Fri. Nov 22nd, 2024
#ദിനസരികള്‍ 788

ഇടതുപക്ഷത്തെ സംബന്ധിച്ച് ശബരിമല ഒരു വാട്ടര്‍ലൂ ആണെന്ന ചിന്ത ചിലരെ സംബന്ധിച്ചെങ്കിലും നിലനില്ക്കുന്നുവെന്നുവേണം അനുമാനിക്കാന്‍. ആയതിനാല്‍ ഇനിയും മതങ്ങളെ പിണക്കേണ്ടതിനു പകരം പരമാവധി അടുപ്പിച്ചു നിറുത്തേണ്ടതാണെന്ന ധാരണയ്ക്ക് സ്വാഭാവികമായും വേരുപിടിച്ചു തുടങ്ങുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം കൂടുതല്‍ കൂടുതലായി മതപക്ഷത്തോട് ഐക്യപ്പെടുന്നു, അവരുടെ വികാരങ്ങളെ സംരക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്നു.

ഇതു സംഭവിക്കുന്നതിന്റെ ഒരു പ്രധാന കാരണം ശബരിമലയില്‍ എന്തോ അരുതാത്തത് നടന്നു എന്ന – അബോധ – ധാരണയില്‍ നിന്നാണ്. സത്യത്തില്‍ ശബരിമലയില്‍ യാതൊരു വിധത്തിലുള്ള അസാധാരണ ഇടപെടലുകളും ഇടതുപക്ഷം നടത്തിയിട്ടില്ല. ഭരണഘടനാപരമായി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സ്വാഭാവികമായും ഏറ്റെടുത്തു എന്നേയുള്ളു. കേരളം ഭരിക്കുന്നത് മറ്റാരാണെങ്കിലും ഇതുതന്നെ ചെയ്യേണ്ടി വരുമായിരുന്നു.

എന്നാല്‍ നാം ഏറെക്കാലം അലസരായി ഇരുന്നുപോയതിന്റെ കെടുതിയാണ് ഇലക്ഷന്‍ ഫലത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. അതായത് ഇത്രയും ശക്തമായി ഇടതുപക്ഷം നിലനില്ക്കുകയും ഭരണത്തിലിരിക്കുകയും ചെയ്ത ഒരു സംസ്ഥാനത്ത് സാമൂഹികമായ ഒരു അനീതിയെ ഇല്ലാതാക്കാന്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു എന്നത് ഇത്തരം വിഷയങ്ങളില്‍ നാം എത്രമാത്രം ഉദാസീനരാണ് എന്നതിന്റെ ഉദാഹരണമാണ്. നവോത്ഥാനമെന്നും സാമൂഹിക പരിഷ്കരണമെന്നുമൊക്കെ നാം എത്രമാത്രം ആര്‍ത്തു വിളിച്ചാലും അതിന്റെ മഹത്തായ ആശയാദര്‍ശങ്ങളെ ഇടതുപക്ഷത്തിന്റെയെങ്കിലും ദൈനം‌ദിന ജീവിതത്തിലേക്ക് എത്ര മാത്രം പകര്‍ത്തി എന്ന ചോദ്യം വളരെ പ്രസക്തമാകുന്നത് ഈ പരിതസ്ഥിതിയിലാണ്. ഈ മുനമ്പില്‍ നിന്നുകൊണ്ടാണ് ശബരിമല പോലെയൊരു വിഷയം ചര്‍ച്ച ചെയ്യേണ്ടത്.

ദീര്‍ഘകാലം നാം അലസരായിപ്പോയി എന്നു പറഞ്ഞുവല്ലോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്‍ നാം ആരംഭിച്ചു പോന്ന സാമൂഹ്യ പരിഷ്കരണശ്രമങ്ങളും അന്ധ വിശ്വാസങ്ങള്‍‌ക്കെതിരെയുള്ള നിലപാടുകളും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലമെത്തുമ്പോഴേക്കും തീവ്രത കുറഞ്ഞുവരുന്നു. വിമോചന സമരത്തിന്റെ കൂട്ടുകെട്ടിലേക്ക് ചേര്‍ന്നു നിന്നതോടെ രാഷ്ട്രീയമായി ഇടപെടാന്‍ ശേഷിയുള്ള ഒന്നായി മതങ്ങളും മാറി. അതു വലിയൊരു സാധ്യത വലതുപക്ഷത്തിന് തുറന്നുകൊടുത്തു. രാഷ്ട്രീയ അധികാരം കയ്യേല്‍ക്കാൻ മതത്തിനേയും കൂട്ടുപിടിക്കുക എന്ന എളുപ്പവഴി കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം ഫലപ്രദമായി പരീക്ഷിച്ചു. കൂട്ടുകെട്ടിന്റെ വിജയകരമായ പരിണതി ഇടതുപക്ഷത്തിന്റെ ചിന്താരീതിയിലും സ്വാധീനമുണ്ടാക്കിയിട്ടുണ്ടാകണം. നാം വിശ്വാസത്തിന്റെ മേലങ്കിയണിഞ്ഞ് വന്നെത്തുന്ന പലതരത്തിലും തലത്തിലുമുള്ള അന്ധവിശ്വാസങ്ങള്‍ക്കു നേരെയും കണ്ണടയ്ക്കാന്‍ തുടങ്ങി.

പതിയെപ്പതിയെ നവോത്ഥാന കാലത്ത് കെട്ടതായി കരുതി ജനത തള്ളിക്കളഞ്ഞ പലതും മൂല്യങ്ങളായി നമ്മുടെ സമൂഹത്തിലേക്ക് മുഖം കാണിക്കാന്‍ തുടങ്ങി. അറിഞ്ഞോ അറിയാതെയോ നാം അതിനോട് വിട്ടുവീഴ്ച ചെയ്തു. കൂണുമുളയ്ക്കുന്നതുപോലെ മന്ത്രവാദികളും ജ്യോതിഷ കേന്ദ്രങ്ങളും ഉടലെടുത്തു. അന്ധവിശ്വാസങ്ങള്‍ക്ക് രാഷ്ട്രീയമായും ഒത്താശകളുണ്ടായി. മതത്തേയോ വിശ്വാസത്തേയോ കേന്ദ്രീകരിച്ച് നിലവില്‍ വരുന്ന എന്തിനോടും നാം വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായി. ഫലമോ? കേരള സമൂഹം പൊതുവേ വലതുപക്ഷമായി മാറുകയും ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പോലും നവോത്ഥാനകാലം ഒരു തമാശയായി പരിണമിക്കുകയും ചെയ്തു.

ദീര്‍ഘകാലമായി നാം അനുവര്‍ത്തിച്ചു പോന്ന ഈ അലസതയെ ഒന്നു തൊട്ടുണര്‍ത്തിയത് പിണറായി വിജയന്റെ സര്‍ക്കാറായിരുന്നു. ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരായി നിയമിച്ചു കൊണ്ട് നിശ്ചലമായിക്കിടന്നിരുന്ന സമൂഹത്തിലേക്ക് ഒരു കല്ല് എറിയപ്പെട്ടു. ദീര്‍ഘകാലമായി നവോത്ഥാനമൂല്യങ്ങളെ വിസ്മരിച്ച ഇടതുപക്ഷം പക്ഷേ തങ്ങള്‍ ഇടതുപക്ഷം തന്നെയാണ് സ്വയം ബോധ്യപ്പെടുത്തിയ ഒരു നിമിഷമായിരുന്നു അത്.

ഇങ്ങനെ ഏറെക്കുറെ വലതുപക്ഷ മനസ്സുള്ള, നവോത്ഥാന ചിന്തകളെ തമാശയായി കരുതുന്ന വിശ്വാസികളുടെ സമൂഹത്തിലേക്കാണ് സുപ്രീംകോടതി വിധി വന്നു വീഴുന്നത്. അതു നടപ്പിലാക്കേണ്ട ബാധ്യത ഇടതു പക്ഷത്തിനുമായതോടെ വലതു പക്ഷമുണര്‍ന്നു. അവര്‍ സാധ്യതകളെ കൃത്യമായി പഠിച്ചു. സമൂഹത്തിന്റെ പൊതുസ്വഭാവത്തെ വിലയിരുത്തി നേട്ടം കൊയ്തു.

ഈ പരാജയത്തില്‍ നാം പതറി അസ്തമിച്ചു പോകുകയല്ല വേണ്ടത്. നമ്മുടെ അലസതയും വിട്ടുവീഴ്ചകളുമുണ്ടാക്കിയ കെടുതിയാണ് ഇതെന്ന തിരിച്ചറിവുണ്ടാകുകയും കേവലം ഇലക്ഷനിലെ വിജയം എന്നതിനപ്പുറം ഇടതുപക്ഷത്തിന് കേരളസമൂഹത്തില്‍ ദൌത്യങ്ങളുണ്ട് എന്ന് തിരിച്ചറിയുകയും വേണം. തിരുത്തേണ്ടത് ഇടതുപക്ഷമാണ്.

അത് വലതുപക്ഷത്തേയും മത ജാതി കൂട്ടായ്മകളേയും സംരക്ഷിച്ചുകൊണ്ടും സന്തോഷിപ്പിച്ചുകൊണ്ടുമാകരുത്. മറിച്ച് നവോത്ഥാനത്തിന്റെ ചൈതന്യങ്ങളെ സ്വന്തം പ്രവര്‍ത്തികളിലേക്ക് ആവാഹിച്ചു കൊണ്ടായിരിക്കണം. യുവതീപ്രവേശനത്തിന് എതിരായി സമരം ചെയ്തവരെയല്ല മറിച്ച് സ്വന്തം കൊടി പിടിക്കുന്നവരില്‍ എത്ര പേര്‍ ആത്മാര്‍ത്ഥമായി നമ്മുടെ ഒപ്പമുണ്ട് എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ട സമയമാണിത്. കൂട്ടത്തില്‍ തന്നെയുള്ള ബോധ്യപ്പെടാത്തവരെ ആദ്യമേ ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഈ യുദ്ധം നാം മുക്കാലേ മുണ്ടാണിയും വിജയിച്ചുകഴിഞ്ഞു. വലതു പക്ഷത്തോട് നേതാക്കളല്ല, അണികള്‍ യുദ്ധം ചെയ്യുന്ന ഒരു കാലം വരണം. അതുതന്നെയാണ് എക്കാലത്തും ഇടതുപക്ഷത്തിന്റെ കരുത്ത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *