കൊച്ചി:
കൊച്ചി മെട്രോ മൂന്നാംഘട്ടമായി തൈക്കൂടത്തേക്ക് ഓട്ടം തുടങ്ങുമ്പോള്‍ മഹാരാജാസ് ജംഗ്ഷനില്‍ നിന്നും വൈറ്റിലയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാത്തിരിക്കുന്നത് ബാലന്‍സ്ഡ് കാന്റിലിവര്‍ പാലം എന്ന അത്ഭുതമാണ്. സൗത്ത് മെട്രോസ്റ്റേഷന്‍ പിന്നിട്ടാല്‍ റെയില്‍വേ ലൈനിന് മുകളില്‍ കൂടി മെട്രോ കടവന്ത്ര ഭാഗത്തേക്ക് കടന്നു പോകുന്നത് ഈ ബാലന്‍സ്ഡ് കാന്റിലിവര്‍ പാലത്തിലൂടെയാണ്.
ഇന്ത്യയിലെ മെട്രോകളില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമായിരുന്നു സൗത്തിലെ കാന്റിലിവര്‍ പാലത്തിന്റെ നിര്‍മിതി. സൗത്തിലെ റെയില്‍വേ പാളങ്ങള്‍ക്കു കുറുകെ 90 മീറ്റര്‍ നീളത്തില്‍ ഒരു തൂണുപോലും ഇല്ലാതെയാണ് പാലം നിര്‍മിച്ചിട്ടുള്ളത്. അതിനേക്കാള്‍ അത്ഭുതം കൊച്ചിയിലെ കാന്റിലിവര്‍ പാലത്തിന്റെ വളവാണ്. മറ്റു മെട്രോകളിലും കാന്റിലീവര്‍ പാലങ്ങളുണ്ടെങ്കിലും അവയൊന്നും ഇതുപോലെ വളഞ്ഞതല്ല.
പാലത്തിന്റെ നിര്‍മാണ രീതി
റെയില്‍ പാളത്തിന് മുകളിലുള്ള 90 മീറ്റര്‍ കൂടാതെ ഇരു വശത്തുമുള്ള തൂണുകളില്‍ നിന്നും മറുഭാഗത്തേക്ക് 65 മീറ്റര്‍ വീതം നീളവും ഈ കാന്റിലിവര്‍ പാലത്തിനുണ്ട്. ഇതുള്‍പ്പെടെ ആകെ 220 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 2016 ജനുവരിയില്‍ ആരംഭിച്ച് 2018 നവംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തിന് 9.4 മീറ്റര്‍ വീതിയുമുണ്ട്. 58 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിനായി ചെലവായത്.
അര്‍ധ വൃത്താകൃതിയില്‍ 152 മീറ്റര്‍ റേഡിയസുള്ള വളവണ് ഈ പാലത്തിന്റെ നിര്‍മിതിയിലെ പ്രധാന പ്രത്യേകത. ഈ വളവു തന്നെയാണ് കൊച്ചിയിലെ പാലത്തെ വ്യത്യസ്തമാക്കുന്നത്. ഇതു കൂടാതെ പാലത്തില്‍ ഉറപ്പിച്ചിരിക്കുന്ന മെട്രോ റെയിലിന്റെ ട്രാക്കുകള്‍ക്ക് ഉള്‍ഭാഗത്തേക്ക് ചെറിയ ചെരിവും നല്‍കിയിട്ടുണ്ട്. വേഗത്തില്‍ വളവു തിരിയുമ്പോള്‍ അഭികേന്ദ്ര ബലം മൂലം കോച്ചുകള്‍ ട്രാക്കില്‍ നിന്നും തെന്നിമാറാതിരിക്കുന്നതിനാണ് ചെരിവു നല്‍കിയിട്ടുള്ളത്.
പാലത്തിന്റെ താഴ്‍വശത്തുകൂടിയുള്ള റെയില്‍വേ ഗതാഗതത്തെ അല്പം പോലും തടസപ്പെടുത്താതെ ആയിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പാലത്തിന്റെ തൂണുകള്‍ എന്നല്ല, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടി ഒരു താല്കാലിക തുണു പോലും റെയില്‍വേ ട്രാക്കിനിടയില്‍ സ്ഥാപിച്ചിരുന്നില്ല.
ആദ്യം ഇരുവശത്തുമുള്ള തൂണുകളില്‍ നിന്നും നിര്‍മ്മാണം തുടങ്ങി. പിന്നീട് മൂന്നു മീറ്റര്‍ വീതം നീളത്തില്‍ ചെറിയ ഭാഗങ്ങളായി പല ഘട്ടങ്ങളിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുകളില്‍ വെച്ചു തന്നെ തട്ടടിച്ച് അവിടെവച്ചുതന്നെ കോണ്‍ക്രീറ്റ് ചെയ്യുന്ന രീതിയാണ് പിന്തുടര്‍ന്നത്.
ഓരോ മൂന്നുമീറ്ററിലും കോണ്‍ക്രീറ്റ് ശക്തമായി ഉറച്ചതിനു ശേഷം അടുത്ത മൂന്നുമീറ്ററിനുള്ള തട്ട് ഈ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചു. ഇങ്ങനെ മാസങ്ങളെടുത്ത് ഘട്ടം ഘട്ടമായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
2018 നവംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി കൂട്ടി മുട്ടിയ പാലത്തിലൂടെ ജൂലൈ മാസത്തില്‍ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടവും നടന്നു.
ഓരോ ഇഞ്ചിലും പാലത്തിന്റെ വളവും ചെരിവും ശരിയാണോ എന്നും പരിശോധിക്കേണ്ടതുണ്ടായിരുന്നു. ഒരേ സമയം ഇരുവശത്തെയും തൂണുകളില്‍ നിന്നും നിര്‍മ്മിച്ചുവന്ന പാലം 14ാമത്തെ ഘട്ടമെത്തിയപ്പോഴാണ് കൂട്ടി മുട്ടിയത്.
ഇരു വശത്തു നിന്നും നിര്‍മ്മിച്ചു വരുമ്പോള്‍ നേരിയ വ്യത്യാസമുണ്ടായാല്‍ പോലും കൂട്ടി മുട്ടുമായിരുന്നില്ല. ഇതു തന്നെയായിരുന്നു നിര്‍മ്മാണഘട്ടത്തില്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
എസ്.പി. സിംഗ്‌ള കമ്പനിയാണ് സൗത്ത് മെട്രോ പാലത്തിന്റെ നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തിരുന്നത്. ഒരു പിഴവുമില്ലാതെ വിജയകരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനും കമ്പനിക്കു കഴിഞ്ഞു.
വളവില്ലാത്ത കാന്റിലിവര്‍ പാലം നിര്‍മ്മാണം ഇതുമായി ബന്ധപ്പെട്ട് നോക്കിയാല്‍ വളരെ എളുപ്പമാണെന്നു തന്നെ പറയാം. നിര്‍മ്മാണം നേര്‍രേഖയിലാണോ എന്നതും പാലത്തിന്റെ ഉറപ്പും മാത്രമേ പരിശോധിക്കേണ്ടതുള്ളൂ.