റിയോ :
കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും സെമിയിൽ കടന്നു.
ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിക്ക് ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയത്തിലാകും ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം നടക്കുക.
വെനസ്വേലക്കെതിരെ ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പത്താംമിനിറ്റില്‍ മാര്‍ട്ടിനെസും, എഴുപത്തിനാലാം മിനിറ്റില്‍ ലോ സെല്‍സോയും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ കോർണർ കിക്കിൽ അഗ്യൂറോയുടെ പിന്തുണയോടെയാണ് മാർട്ടിനെസ് ഗോൾ വല കുലുക്കിയത്. രണ്ടാം പകുതിയിൽ ഡി പോൾ നൽകിയ പാസ് ഏറ്റെടുത്തു മുന്നേറിയ അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തൊട്ടുപിന്നാലെ ഓടിക്കയറിയ സെൽസോ ഗോൾ കണ്ടെത്തുകയായിരുന്നു.
2008 ബെയ്ജിങ് ഒളിപിക്സിലാണ് അവസാനമായി അർജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നത്. കോപ്പ അമേരിക്കയില്‍ അവസാനം ഏറ്റുമുട്ടിയത് 2007ലും. 2007ലെ കോപ്പാ ഫൈനലില്‍ ബ്രസീലിനോട് തോറ്റത് അര്‍ജന്റീനയ്ക്ക് താങ്ങാവുന്നതിലുമപ്പറുമായിരുന്നു. എന്നാല്‍ 2008ല്‍ ബെയ്ജിങ് ഒളിംപിക്‌സിലെ സെമിയില്‍ അര്‍ജന്റീന ബ്രസീലിനോട് പകരം വീട്ടി കിരീടവും നേടി.