Mon. Dec 23rd, 2024
ന്യൂഡൽഹി:

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ അഞ്ചാമത് സമ്മേളനം ഇന്നു ഡല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി ഭവനിലാണ് യോഗം ചേരുന്നത്. കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ , ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ജലവിതരണം, വരള്‍ച്ച ദുരിതാശ്വാസം, കാര്‍ഷികമേഖല, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് അഞ്ചാമത് നീതി ആയോഗ് സമ്മേളനത്തിന്റെ പ്രധാന അജണ്ടകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന നീതി ആയോഗ് സമ്മേളനം ഇത് അഞ്ചാം തവണയാണ് ചേരുന്നത്. മുന്‍പ് ചേര്‍ന്ന നീതി ആയോഗ് സമ്മേളനത്തിലെ തീരുമാനങ്ങളുടെ പുരോഗതി, ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത്ഷാ, നീതി ആയോഗ് സി.ഇ.ഒ, വിവിധ മുഖ്യമന്ത്രിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം ബഹിഷ്‌കരിക്കും. സാമ്പത്തിക അധികാരങ്ങളോ സംസ്ഥാന പദ്ധതികളെ പിന്തുണയ്ക്കാന്‍ ശേഷിയോ ഇല്ലാത്ത നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കേണ്ട എന്നാണ് മമതയുടെ നിലപാട്. തീരുമാനം അറിയിച്ച് പ്രധാനമന്ത്രിക്ക് മമത ഇതിനോടകം കത്തയച്ചിട്ടുണ്ട്. നീതി ആയോഗ് യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കമുള്ള പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *