കൊച്ചി:
കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐ.എസ്. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ഐ.എസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആക്രമണ സാധ്യതയുമായി ബന്ധപ്പെട്ട മൂന്നു കത്തുകളാണ് പോലീസിന് ഇന്റലിജന്‍സ് കൈമാറിയിരിക്കുന്നത്. ഇതിലൊന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഐ.എസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നും മുന്നറിയിപ്പും, ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.