Sun. Dec 22nd, 2024
മുംബൈ:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ കേന്ദ്രം, മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് ശ്രദ്ധിക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. വെറുതെ രാഷ്ട്രീയ ഭിന്നതകൾ നോക്കേണ്ട സമയമല്ലിത് മൻമോഹന്‍ സിങിന്റെ അഭിപ്രായം നിലവിലെ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ടതെന്നാണ് ശിവസേനയുടെ നിലപാട്. പാർട്ടി മുഖപത്രം സാമ്നയിലൂടെയായിരുന്നു ശിവസേനയുടെ ഉപദേശം.

“രാജ്യത്തെ സാമ്പത്തിക രംഗം മുന്നോട്ടു ഇഴയുകയാണ്, ഈ അവസ്ഥയിൽ രാഷ്ട്രീയം വലിച്ചിഴച്ചിട്ട് കാര്യമില്ല. മന്‍മോഹന്‍സിങ് പറയുന്നത് കണക്കിലെടുക്കണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. കശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണ്. സാമ്പദ് ഘടന നിലവിൽ താളം തെറ്റിയ അവസ്ഥയിലാണ്”, സാമ്നയിലൂടെ ശിവസേന വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിക്ക് ശോഷണം സംഭവിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പലതരം പരിഷ്കരണങ്ങളാണ് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് എത്തിച്ചിരിക്കയാണെന്നുമുള്ള രൂക്ഷ വിമര്‍ശനം മന്‍മോഹന്‍ സിങ് ഉന്നയിച്ചിരുന്നു.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയെ ലോകത്തെതന്നെ മികച്ച സമ്പദ് വ്യവസ്ഥകള്‍ക്കൊപ്പം കൊണ്ടെത്തിച്ചുവെന്നായിരുന്നു ബി.ജെ.പി. ഇതിനോട് പ്രതികരിച്ചത്.

അതേസമയം, ബി.ജെ.പി.യുടെ പ്രതികരണത്തിന് വിരുദ്ധമായാണ് ശിവസേന പ്രതികരിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥ തകരുമ്പോൾ, വിദഗ്ധരുടെ അഭിപ്രായമാണ് നാം സ്വീകരിക്കേണ്ടത്. അതാണ്, മാന്ദ്യത്തെ മറികടക്കാനുള്ള ശരിയായ വഴിയെന്നായിരുന്നു ശിവസേനയുടെ പക്ഷം. മൻമോഹൻ സിംഗിന്റെ ഉപദേശം ചെവികൊള്ളേണ്ട സമയമാണിതെന്നും മുഖപത്രത്തില്‍ ശിവസേന പറഞ്ഞു വച്ചു.

നേരത്തെ, മോദി സര്‍ക്കാറിന്‍റെ നയങ്ങളെ വിമര്‍ശിക്കുന്ന മന്‍മോഹന്‍സിംഗിന്‍റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്ന പ്രതികരിച്ചുകൊണ്ട് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്‍മോഹന്‍സിംഗിന്‍റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കണമെന്ന ഉപദേശവുമായി ശിവസേന എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *