Mon. Dec 23rd, 2024
#ദിനസരികള്‍ 796

കുടിലരായ അവസരവാദികള്‍! വെറും കുതന്ത്രങ്ങളും കള്ളത്തരങ്ങളും കൈമുതലാക്കി ഭിന്ന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലായ്മചെയ്തും ജനങ്ങളെ തമ്മില്‍ തല്ലിച്ചും രാഷ്ട്രീയാധികാരം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ടു പോകുന്ന സംഘപരിവാരത്തിന് ചേരുന്നതായി ഇതില്‍പ്പരമൊരു വിശേഷണം വേറെയില്ല. ഈ അവസരവാദത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ട സ്വകാര്യബില്ലിനെതിരെ ബി.ജെ.പി. എടുത്ത നിലപാട്.

പ്രസ്തുത വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാന്‍ ലോകസഭയില്‍ നിയമംകൊണ്ടുവരാനാകില്ലെന്നും അതുകൊണ്ടുതന്നെ ബില്ലിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവ് വ്യക്തമാക്കുന്നു. ലോകസഭയില്‍ മീനാക്ഷി ലേഖിയാകട്ടെ ശക്തമായ ഭാഷയിലണ് ബില്ലിനെതിരെ സംസാരിച്ചത്. ഈ ബില്ല് നിലനില്ക്കില്ലെന്നും നിയമപരമായി ഒട്ടേറെ തടസ്സങ്ങളുണ്ടെന്നും അവര്‍ തീര്‍ത്തു പറഞ്ഞു. അതോടെ വിശ്വാസികളുടെ വികാരങ്ങളെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം വാകീറിയിരുന്ന ബി.ജെ.പിയുടെ വക്താക്കള്‍ ലോകസഭയുടെ അകത്തും പുറത്തും സുപ്രീംകോടതിയുടെ വിധി തിരുത്താനാകില്ലെന്ന നിലപാടു സ്വീകരിച്ചു.

എന്നാല്‍, ശബരിമല വിഷയത്തെ സുവര്‍ണാവസരമായി കണ്ട് വിശ്വാസികളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്നതിനു വേണ്ടി രംഗത്തിറങ്ങിയ ബി.ജെ.പിയുടെ ബൂത്തു പ്രസിഡന്റു മുതല്‍ അഖിലേന്ത്യാ പ്രസിഡന്റു വരെയുള്ളവര്‍ പ്രഖ്യാപിച്ചത്, തങ്ങള്‍ വീണ്ടും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ സുപ്രീംകോടതി വിധിയെ മറികടക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തുമെന്നായിരുന്നു. പ്രതിസ്ഥാനത്ത് കേരള സര്‍ക്കാറിനെ നിറുത്തിക്കൊണ്ട് അവര്‍ നാട്ടിലാകെ ഹിന്ദുക്കളും അവരുടെ വിശ്വാസങ്ങളും ആക്രമിക്കപ്പെടുന്നെന്നും വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ പോലും കഴിയുന്നില്ലെന്നുമൊക്കെ പ്രചാരണം നടത്തിയുമെല്ലാം കുഴപ്പങ്ങളുണ്ടാക്കിയത് നാം കണ്ടതാണല്ലോ.

എന്നാല്‍, അന്ന് ഇടതുപക്ഷം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി യാതൊരു തരത്തിലുള്ള നിലപാടും സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ബി.ജെ.പി. സമ്മതിച്ചിരിക്കുന്നു. സുപ്രീംകോടതിയുടെ വിധി ഭരണഘടനയുടെ അടിസ്ഥാന സങ്കല്പങ്ങളുടെ വെളിച്ചത്തിലുണ്ടായതാണെന്നും അതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമുള്ള വസ്തുത എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ സ്വീകരിച്ചിരിക്കുന്നു.

