Reading Time: 3 minutes
എറണാകുളം :

എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്തുള്ള 18 ഏക്കർ നിലം സ്വകാര്യ കമ്പനി അനധികൃതമായി നികത്തിയതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള തർക്കം മുറുകുന്നു. താനറിയാതെ ഒരു ഫയലും നീങ്ങരുതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ റവന്യൂസെക്രട്ടറിക്ക് രേഖാമൂലം നിർദ്ദേശം നൽകി.
റവന്യു മന്ത്രിയെ നോക്ക്കുത്തിയാക്കി വലിയൊരു നിയമലംഘനവും, അഴിമതിയും നടന്നതിന്റെ സൂചനകളാണ് ഇതിലൂടെ പുറത്തു വരുന്നത്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് വില്ലേജിലാണ് വിവാദമായിരിക്കുന്ന പതിനെട്ട് ഏക്കർ നിലം ഉള്ളത്. ഈ ഭൂമി മുൻപ് വിവിധ ആളുകളുടെ കൈവശം ഇരുന്നതായിരുന്നു. കോഴഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റ് ഗ്രൂപ്പ് വിവിധ സർവേ നമ്പറുകൾ ഉള്ള ഈ നിലങ്ങൾ വാങ്ങി കൂട്ടുകയായിരുന്നു. പക്ഷെ അവരുടെ ബിസിനസ് ആവശ്യങ്ങൾക്കായി നിലം നികത്താൻ ശ്രമിച്ചപ്പോൾ ജനകീയ സമരങ്ങൾ ഉയർന്നു വന്നതിനാൽ അവർ ഈ ഭൂമി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കൈമാറുകയായിരുന്നു.

അടിസ്ഥാന നികുതി രജിസ്റ്റര്‍ (തണ്ടപ്പേര്‍ രജിസ്റ്റര്‍) പ്രകാരവും കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കിലും ഇതു നിലമാണ്. ഈ നിലത്തിന്റെ തെക്കും വടക്കും നെൽകൃഷിയുണ്ട്. ഒരു വശത്തു കടമ്പ്രയാർ ഒഴുകുന്നു. ഇത് അനധികൃതമായി നികത്തുന്നതിനാല്‍ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിറക്കണമെന്നു മൂവാറ്റുപുഴ റവന്യു ഡിവിഷനല്‍ ഓഫിസര്‍ 2017 ഡിസംബറില്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.

എന്നാൽ വ്യവസ്ഥകളോടെ ഭൂമി പരിവര്‍ത്തനം ചെയ്യാന്‍ 2006 ല്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ അനുമതി കരസ്ഥമാക്കിയിരുന്നു എന്നാണു കമ്പനിയുടെ വാദം. പക്ഷെ 2008 ഇൽ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം വന്നതോടെ പഴയ ഉത്തരവുകള്‍ അസാധുവായി. മാത്രമല്ല കമ്പനി ഈ നിലം നികത്തൽ ആരംഭിച്ചത് 2013-14 കാലഘട്ടത്തിൽ ആയിരുന്നു. അതോടെ വീണ്ടും ജനകീയ സമരം നടക്കുകയും കലക്ടര്‍ ഇടപെട്ടു നിലം നികത്തുന്നതിന് സ്റ്റോപ്പ് മെമോ കൊടുക്കുകയും ചെയ്തു. അതോടൊപ്പം നിലം 15 ദിവസത്തിനകം പൂര്‍വ സ്ഥിതിയിലാക്കണമെന്ന് 2018 സെപ്റ്റംബര്‍ 26 ന് എറണാകുളം കലക്ടര്‍ കെ.മുഹമ്മദ് വൈ.സഫീറുള്ള ഉത്തരവിടുകയും ചെയ്തു. അതിനാവശ്യമായ തുക റവന്യു റിക്കവറി വഴി കമ്പനിയിൽ നിന്ന് ഈടാക്കാനും നിര്‍ദ്ദേശിച്ചു. അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ ബലത്തിലാണ് അന്ന് കലക്ടര്‍ സ്റ്റോപ്പ് മെമോ നൽകിയത്.

എന്നാൽ ഇതിനിരെ റവന്യൂ സെക്രട്ടറിക്ക് നൽകിയ അപ്പീലാണ് കമ്പനിക്ക് അനുകൂലമായി വിവാദമായ തീരുമാനമുണ്ടായത്. ജനുവരി 31 ന് കലക്ടറുടെ ഉത്തരവു റദ്ദാക്കി സര്‍ക്കാരിനു വേണ്ടി റവന്യു അഡീഷനല്‍ സെക്രട്ടറി ജെ.ബെന്‍സി ഉത്തരവിട്ടു. റവന്യു വകുപ്പില്‍ നിന്നും നിയമവകുപ്പിലേക്ക് ഉപദേശം തേടാന്‍ അയച്ച ഫയല്‍ റവന്യു ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ മടക്കി വിളിച്ചാണ് കമ്പനിക്കു അനുകൂലമായി ഈ ഉത്തരവ് നല്‍കിയത്. പി.എച്ച് കുര്യൻ റിട്ടയർ ചെയ്യുന്ന ദിവസമായിരുന്നു വെറും അര മണിക്കൂർ നേരം കൊണ്ട് നാലു ഉദ്യോഗസ്ഥർ കൈമറിഞ്ഞു ശരവേഗത്തിൽ ഈ ഫയൽ കമ്പനിക്കു അനുകൂലമായ ഉത്തരവിലേക്കു എത്തിയതെന്നാണ് ശ്രദ്ധേയം.

മുൻപ് പല ഘട്ടത്തിലും, തോമസ് ചാണ്ടിയുടെ കായൽ നികത്തൽ വിവാദത്തിലും പി.എച്ച്. കുര്യൻ റവന്യു മന്ത്രിയെ അനുസരിക്കാതെ പിണറായിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണം ഉണ്ടായിരുന്നു. തുടർന്ന് പി.എച്ച്. കുര്യനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ സി.പി,ഐ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.
പി.എച്ച്. കുര്യന്റെ ഉത്തരവ് മരവിപ്പിച്ച് റവന്യൂമന്ത്രി ചന്ദ്രശേഖരൻ അഡ്വക്കേറ്റ് ജനറലിനോട് വീണ്ടും നിയമപദേശം തേടിയിരുന്നു. എന്നാൽ മന്ത്രിയെ തള്ളിയും റവന്യൂസെക്രട്ടറിയുടെ നടപടി ശരിവച്ചുമാണ് അഡ്വക്കറ്റ് ജനറലിന്റെ രണ്ടാമത്തെ നിയമപദേശം സർക്കാരിന് നൽകിയത്. എന്നാൽ ഈ ഉപദേശം ഇന്നുവരെ കണ്ടിട്ടില്ലെന്നാണ് റവന്യൂമന്ത്രിുടെ ഓഫീസ് പറയുന്നത്.

അതായതു സ്റ്റോപ്പ് മെമോ കൊടുക്കാൻ കലക്ടർക്ക് നിയമോപദേശം നൽകിയ അഡ്വക്കറ്റ് ജനറൽ തന്നെ നിലം നികത്താൻ അനുകൂലമായ നിയമോപദേശം പുതിയതായി നൽകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുകൊണ്ടാണ് അഡ്വക്കറ്റ് ജനറൽ ആദ്യം നൽകിയതിന് കടകവിരുദ്ധമായ നിയമോപദേശം നൽകിയതെന്നാണ് സൂചന. റവന്യൂമന്ത്രിയുടെ ഓഫീസറിയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിടപെട്ട് റവന്യു വകുപ്പിന്റെ ഫയലുകളിൽ ഈ തീരുമാനം എല്ലാം നടന്നത്. ഇതോടെയാണ് താനറിയാതെ കുന്നത്തുനാട് ഭൂമിയുമായി ബന്ധപ്പെട്ട ഒരു ഫയലും നീക്കരുതെന്ന് റവന്യൂമന്ത്രി രേഖമൂലം റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

എന്തുകൊണ്ടായിരിക്കും പിണറായിയുടെ ഓഫീസിനു ഈ ഭൂമി ഇടപാടിൽ ഉള്ള താല്പര്യം?

തമിഴ്‌നാട്ടിലെ വ്യവസായികളായ കൃഷ്ണമ രാജാമണി, വജ്രവേലു കണ്ണിയപ്പന്‍, വാപ്പാല നരേന്ദ്രന്‍ തുടങ്ങിയവരാണ് സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാർ. വി എസിന്റെ ഭരണകാലത്തു “വെറുക്കപ്പെട്ടവൻ” എന്ന് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ള വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ തമിഴ്‌നാട്ടിലെ ഇരുപതോളം സംരഭങ്ങളിലെ ബിസിനസ് പങ്കാളികളാണ് ഈ മൂന്ന് ഡയറക്ടർമാർ. സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വവുമായും പിണറായിയുമായും അടുത്ത ബന്ധം പുലർത്തുന്ന ഫാരിസ് അബൂബക്കർ പിണറായി അധികാരത്തിൽ വന്നതോടെ വീണ്ടും കേരളത്തിലെ ബിസിനസുകളിൽ സജീവമാകുന്നതിന്റെ സൂചനയുണ്ടായിരുന്നു. അതിനാൽ തന്നെ ഈ ഭൂമി ഇടപാട് ഫാരിസ് അബൂബക്കർ ബിനാമികളെ ഉപയോഗിച്ച് നടത്തുന്നതാണെന്നു ആരോപണമുണ്ട്.
ഫാരിസ് അബൂബക്കറിന്റെ സ്വാധീനമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് കാരണമെന്നു പ്രതിപക്ഷം പറയുന്നതിന്റെ കാരണം ഇതാണ്.

“റവന്യു വകുപ്പില്‍ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലന്ന ആരോപണം നേരത്തെയുണ്ട്. അത് ശരിവക്കുന്നതാണ് നിലം നികത്തല്‍ ഉത്തരവെന്നു” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നിലുള്ള ഗൂഢാലോചനയും, വന്‍ അഴിമതിയും വെളിച്ചത്തുകൊണ്ട് വരാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്മാർട്ട് സിറ്റി, കളക്ട്രേറ്റ്, ഇൻഫോപാർക്ക് എന്നിവക്ക് തൊട്ടടുത്തുള്ള പതിനെട്ടു ഏക്കർ നിലം നികത്തിയാല്‍ കോടികളുടെ വിലയാണു ഭൂമിക്കു ലഭിക്കുക. തരിശിട്ടിരിക്കുന്ന ഭൂമി പോലും പിടിച്ചെടുത്തു കൃഷി ചെയ്യുമെന്നു മന്ത്രി വി എസ്.സുനില്‍ കുമാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണു ഭൂമി മാഫിയകളും വിവാദ വ്യവസായികളും ചേർന്ന് സർക്കാരിനെ സ്വാധീനിച്ചു നെൽവയൽ-നീർത്തട സംരക്ഷണ നിയമം കാറ്റിൽ പറത്തി കോടികളുടെ നേട്ടമുണ്ടാക്കുന്നത്.

Advertisement

Leave a Reply

avatar
  Subscribe  
Notify of