തിരുവനന്തപുരം:
പി.ജെ ജോസഫിന്റെ അനുമതിയില്ലാതെ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. ജോസ് പുലിക്കുന്നേലിന് കേരള കോണ്‍ഗ്രസ്(എം) ചിഹ്നമായ രണ്ടില നല്‍കണമെങ്കില്‍ പി. ജെ. ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയിട്ടുണ്ട്. പി ജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി തന്നെ മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ജോസ് പുലിക്കുന്നേല്‍ സ്വതന്ത്രനായി തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് കൂടുന്നത്. പി.ജെ ജോസഫിന്റെ അനുവാദം വാങ്ങി രണ്ടില ചിഹ്നം സ്വീകരിക്കുക എന്നത് സ്വയം ചെയര്‍മാനായി പ്രഖ്യാപിച്ചിരിക്കുന്ന ജോസ് കെ. മാണിയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. പി.ജെ ജോസഫില്‍ നിന്നും പാര്‍ട്ടി ചിഹ്നം സ്വീകരിച്ചാല്‍ ജോസഫിനെ ചെയര്‍മാനായി അംഗീകരിക്കുന്നു എന്നാണ് അര്‍ത്ഥം. അതിന് ജോസ് കെ. മാണിയുടെയും ഒപ്പം നില്‍ക്കുന്ന നേതാക്കളുടെയും ദുരഭിമാനം സമ്മതിക്കുന്നില്ല.
പി.ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിച്ച് ചിഹ്നം സ്വീകരിക്കാന്‍ ജോസ് പക്ഷം ഇതുവരെ തയ്യാറാകാത്തതിനാല്‍ പാര്‍ട്ടി പിന്തുണയുള്ള യുഡിഎഫ് സ്വതന്ത്രനായി ജോസ് ടോം പുലിക്കുന്നേലിന് മത്സരിക്കേണ്ടി വരും.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പി.ജെ ജോസഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ‘രണ്ടില’ച്ചിഹ്നത്തില്‍ സാങ്കേതിക തടസ്സമുണ്ടെന്നും അത് ചെന്നിത്തല തന്നെ വ്യക്തമാക്കിയതാണെന്നും ജോസഫ് പ്രതികരിച്ചിരുന്നു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രണ്ടില ചിഹ്നത്തിലേ മത്സരിക്കൂ എന്ന നിര്‍ബന്ധമൊന്നുമില്ലെന്ന് രമേശ് ചെന്നിത്തലയും നേരത്തെ പറഞ്ഞിരുന്നു. മാണി സാര്‍ തന്നെയാണ് ചിഹ്നം എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫ് മികച്ച വിജയം തന്നെ പാലായില്‍ നേടുമെന്നും പി.ജെ ജോസഫ് യുഡിഎഫിനൊപ്പം ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കാതെ ജോസ് ടോം പുലിക്കുന്നേലിനെ പാലായില്‍ മത്സരിക്കാന്‍ രംഗത്തിറക്കിയതോടെ പി.ജെ ജോസഫ് പകുതി അയഞ്ഞിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടതോടെയാണ് പി.ജെ ജോസഫ് ഒടുവില്‍ യുഡിഎഫ് നേതൃത്വത്തിന് വഴങ്ങിയത്. എന്നാല്‍ ജോസ് കെ. മാണി വിഭാഗം മുന്നോട്ടു വെച്ച സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതു തന്നെയാണ് രണ്ടിലയുടെ കാര്യത്തില്‍ സാങ്കേതിക തടസമുണ്ടെന്ന ജോസഫിന്റെ വാക്കുകള്‍.
കെ.എം മാണിയുടെ വിശ്വസ്ഥനായിരുന്നു ജോസ് ടോം പുലിക്കുന്നേല്‍ ഇത് വ്യക്തമായി അറിയാവുന്നതു കൊണ്ടുതന്നെയാണ് തുറുപ്പു ചീട്ടായി ജോസ് കെ മാണി പുറത്തിറക്കിയ പുലിക്കുന്നേലിന് രണ്ടില നല്‍കാന്‍ ജോസഫ് തയ്യാറാകാത്തതും. എല്ലാം കൈവിട്ടു പോകുന്നു എന്ന തോന്നലുണ്ടായ സമയത്താണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വളയം നിയമപ്രകാരം പി.ജെ ജോസഫിന്റെ കയ്യില്‍ തന്നെയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സൂചന നല്‍കുന്നത്.
രണ്ടില ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് ജോസ് ടോം പുലിക്കുന്നേല്‍ നേരത്തെ പ്രതികരിച്ചിരുന്നു. ചിഹ്നത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നും ജോസ് കെ മാണി പറയുന്ന ചിഹ്നത്തില്‍ മത്സരിക്കുമെന്നുമായിരുന്നു പുലിക്കുന്നേലിന്റെ നിലപാട്. കെ.എം. മാണിയുടെ പടം വെച്ച് മത്സരിച്ചാലും പാലായില്‍ ജയം ഉറപ്പാണെന്നും ജോസ് ടോം അവകാശപ്പെട്ടിരുന്നു.
എന്നാല്‍ എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ജോസ് ടോം നിലപാട് മാറ്റി. രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും വിജയിക്കാന്‍ പി.ജെ ജോസഫിന്റെ പിന്തുണ ആവശ്യമാണെന്നും ജോസഫ് ടോം പറഞ്ഞു. കെ.എം മാണിയുടെ ചിഹ്നമായ രണ്ടില തന്നെ ആയിരിക്കണം ചിഹ്നം എന്നാണ് തന്റെ ആഗ്രഹം എന്നാല്‍ അതിനായി വിട്ടുവീഴ്ച ചെയ്യണം എന്നു പറയാന്‍ എനിക്ക് അധികാരമില്ല. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയും യുഡിഎഫും തീരുമാനിക്കുമെന്നും പുലിക്കുന്നേല്‍ പറഞ്ഞു. യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ് പി.ജെ ജോസഫ്. അദ്ദേഹത്തെ നേരിട്ട് പോയി കാണുകയും പിന്തുണ തേടുകയും ചെയ്യുമെന്നും ജോസ് ടോം പറഞ്ഞിരുന്നു. ചിഹ്നം അനുവദിക്കേണ്ടത് പി.ജെ ജോസഫ് തന്നെയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി എന്താകും പുലിക്കുന്നേലിന്റെ നിലപാട് എന്നാണ് ജോസഫ് പക്ഷം ഉറ്റു നോക്കുന്നത്.