Fri. Nov 22nd, 2024
#ദിനസരികള്‍ 869

വര്‍ഗ്ഗീയ വിഷം ചുരത്തിക്കൊണ്ട് കേരളത്തിലാകെ ഭ്രാന്തു വിതയ്ക്കാന്‍ ഓടിനടന്ന ശശികല എന്ന ഹിന്ദുത്വവാദിയായ ക്ഷുദ്രജീവിയെ നാം വിഷകല എന്നു വിളിച്ചാണ് അടയാളപ്പെടുത്തിയത്. ഈ നാട്ടില്‍ അത്തരത്തിലുള്ള വര്‍ഗ്ഗീയതയ്ക്ക് സ്ഥാനമില്ലെന്നുള്ള സൂചനകൂടി നല്കിയ ആ വിളി കേരളത്തിന്റെ സാംസ്കാരിക ബോധ്യത്തിന്റെ പ്രതികരണം കൂടിയാണെന്ന് നാം അഭിമാനിച്ചു. അങ്ങനെ പ്രതികരിക്കാനും ഒറ്റപ്പെടുത്താനും കഴിഞ്ഞതില്‍ അഭിമാനിക്കുക എന്ന് നാം പരസ്പരം പുകഴ്ത്തി.

പക്ഷേ ആ പ്രതികരണത്തില്‍ കാണിച്ച ജാഗ്രത നമ്മുടെ സാമൂഹ്യജീവിതത്തില്‍ നാം കാണിച്ചില്ല എന്നതാണ് വസ്തുത. ശശികല ഒരു വലിയ വിഷക്കൂമ്പാരത്തിന്റെ പുറത്തു കണ്ട ഒരു മുന മാത്രമായിരുന്നുവെന്നും ആ മുനയെ മാത്രം തട്ടിയുടച്ചാല്‍ അപകടം അവസാനിച്ചുവെന്നും നാം ചിന്തിച്ചു. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുക എന്നൊരു രീതിയാണ് ഇത്തരം വിഷയങ്ങളിലൊക്കെ നാം തുടര്‍ന്നുപോന്നത്. അത് നമ്മുടെ മാത്രം തെറ്റാണ്. ഇനിയും അത്തരം മുനകള്‍ കേരളത്തിന്റെ ജീവിതാന്തരീക്ഷങ്ങളെ മലിനപ്പെടുത്തരുതെന്നുള്ള കരുതലോടെ ഫലവത്തായി പ്രതികരിക്കാന്‍ നമുക്ക് പ്രതികരിക്കാന്‍ കഴിയാത്തതില്‍ സ്വയം തലയ്ക്കടിക്കുക.

അധ്യാപിക എന്ന വിശേഷണത്തില്‍ നിന്നുകൊണ്ടാണ് ശശികല നാട്ടിലാകെ വിഷം പരത്തിയതെങ്കില്‍ എഴുത്തുകാരി എന്ന അലങ്കാരം പേറുന്ന മറ്റൊരു ക്ഷുദ്രജീവി -ആ പേര് പറയാന്‍ അറയ്ക്കണം– കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് വംശീയവും വര്‍ഗ്ഗീയവുമായ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആകാശവാണിയുടെ തുത്തുക്കുടി സ്റ്റേഷനില്‍ പ്രോഗ്രാം ഡയറക്ടറായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന കെ.ആര്‍. ഇന്ദിരയാണ് ശശികലയോടൊപ്പം ചേര്‍ന്നു നില്ക്കുന്നത്. മുസ്ലിംമതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം ലക്ഷ്യം വെച്ചാണ് അവര്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്. അസമിലെ പൌരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുന്നവരെ വന്ധ്യംകരിച്ച് പെറ്റു പെരുകുന്നതു തടയണമെന്നും പൈപ്പുവെള്ളത്തിലൂടെ ഗര്‍ഭ നിരോധന ഔഷധം വിതരണം ചെയ്ത് പന്നി പെറുന്നതുപോലെ പെറ്റു പെരുകുന്ന മുസ്ലിം സ്ത്രീകളെ നിയന്ത്രിക്കണമെന്നുമൊക്കെയാണ് ആ സ്ത്രീ അഭിപ്രായപ്പെട്ടത്. മുസ്ലിംജനതയെ ഹോളോകോസ്റ്റ് നടത്തി അവസാനിപ്പിച്ചെടുക്കണമെന്ന് അഭിപ്രായപ്പെട്ട ആ സ്ത്രീയുടെ മാനസിക ഘടന എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കുക.

ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഭയാനകമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഈ വിഷയം ആളുകള്‍ ഒരു തരം തമാശയെന്ന പോലെ ചര്‍ച്ച ചെയ്യുന്നുവെന്നതാണത്. ഇത്രയും കടുത്ത തെമ്മാടിത്തരങ്ങളെ എത്ര ലാഘവത്തോടെയാണ് നാം സമീപിക്കുന്നത്? സമൂഹത്തില്‍ രൂപപ്പെട്ടു വരുന്ന പൊതുബോധത്തിന്റെ പ്രകടനംകൂടിയാണ് ഈ ലാഘവത്വമെന്നത് ഇനിയെങ്കിലും നമ്മെ ഞെട്ടിക്കേണ്ടതാണ്.

പതിവുപോലെ ഞാനിവിടെ എഴുതിക്കൂട്ടിയ ക്ഷുദ്രജീവി, വിഷകല, വിഷം തുപ്പുക, ഹിന്ദുത്വ തീവ്രവാദം എന്നിങ്ങനെയുള്ള ആക്ഷേപവാക്കുകളിലും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തുവെന്ന ആശ്വാസത്തിലും ഈ വിഷയവും അവസാനിപ്പിക്കും. അതല്ലെങ്കില്‍ മറക്കും. സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഒരു മഹാവ്യാധിയുടെ ഇടക്കിടെയുള്ള പുറംപാച്ചിലാണ് ഈ ശശികലയും ഇന്ദിരയുമെന്ന് മനസ്സിലാക്കി ആ വ്യാധിയെ ചികിത്സിക്കാന്‍ നാം പരാജയപ്പെടും. “ഇത് കേരളമാണ്, നവോത്ഥാനത്തിന്റെ നാടാണ്, ഇവിടെ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണമൊന്നും നടക്കാന്‍ പോകുന്നില്ല, മതസൌഹാര്‍ദ്ദവും മതേതരത്വവുമൊക്കെ ഇവിടെ കൂടുതല്‍ കരുത്തോടെ പച്ച പിടിച്ചു നിൽക്കും” എന്നൊക്കെ വലിയ വായില്‍ പറഞ്ഞു കൊണ്ട് നാം വീണ്ടും നമ്മുടെ മാളങ്ങളിലേക്ക് മടങ്ങി നമ്മുടെ പരമ്പരാഗത മുദ്രാവാക്യങ്ങളെ പുതച്ച് ചുരുണ്ടു കൂടും. നാം അറിയാതെ കാന്‍സര്‍ പടരുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതായത് മോഹനന്‍ വൈദ്യര്‍ ചികിത്സിക്കുന്ന ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *