ന്യൂഡൽഹി:
ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത പത്രപ്രവർത്തകൻ പ്രശാന്ത് കനോജിയയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, അജയ് രസ്തോഗിയുമടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കനോജിയയെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ ഉത്തരവിട്ടത്.
ഒരു വ്യക്തിയുടെ സ്വാതന്ത്യ്രം അലംഘനീയവും, മാറ്റം വരുത്താൻ പാടില്ലാത്തതുമാണെന്നും, അത് ഭരണഘടന ഉറപ്പുനൽകുന്നതാണ്, അതിനെ മറികടക്കാൻ പാടില്ലാത്തതാണെന്നും ഈ കേസിന്റെ വാദം കേട്ടുകൊണ്ട് ജസ്റ്റിസ് ബാനർജി പറജ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ട്വിറ്ററിലൂടെ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് കനോജിയയെ യു.പി. പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റിനെതിരെ കനോജിയയുടെ ഭാര്യ ജിഗീഷ അറോറ സമർപ്പിച്ച ഹരജിയിൽ വാദം കേട്ടുകൊണ്ടാണ് കനോജിയയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.