Fri. Nov 22nd, 2024
എറണാകുളം:

 

കൊച്ചി മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ബെന്നി ബെഹനാൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് എറണാകുളം ജില്ലാ കോടതിയില്‍ ഹാജരായത്. കെ.എം.ആർ.എല്‍ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ പോലും ഇടം ലഭിച്ചിരുന്നില്ല.

രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍, എം.എല്‍.എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, മുന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം മറ്റു ജില്ലകളില്‍ നിന്നുളള കോണ്‍ഗ്രസ് നേതാക്കളുമാണ് മെട്രോയില്‍ യാത്ര ചെയ്തത്. ആലുവയില്‍ നിന്ന് പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര. മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫിന്റെ മെട്രോ യാത്ര.

Leave a Reply

Your email address will not be published. Required fields are marked *