എന്നാല്‍, ഇപ്പോഴും ബി.ജെ.പി. വിശ്വാസികളുടെ വികാരം സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് ആണയിടുന്നത് നാം കാണാതിരുന്നുകൂട. ഈ വികരത്തെ സജീവമായി നിലനിറുത്തിക്കൊണ്ടു പോകുക എന്നതല്ലാതെ മറ്റൊന്നും തന്നെ ചെയ്യാന്‍ അവര്‍ക്കു കഴിയുകയില്ല. വികാരത്തെ മുന്‍ നിറുത്തി വിശ്വാസികളെ ചൂഷണം ചെയ്യുക എന്നതല്ലാതെ മറ്റൊന്നുംതന്നെ അവരുടെ ഉദ്ദേശത്തില്‍ പെടുന്നുമില്ല.

ബി.ജെ.പിയുടെ ഈ നിലപാടുകളെ കേരള ജനത വളരെ വിശദമായി മനസ്സിലാക്കേണ്ടതാണ്. എങ്ങനെയാണ് അവര്‍ ഒരു സമൂഹത്തിലേക്ക് അവരുടേതായ അജണ്ടകളുമായി എത്തുന്നതെന്നും ജനതയെ ഭിന്നിപ്പിക്കുന്നതെന്നുമുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സുപ്രീംകോടതിയുടെ ശബരിമല വിധിയെത്തുടര്‍ന്ന് ബി.ജെ.പിയും കൂട്ടരും കേരളത്തില്‍ നടത്തിയ തെമ്മാടിത്തരങ്ങള്‍. മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തെക്കാളും കുറച്ചെങ്കിലും നിലവാരമുള്ള ഒരു ജനത ഇവിടെയുള്ളതിനാല്‍ സുവര്‍ണാവസരത്തെ കൊയ്തെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

ഇവിടെ അതിബുദ്ധി കാണിച്ചത് പ്രേമചന്ദ്രനാണ്. താന്‍ വിശ്വാസികളുടെ വികാരങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വരുത്തിത്തീര്‍ക്കുക എന്നതുമാത്രമായിരുന്നു ഈ ബില്ലവതരണത്തിന്റെ പിന്നിലെ മനസ്സിലിരുപ്പ്. ബില്ല് ലോകസഭ കടന്നാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്നും എന്നാല്‍ അവതരിപ്പിക്കുന്നതുകൊണ്ട് കേരളത്തിലെ വിശ്വാസസമൂഹത്തിന്റെ കൈയ്യടി വാങ്ങാന്‍ കഴിയുമെന്നും പ്രേമചന്ദ്രന്‍ കണക്കുകൂട്ടി. അയാള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുകയും ചെയ്തു.

കേരളത്തിലെ വലതുപക്ഷത്തിന്റേയും ബി.ജെ.പിയുടേയും വലയില്‍ വീണുപോയ, തങ്ങളുടെ വിശ്വാസത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കാന്‍ പോകുന്നുവെന്ന് ധരിച്ചു പോയ നിഷ്കളങ്കരായ വിശ്വാസികളുടെ സമൂഹത്തെ വസ്തുതകള്‍ ബോധ്യപ്പെടുത്താനുള്ള ‘സുവര്‍ണാവസര’ മാണ് ഇടതുപക്ഷത്തിന്റെ മുന്നില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇലക്ഷന്‍ പരാജയങ്ങളില്‍ മനസ്സിടറി പിന്നോട്ടടിക്കാതെ അതിശക്തമായ പ്രചാരണങ്ങള്‍ കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവര്‍ക്ക് കഴിയണം. തങ്ങള്‍ പറഞ്ഞതായിരുന്നു ശരിയെന്ന് തെളിയിക്കപ്പെട്ട ഈ സാഹചര്യങ്ങളെ ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ ശബരിമലയെ മുന്‍നിര്‍ത്തി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പുകപടലങ്ങളെ മാറ്റിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയുക തന്നെ ചെയ്യും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *