ദുബായ്:
യു.എ.ഇ.യിൽ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴിയേ ബസ് പൂർണമായും കത്തി നശിച്ചു. ഷാര്‍ജയിലെ കല്‍ബയിൽ ചൊവ്വാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. അപകട സമയത്ത് ഡ്രൈവറുടെ ബുദ്ധിപരമായ ഇടപെടൽ തുണയായതിനാൽ കുട്ടികളെല്ലാവരും പരുക്കുകൾ കൂടാതെ രക്ഷപെട്ടു.
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ബസിലായിരുന്നു തീപിടുത്തമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ് എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതു കണ്ട ഡ്രൈവര്‍, ഉടനെ ബസ് നിര്‍ത്തി കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു.
ബസ് ആളിക്കത്താന്‍ തുടങ്ങിയെങ്കിലും അത്ഭുതകരമായി കുട്ടികൾ മുഴുവനും വാഹനത്തിനു പുറത്തേക്ക് കടന്നിരുന്നു.
വിവരമറിയിച്ചതിനു പിന്നാലെ സംഭവസ്ഥലത്തെത്തിയ, പൊലീസ് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയതോടൊപ്പം സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന വീടുകളിലേക്ക് തീ പടരാതെ ശ്രദ്ധിക്കുകയും ചെയ്തു.
പൂര്‍ണമായും കത്തിനശിച്ച ബസിന്റെ ഡ്രൈവർ, പരിശീലനം സിദ്ധിച്ചയാളായതിനാലാണ് സമയോചിതമായ ഇടപെടൽ നടത്തി കുട്ടികളെ രക്ഷിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മറ്റൊരു ബസ് എത്തിച്ച് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോയി. തീപിടുത്തത്തെക്കുറിച്ച് അതാത് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.