വാഷിങ്ടൺ:
ഗള്‍ഫ് പ്രശ്‌നത്തില്‍ ഇറാനോടുള്ള നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. ഗള്‍ഫ് സമുദ്രത്തില്‍ ടാങ്കറുകള്‍ക്ക് നേരെ നടന്ന ആക്രമണം മുന്‍നിര്‍ത്തി ഇറാനെതിരെ യുദ്ധത്തിന് നീങ്ങുന്നതായ വാര്‍ത്തകള്‍ അമേരിക്ക നിഷേധിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഗള്‍ഫ്
യുദ്ധം ഒഴിവാക്കാനാണ് തങ്ങള്‍ നീക്കം നടത്തുന്നതെന്ന് യു.എസ് നേതൃത്വം വ്യക്തമാക്കി. അതേ സമയം നിലപാട് തിരുത്താന്‍ ഇറാന്‍ തയ്യാറാകണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.
രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകള്‍ക്കു നേരെയാണ് പിന്നിട്ട ഒരു മാസത്തിനുള്ളില്‍ ഗള്‍ഫ് സമുദ്രത്തില്‍ ആക്രമണം ഉണ്ടായത്. എല്ലാ ആക്രമണത്തിനു പിന്നിലും ഇറാന്‍ സൈന്യത്തിനു പങ്കുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. മേഖലയില്‍ യു.എസ് സൈനിക പടയൊരുക്കം ഊര്‍ജിതമാണെങ്കിലും ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മൈക് പാേംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ഗള്‍ഫ് സമുദ്രത്തില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.