റിയൊ ഡി ജനീറോ:
കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തില്‍ തകർപ്പൻ ജയവുമായി ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ ബൊളീവിയയെ തോല്‍പിച്ചത്. 50, 53 മിനിറ്റുകളില്‍ ഫിലിപ്പെ കുടിഞ്ഞോ ബ്രസീലിനായി രണ്ട് ഗോള്‍ നേടി. കളി തീരാന്‍ മിനുറ്റുകള്‍ ശേഷിക്കേ എവര്‍ട്ടണ്‍ മനോഹരമായ ലോങ്ങ് റേഞ്ചിലൂടെ മൂന്നാം ഗോള്‍ നേടി.
കോപ്പ അമേരിക്ക ചരിത്രത്തില്‍ ബ്രസീലിന്റെ നൂറാം ജയമായിരുന്നിത്. പരിശീലകൻ ടിറ്റെയ്ക്കു കീഴിലിറങ്ങിയ 37 മൽസരങ്ങളിൽ ബ്രസീൽ നേടുന്ന 30–ാം വിജയം കൂടിയായി ഇത്. അഞ്ചു മൽസരങ്ങൾ സമനിലയിലായപ്പോൾ ടിറ്റെയുടെ പരിശീലനത്തിൽ ഇതുവരെ രണ്ടു മൽസരം മാത്രമാണ് ബ്രസീൽ തോറ്റത്.
കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയാണ് മഞ്ഞപ്പട ആദ്യമത്സരത്തിൽ ജയിച്ചു കയറിയത്. താരതമ്യേന നിറംകെട്ടു പോയ ആദ്യപകുതിയിൽ ഗോളൊന്നും നേടാനാകാതെ പോയതിന്റെ ക്ഷീണം തീർത്താണ് രണ്ടാം പകുതിയിൽ ബ്രസീൽ മൂന്നു ഗോളുകളുമായി കളം നിറഞ്ഞത്.ബാർസിലോന താരം ഫിലിപ്പെ കുടീഞ്ഞോ മൂന്നു മിനിറ്റിനിടെ നേടിയ ഇരട്ടഗോളാണ് മൽസരത്തിന്റെ പ്രത്യേകത.
പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഹെഡ്ഡറിലൂടെ കുടിഞ്ഞോ ലീഡൂയര്‍ത്തി. 85ാം മിനിറ്റില്‍ എവര്‍ട്ടന്റെ തകര്‍പ്പന്‍ ഗോള്‍ ബ്രസീലിന് 3-0ത്തിന്റെ ജയം സമ്മാനിച്ചു. 19ന് വെനസ്വെലയുമായിട്ടാണ് ബ്രസീലിന്റെ അടുത്ത മത്സരം.
അടുത്ത മത്സരത്തില്‍ കേരളത്തിൽ ഏറെ ആരാധകരുള്ള അർജന്റീനക്ക് വേണ്ടി ലിയോണല്‍ മെസിയും സംഘവും ഇന്നിറങ്ങും. പുലര്‍ച്ചെ 3.30ന് നടക്കുന്ന മത്സരത്തില്‍ കൊളംബിയയാണ് അർജന്റീനയുടെ എതിരാളി.