസ് കെട്ടിച്ചമച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംഘവും ശ്രമം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നാസില്‍ ഇന്നലെ തന്റെ ഫേസ് ബുക്കില്‍ ഒരു കുറിപ്പും പോസ്റ്റു ചെയ്തിരുന്നു.

ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയ ആളാണു താന്‍ എന്നും തന്റെ ബിസിനസുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെ തുടക്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ടതാണെന്നും നാസില്‍ അബ്ദുള്ള കുറിച്ചു. മറ്റെല്ലാ സാധ്യതകളും അവസാനിച്ചിടത്താണ് നിയമപരമായ സാധ്യതകളിലേക്ക് നീങ്ങിയത്. വ്യക്തിപരമായി പരാജയങ്ങള്‍ മാത്രം അനുഭവിക്കേണ്ടി വന്ന ആളാണ് താന്‍. എങ്കിലും ഇനിയുള്ള സുപ്രഭാതങ്ങള്‍ വിജയത്തിന്റെതാകും എന്ന പ്രതീക്ഷയാണ് തന്നെ മുന്നോട്ടു ചലിപ്പിക്കുന്നതെന്നും നാസില്‍ കുറിച്ചു. സ്വജീവന്‍ ബലിയര്‍പ്പിച്ച് തോല്‍വി ഏറ്റുവാങ്ങുന്നതിനു പകരം ഈ വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുകയും പൊതു സമൂഹം ഏറ്റെടുക്കുകയും ചെയ്തത് ഒരു വിജയമായി തന്നെ കാണുന്നതായും നാസില്‍ പറയുന്നു.

ജാതി മത ഭേദമെന്യേ നല്ല മനുഷ്യര്‍ തനിക്കു നല്‍കിയ പിന്തുണയെ തകര്‍ക്കാനും ശ്രമമുണ്ടായി എന്നും നാസില്‍ അബ്ദുള്ള പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *