ദേഷ്യം വന്നാൽ എന്ത് ചെയ്യും? എന്തും ചെയ്യുമെന്ന് ചിലർ. പലർക്കും ദേഷ്യം ഒക്കെ പറഞ്ഞു തീർക്കണമെന്നു തോന്നും. മറ്റു ചിലർക്ക് വഴക്കിട്ടു തന്നെ തീർക്കണം. എന്തൊക്കെയായാലും മനസ്സിൽ കൂട്ടി വെയ്ക്കുന്നത് അത്ര നല്ലതല്ല! അങ്ങനെ ചെയ്താലോ, ആ ദേഷ്യം മുഴുവൻ നമ്മുടെ നിത്യേനയുള്ള പ്രവർത്തനങ്ങളെ തന്നെ തെറ്റായി ബാധിക്കും. ഇതിനെ മറികടക്കാൻ ദേഷ്യത്തെ പുറത്ത് കളഞ്ഞാൽ മതിയാവും. ഇതിനിതാ ഒരു കിടിലൻ ഐഡിയയുമായി ന്യൂയോർക്കിലെ ഡിസൈൻ സ്റ്റുഡിയോ.
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള പഞ്ചിങ് ബാഗുകൾ ആണ് ദേഷ്യക്കാരെയും സമ്മർദക്കാരെയും നിയന്ത്രിക്കാൻ സഹായിക്കുക. വരുന്ന കോപം മുഴുവൻ ഇടിച്ചു തന്നെ തീർക്കാം. കൈ തകരുന്നതു വരെ ഇടിക്കാം. ആരും തിരിച്ചു തല്ലില്ല.
ദേഷ്യം, സങ്കടം, മാനസിക പിരിമുറുക്കങ്ങൾ, സമ്മർദ്ദങ്ങൾ തുടങ്ങിയ എല്ലാ വിഷമഘട്ടത്തിലും വലിയ സഹായി ആയിരിക്കും ഈ ബാഗുകൾ.
ഇത്തരം ബാഗുകൾ വഴി, കോപം മുതലായ വികാരങ്ങൾ നിയന്ത്രണ വിധേയമാക്കാൻ കഴിയുമ്പോൾ ആളുകളുടെ മാനസികാരോഗ്യം വൻ തോതിൽ വർധിപ്പിക്കാൻ സാധിക്കും. തെരുവിലെ താമസക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.