സാവോ പോളോ:
പെറുവിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.
കഴിഞ്ഞ വർഷം ക്വാർട്ടറിൽ തന്നെ പുറത്തായ ബ്രസീൽ ഈ വർഷം രണ്ട് ജയവും ഒരു സമനിലയുമടക്കം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. അതേ സമയം, തുടർച്ചയായ രണ്ടാം മഞ്ഞക്കാർഡ് കണ്ട കാസെമിറോയ്ക്ക് ക്വാർട്ടർ ഫൈനൽ നഷ്ടമാകും.
കഴിഞ്ഞ മത്സരത്തിൽ വെനിസ്വലെയ്ക്കെതിരെ സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ ആ ക്ഷീണം തീർക്കുന്ന പ്രകടനമാണ് കളിക്കളത്തിൽ കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച കാനറികൾ 12ആം മിനിട്ടിൽ തന്നെ വല കുലുക്കി. മാർക്ക്വിഞ്ഞ്യോസ് എടുത്ത കോർണറിൽ നിന്നും കാസമിറോയാണ് സ്കോർ ചെയ്തത്. 19ആം മിനിട്ടിൽ പെറു ഗോളിയുടെ പിഴവ് മുതലെടുത്ത റോബർട്ടോ ഫിർമിനോ ഒരു നോ ലുക്ക് ഗോളിലൂടെ ബ്രസീലിൻ്റെ ലീഡ് മൂന്നാക്കി ഉയർത്തി. 32ആം മിനിട്ടിൽ പെനൽട്ടി ബോക്സിൻ്റെ ഇടതുമൂലയിൽ കുട്ടീഞ്ഞോയിൽ നിന്നും പന്ത് സ്വീകരിച്ച എവർട്ടൺ സാൻ്റോസ് നേടിയ ഒരു ഗംഭീര ഗോളോടെ ബ്രസീൽ ആദ്യ പകുതി അവസാനിപ്പിച്ചു. സ്കോർ 3-0.
53ആം മിനിട്ടിലായിരുന്നു നാലാം ഗോൾ പിറന്നത്. മനോഹരമായ ഒരു നീക്കത്തിനൊടുവിൽ റോബർട്ടോ ഫിർമിനോ നൽകിയ ത്രൂ ബോൾ ക്യാപ്റ്റൻ ഡാനി ആൽവസ് അനായാസം വലയിലെത്തിച്ചു. 90ആം മിനിട്ടിൽ പകരക്കാരനായിറങ്ങിയ വില്ല്യൻ ആണ് ബ്രസീലിൻ്റെ അഞ്ചാം ഗോൾ നേടിയത്. ബോക്സിനു പുറത്ത് നിന്നുള്ള ഒരു കരുത്തുറ്റ ഷോട്ടുകളിലൂടെയാണ് വില്ല്യൻ വല കുലുക്കിയത്.
മറ്റൊരു മത്സരത്തിൽ ബൊളീവിയയെ 3–1നു തകർത്ത് വെനസ്വേലയും ക്വാർട്ടറിൽ കടന്നു. ഡാർവിൻ മാച്ചിസിന്റെ ഇരട്ടഗോൾ പ്രകടനമാണ് ബൊളീവിയയ്ക്കെതിരെ വെനസ്വേലയ്ക്കു മിന്നും വിജയം സമ്മാനിച്ചത്. ജോസഫ് മാർട്ടിനസിന്റെ വകയായിരുന്നു വെനസ്വേലയുടെ മൂന്നാം ഗോൾ. ലിയോണൽ അരുവാസാണ് ബൊളീവിയയുടെ ആശ്വാസ ഗോൾ നേടിയത്.
ഇന്ന് ഖത്തറും അർജന്റീനയും, കൊളംബിയയയും പാരഗ്വായും ഏറ്റുമുട്ടും.