മുംബൈ:
മാതംഗ് എന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന എട്ടുവയസ്സുകാരനെ നഗ്നനാക്കി ഉച്ചയ്ക്ക് വെയിലത്തു ചുട്ടുപൊള്ളുന്ന ഇഷ്ടികയ്ക്കു മുകളിൽ ഇരുത്തി. മഹാരാഷ്ട്രയിലെ വാർധയിലാണ് സംഭവം നടന്നത്. ആ കുട്ടി, വാർധയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചെന്നാരോപിച്ച് അമോൽ ധോറെ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്. കുട്ടി ക്ഷേത്രത്തിൽ നിന്നും നാണയങ്ങൾ മോഷ്ടിച്ചുവെന്ന് ധോറെ സംശയിച്ചിരുന്നു.
വാർധ ജില്ലയിലെ അർവി പോലീസ് സ്റ്റേഷനിൽ ധോറെയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൃത്യം നടന്നതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ധോറെയെ ജൂൺ 16 നു പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്ത ഉടനെത്തന്നെ അയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്താത്തതുകൊണ്ടാണ് ധോറെയെ പോലീസ് കസ്റ്റഡിക്കു പകരം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കേസിന്റെ ഗൌരവം കണക്കിലെടുത്ത്, ആദ്യം ഒരു സബ് ഇൻസ്പെക്ടർ അന്വേഷിച്ചിരുന്ന കേസ് ഇപ്പോൾ ഡി.വൈ.എസ്.പിയാണ് അന്വേഷിക്കുന്നത്.
കുട്ടി കളിക്കാനായാണ് ക്ഷേത്രത്തിലേക്കു പോയതെന്ന് സമീപവാസികൾ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഇപ്പോൾ വാർധ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.