കൊച്ചി:
കടലാക്രമണം രൂക്ഷമായ ചെല്ലാനത്തെ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം. കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകള്‍ എത്തിക്കുന്നില്ലെന്നാണ് പരാതി. കടലാക്രമണം രൂക്ഷമായ പ്രദേശത്ത് 2000 ജിയോ ബാഗുകളാണ് കളക്ടര്‍ അനുവദിച്ചത്. എന്നാല്‍ നിലവില്‍ എത്തിച്ചത് 700 ബാഗുകള്‍ മാത്രമാണെന്നാണ് പരാതി.
ചെല്ലാനം തീര സംരക്ഷണ സമിതി, ജില്ല കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കടലാക്രമണം തടയാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാം എന്ന നിലപാടിലെത്തിയത്. അതിന്‍ പ്രകാരം ജിയോ ബാഗുകള്‍ ഇന്നലെ മുതലാണ് സ്ഥാപിച്ചു തുടങ്ങിയത്. ചെല്ലാനം ബസാര്‍ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റര്‍ നീളത്തിലും വേളാങ്കണ്ണി പള്ളി ഭാഗത്ത് 180 മീറ്ററിലുമാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത്. ജല വിഭവ വകുപ്പാണ് പണികള്‍ നടത്തുന്നത്. ആവശ്യത്തിന് ബാഗുകള്‍ എത്തിച്ച് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സബ് കളക്ടര്‍ വിശദമാക്കി.